ദുലീപ് ട്രോഫിക്കുള്ള 15 അംഗ സൗത്ത് സോൺ ടീമിന്റെ ക്യാപ്ടനായി ഇന്ത്യയുടെ ടി20 വൈസ് ക്യാപ്ടൻ തിലക് വർമ്മയെ തെരഞ്ഞെടുത്തു. ആഗസ്റ്റ് 23 മുതൽ സെപ്തംബർ 10 വരെ ബംഗളൂരുവിലെ ബി.സി.സി.ഐ സെന്റർ ഓഫ് എക്‌സലൻസിലാണ് ടൂർണമെന്റ്. ആന്ധ്ര ബാറ്റർ റിക്കി ഭുയ് ആണ് ടീമിന്റെ വൈസ് ക്യാപ്ടൻ. ആന്ധ്രയിൽ നിന്നുള്ള പരിചയസമ്പന്നനായ ലെവൽ 2 കോച്ച് എം.എൻ. വിക്രം വർമയെ ടീമിന്റെ മുഖ്യ പരിശീലകനായി നിയമിച്ചു. സിംബാബ്വെയ്‌ക്കെതിരായ ടി20 പരമ്പര 3-0ത്തിന് സ്വന്തമാക്കിയ ഇന്ത്യൻ ടീമിൽ തിലക് വർമ അംഗമായിരുന്നു.
വെറ്ററൻ താരം കരുൺ നായർ, 2025/26 രഞ്ജി ട്രോഫിയിൽ 950 റൺസുമായി ടോപ് സ്‌കോററായ കർണാടകയുടെ ആർ. സ്മരൺ, ഹൈദരാബാദിന്റെ കെ. ഹിമതേജ തുടങ്ങിയ പ്രമുഖർ ടീമിലുണ്ട്. ശ്രീലങ്ക എ ടീമിനെതിരെയുള്ള പരമ്പര വിജയിച്ച ഇന്ത്യ എ ടീമിൽ അംഗമായിരുന്ന ഷെയ്ഖ് റഷീദ്, ഗോവയുടെ അഭിനവ് തേജ്രാന എന്നിവരും ടീമിൽ ഇടംനേടിയിട്ടുണ്ട്. ശ്രീലങ്കൻ പര്യടനത്തിലെ ഇന്ത്യ എ ടീമിലുണ്ടായിരുന്ന തമിഴ്‌നാടിന്റെ എൻ. ജഗദീശനാണ് വിക്കറ്റ് കീപ്പിംഗ് ചുമതല.
ഇടംകൈയ്യൻ സ്പിന്നർ തനയ് ത്യാഗരാജൻ, ലെഗ് സ്പിന്നർ ശ്രേയസ് ഗോപാൽ എന്നിവരാണ് സ്പിൻ ഡിപ്പാർട്ട്‌മെന്റിനെ നയിക്കുന്നത്. കെ സായ് തേജ, ത്രിപുരണ വിജയ്, വിദ്വത് കാവേരപ്പ, എം.ഡി. നിധീഷ് എന്നിവരാണ് പേസ് ബൗളിംഗ് നിരയിലുള്ളത്. കേരളാ ടീമിൽ നിന്ന് ടീമിലെത്തിയ ഒരേയൊരു താരമാണ് നീധീഷ്.
സൗത്ത് സോൺ സ്‌ക്വാഡ്: തിലക് വർമ (ക്യാപ്ടൻ), റിക്കി ഭുയ് (വൈസ് ക്യാപ്ടൻ), അഭിനവ് തേജ്രാന, ഷെയ്ഖ് റഷീദ്, കെ.എം. ഹിമതേജ, ആർ. സ്മരൺ, എൻ. ജഗദീശൻ (വിക്കറ്റ് കീപ്പർ), കരുൺ നായർ, തനയ് ത്യാഗരാജൻ, ശ്രേയസ് ഗോപാൽ, കെ. സായ് തേജ, ടി. വിജയ്, വിദ്വത് കാവേരപ്പ, എച്ച്. അമൻ ഖാൻ, എം.ഡി. നിധീഷ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
