തിരുവനന്തപുരം: സംസ്ഥാനത്ത് പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട മന്ത്രിസഭാ ഉപസമിതിയുടെ നിർണായക യോഗം ഇന്ന് നടക്കും. മന്ത്രിമാർ ജില്ലകളിലെ മഴക്കെടുതി അവലോകന യോഗങ്ങളിലായതിനാൽ വൈകുന്നേരം ഓൺലൈനായാണ് യോഗം ചേരുക.
പദ്ധതിയുമായി ബന്ധപ്പെട്ട ഇതുവരെയുള്ള പുരോഗതി യോഗത്തിൽ വിലയിരുത്തും. ഉപസമിതി റിപ്പോർട്ടിന്റെ കരട് രൂപവും ചർച്ചയ്ക്ക് പരിഗണിക്കും. പാഠ്യപദ്ധതി, പദ്ധതിയിൽ ഉൾപ്പെടുത്തേണ്ട സ്കൂളുകളുടെ തിരഞ്ഞെടുപ്പ്, നടപ്പാക്കൽ നടപടിക്രമങ്ങൾ എന്നിവ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ തീരുമാനമെടുക്കും. കേന്ദ്ര സർക്കാരുമായി തുടർ ആശയവിനിമയം നടത്തേണ്ട വിഷയങ്ങളിലും യോഗത്തിൽ ധാരണയാകുമെന്നാണ് വിവരം. ഇതിന് മുമ്പ് രണ്ടുതവണ ഉപസമിതി യോഗം ചേർന്നിരുന്നു.
പിഎം ശ്രീ പദ്ധതി സംബന്ധിച്ച അന്തിമ റിപ്പോർട്ട് ഉടൻ സർക്കാരിന് സമർപ്പിക്കുമെന്ന് സൂചനയുണ്ട്. വിദ്യാഭ്യാസമന്ത്രി എൻ. ഷംസുദ്ദീനാണ് ഉപസമിതിയുടെ അധ്യക്ഷൻ. മന്ത്രിമാരായ പി.സി. വിഷ്ണുനാഥ്, എം. ലിജു, റോജി എം. ജോൺ എന്നിവരാണ് മറ്റ് അംഗങ്ങൾ.
ഉപസമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും പദ്ധതിയുമായി ബന്ധപ്പെട്ട തുടർനടപടികൾ സ്വീകരിക്കുകയെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കേന്ദ്ര സർക്കാരുമായി ചില വിഷയങ്ങളിൽ സംസ്ഥാനത്തിന് അഭിപ്രായവ്യത്യാസമുണ്ടെന്നും, പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങളും റിപ്പോർട്ട് പരിശോധിച്ച ശേഷമേ തീരുമാനിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് യോഗത്തിൽ പിഎം ശ്രീ പദ്ധതി സംബന്ധിച്ച് പ്രത്യേക ചർച്ചയോ തർക്കമോ ഉണ്ടായിട്ടില്ലെന്നും അടൂർ പ്രകാശ് വ്യക്തമാക്കിയിരുന്നു. പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് താൻ പറഞ്ഞിട്ടില്ലെന്നും, ഉപസമിതി റിപ്പോർട്ട് ലഭിച്ച ശേഷമേ അന്തിമ നിലപാട് സ്വീകരിക്കൂവെന്നുമായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.
പ്രതിപക്ഷത്തിരിക്കുമ്പോൾ പിഎം ശ്രീ പദ്ധതിയെ ശക്തമായി എതിർത്തിരുന്ന യുഡിഎഫ്, മുൻ എൽഡിഎഫ് സർക്കാർ പദ്ധതിയുടെ ധാരണാപത്രത്തിൽ ഒപ്പുവെച്ച സാഹചര്യത്തിൽ അതിൽ നിന്ന് പിന്മാറുക പ്രായോഗികമല്ലെന്നാണ് ഇപ്പോൾ വിശദീകരിക്കുന്നത്. സംസ്ഥാനത്തിന് അർഹമായ കോടിക്കണക്കിന് രൂപയുടെ കേന്ദ്ര ധനസഹായം ഉറപ്പാക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും അടൂർ പ്രകാശ് ചൂണ്ടിക്കാട്ടിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
