ഇന്ത്യൻ സൂപ്പർ ലീഗിൽ നിന്ന് പിന്മാറി ജംഷെഡ്പൂർ എഫ്‌സി. 2026-27 സീസൺ മുതൽ ഐ.എസ്.എല്ലിന്റെ ഭാഗമാകാനില്ലെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ് ജംഷെഡ്പൂർ എഫ്‌സി. രാജ്യത്തെ മുൻനിര ഫുട്‌ബോൾ ലീഗിൽ ഒൻപത് വർഷം നീണ്ട പ്രയാണത്തിന് ശേഷമാണ് ക്ലബ്ബിന്റെ ഈ സുപ്രധാന തീരുമാനം.
സോഷ്യൽ മീഡിയയിലൂടെയാണ് പ്രഖ്യാപനം. ലീഗിന്റെ പുതിയ വാണിജ്യ ഘടനയുടെ ഭാഗമായി എ.ഐ.എഫ്.എഫ് നിശ്ചയിച്ച പങ്കാളിത്ത ഫീസ് അടയ്ക്കുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്നാണ് ക്ലബ്ബ് പിന്മാറുന്നത്. എന്നാൽ ഇന്ത്യൻ ഫുട്ബാളിന്റെ അടിസ്ഥാന സൗകര്യ വികസനത്തിലും ദേശീയഅന്തർദേശീയ തലം വരെ യുവ താരങ്ങൾക്ക് പരിശീലനം നൽകുന്നത് തുടരുമെന്നും ക്ലബ് പ്രസ്താവനയിൽ വ്യക്തമാക്കി.
'ഗ്രാസ് റൂട്ട് തലം മുതൽ ദേശീയഅന്തർദേശീയ തലം വരെ വളരാൻ യുവ കളിക്കാരെ സഹായിക്കുന്നതിനായി, ഇന്ത്യയിലുടനീളമുള്ള കഴിവുള്ള യുവ താരങ്ങളെ കണ്ടെത്തുകയും അവർക്ക് മികച്ച പരിശീലനം നൽകുകയും ചെയ്യും.' എന്ന് പ്രസ്താവനയിൽ പറയുന്നു.
പുതുക്കിയ വാണിജ്യ ചട്ടക്കൂടിന്റെ ഭാഗമായി 55 ലക്ഷം രൂപയുടെ ആദ്യ ഗഡു അടയ്ക്കാനുള്ള അവസാന തീയതിക്കുള്ളിൽ തുക നൽകാൻ ക്ലബ്ബിന് കഴിഞ്ഞിരുന്നില്ല.
ജൂലൈ 20നകം ഫീസ് അടയ്ക്കാനായിരുന്നു നിർദ്ദേശം. പിന്നീട് ജൂലൈ 31 വരെ സമയം നീട്ടി നൽകിയെങ്കിലും ജംഷഡ്പൂർ എഫ്‌സി പണമടയ്ക്കാൻ തയ്യാറായില്ല. തുടർന്ന്, '2026-27 സീസൺ മുതൽ ഐ.എസ്.എല്ലിൽ ജംഷഡ്പൂർ എഫ്‌സി പങ്കെടുക്കില്ലെന്ന് ഞങ്ങൾ സ്ഥിരീകരിക്കുന്നു' എന്ന് ക്ലബ്ബ് ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി. നിലവിൽ മറ്റ് ഐ.എസ്.എൽ ക്ലബ്ബുകളെല്ലാം അടുത്ത സീസണിനുള്ള ഒരുക്കത്തിലാണ്.
കഴിഞ്ഞ പത്ത് വർഷമായി വലിയ പിന്തുണ നൽകിയ ജംഷഡ്പൂർ എഫ്‌സി ആരാധകർക്ക് ഞങ്ങൾ നന്ദി അറിയിക്കുന്നു. 2017 മുതൽ ഈ യാത്ര വലിയ വിജയമാക്കാൻ സഹായിച്ച എല്ലാ കളിക്കാർക്കും പരിശീലകർക്കും ജീവനക്കാർക്കും നന്ദി. എ.ഐ.എഫ്.എഫിന്റെ പിന്തുണയ്ക്ക് നന്ദി പറയുന്നതിനൊപ്പം, എ.ഐ.എഫ്.എഫിനും ഐ.എസ്.എല്ലിനും എല്ലാ വിജയങ്ങളും ആശംസിക്കുന്നു.
2017ൽ ടാറ്റാ സ്റ്റീൽ ഐ.എസ്.എൽ എക്‌സ്പൻഷൻ സ്ലോട്ട് സ്വന്തമാക്കിയതിനെ തുടർന്നാണ് ജംഷഡ്പൂർ എഫ്‌സി സ്ഥാപിതമായത്. കോച്ച് ഓവൻ കോയിലിന്റെ കീഴിൽ 2021-22 സീസണിലെ ഐ.എസ്.എൽ ലീഗ് വിന്നേഴ്‌സ് ഷീൽഡ് സ്വന്തമാക്കിയത് ക്ലബ്ബിന്റെ എക്കാലത്തെയും വലിയ നേട്ടമാണ്. 2025-26 ഐഎസ്എൽ സീസണിൽ ആറാം സ്ഥാനത്താണ് ടീം ഫിനിഷ് ചെയ്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
