ഡാലസ്: ലോകകപ്പ് സെമിഫൈനല്‍ പോരാട്ടത്തില്‍ കരുത്തരായ ഫ്രാന്‍സിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് കീഴടക്കി സ്‌പെയിന്‍ ഫൈനലില്‍ പ്രവേശിച്ചു. 2010 ല്‍ കിരീടമണിഞ്ഞ ശേഷം ഇതാദ്യമായാണ് സ്പാനിഷ് പട ലോകകപ്പിന്റെ കലാശപ്പോരാട്ടത്തിന് യോഗ്യത നേടുന്നത്. പെനാല്‍റ്റിയിലൂടെ മികേല്‍ ഒയര്‍സബാലും രണ്ടാം പകുതിയില്‍ പെഡ്രോ പോറോയും നേടിയ ഗോളുകളാണ് സ്‌പെയിനിന് അവിസ്മരണീയമായ വിജയം സമ്മാനിച്ചത്.
മത്സരത്തിന്റെ തുടക്കത്തില്‍ ഫ്രഞ്ച് നിര സ്പാനിഷ് ബോക്‌സിലേക്ക് തുടര്‍ച്ചയായ ആക്രമണങ്ങള്‍ അഴിച്ചുവിട്ടെങ്കിലും ഒന്നും ഗോളാക്കി മാറ്റാന്‍ കഴിഞ്ഞില്ല. 15-ാം മിനിറ്റില്‍ സ്പാനിഷ് ക്യാപ്റ്റന്‍ റോഡ്രിയെ മിച്ചല്‍ ഒലിസെ ഫൗള്‍ ചെയ്തതിനെ തുടര്‍ന്ന് സ്‌പെയിനിന് അനുകൂലമായി ഫ്രീകിക്ക് ലഭിച്ചെങ്കിലും അത് ലക്ഷ്യത്തിലെത്തിയില്ല. എന്നാല്‍ 20-ാം മിനിറ്റില്‍ കളി മാറ്റിമറിച്ച നിമിഷമെത്തി.
മാര്‍ക് കുക്കുറെല്ലയുടെ മനോഹരമായ ക്രോസ് സ്വീകരിക്കാന്‍ ഓടിയെത്തിയ ലമീന്‍ യമാലിനെ ഫ്രഞ്ച് പ്രതിരോധ താരം ലുകാസ് ഡെഗ്‌നെ ഫൗള്‍ ചെയ്തതോടെ റഫറി പെനാല്‍റ്റി വിധിച്ചു. പന്തെടുത്ത മികേല്‍ ഒയര്‍സബാല്‍ പിഴവുകളില്ലാതെ പന്ത് വലയിലാക്കി സ്‌പെയിനിന് ആദ്യ ലീഡ് നല്‍കി. ഈ ലോകകപ്പില്‍ ഫ്രാന്‍സ് ആദ്യമായി പിന്നിലാകുന്ന കാഴ്ച്ചയായിരുന്നു അത്. ലീഡ് നേടിയതോടെ ആത്മവിശ്വാസത്തോടെ കളിച്ച സ്‌പെയിന്‍ ആക്രമണം കടുപ്പിച്ചു. ഇതിനിടെ പ്രതിരോധ താരം വില്യം സലിബ പരുക്കേറ്റ് മടങ്ങിയത് ഫ്രാന്‍സിന് തിരിച്ചടിയായി. ആദ്യ പകുതിയില്‍ തിരിച്ചടിക്കാന്‍ ഫ്രാന്‍സ് പരിശ്രമിച്ചെങ്കിലും സ്പാനിഷ് പ്രതിരോധം ഉറച്ചുനിന്നു. ആദ്യ പകുതി അവസാനിക്കുമ്പോള്‍ അഞ്ച് തവണ സ്‌പെയിന്‍ ഗോള്‍ ശ്രമങ്ങള്‍ നടത്തിയപ്പോള്‍ ഫ്രാന്‍സിന് രണ്ട് അവസരങ്ങള്‍ മാത്രമാണ് കണ്ടെത്താനായത്.
രണ്ടാം പകുതിയിലും സ്പാനിഷ് പോരാട്ട വീര്യത്തിന് കുറവുണ്ടായില്ല. 58-ാം മിനിറ്റില്‍ പെഡ്രോ പോറോയിലൂടെ സ്‌പെയിന്‍ ലീഡ് ഇരട്ടിയാക്കി. ഡാനി ഓല്‍മോയുമായി പന്ത് കൈമാറി മുന്നേറിയ പോറോ, ഫ്രഞ്ച് ഗോള്‍കീപ്പര്‍ മിക് മൈഗ്‌നാനെ കാഴ്ചക്കാരനാക്കി തൊടുത്ത മനോഹരമായ ഷോട്ട് വലയില്‍ പതിച്ചു. ഇതിനുപിന്നാലെ ലമീന്‍ യമാല്‍ വീണ്ടും വലകുലുക്കിയെങ്കിലും ലൈന്‍സ്മാന്‍ ഓഫ്‌സൈഡ് വിധിക്കുകയായിരുന്നു.
രണ്ട് ഗോളുകള്‍ വഴങ്ങിയതോടെ മാനസികമായി തളര്‍ന്ന ഫ്രാന്‍സിന് പിന്നീട് മത്സരത്തിലേക്ക് തിരികെ വരാന്‍ സാധിച്ചില്ല. കിലിയന്‍ എംബപെയുടെ ഉറച്ച ഒരു ഗോള്‍ ശ്രമം മാര്‍ക് കുക്കുറെല്ല തടഞ്ഞിട്ടതും അവര്‍ക്ക് തിരിച്ചടിയായി. അവസാന മിനിറ്റുകളില്‍ ഫ്രാന്‍സ് ചില മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും സ്പാനിഷ് പ്രതിരോധമതില്‍ ഭേദിക്കാന്‍ പടയ്ക്കായില്ല. ഇതോടെ തുടര്‍ച്ചയായ മൂന്നാം ലോകകപ്പ് ഫൈനല്‍ സ്വപ്നം കണ്ടിറങ്ങിയ ഫ്രഞ്ച് പട നിരാശയോടെ മടങ്ങി.
ആക്രമണത്തിലും പ്രതിരോധത്തിലും ഒരേപോലെ മികവ് പുലര്‍ത്തിയ സ്‌പെയിന്‍ അര്‍ഹിച്ച വിജയത്തോടെയാണ് ഇത്തവണ കലാശപ്പോരിലേക്ക് മാര്‍ച്ച് ചെയ്യുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
