ക്രിസ്‌റ്റിയാനോ റൊണാള്‍ഡോ തന്റെ രാജ്യാന്തര ഫുട്‌ബോളില്‍ നിന്നുള്ള വിരമിക്കല്‍ പ്രഖ്യാപിച്ചതിന് ശേഷം അദ്ദേഹത്തിന്റെ മുൻ ക്ലബ്ബായ റയല്‍ മാഡ്രിഡ് ഔദ്യോഗികമായി ഒരു വരിപോലും പ്രതികരിക്കാത്തത് ഫുട്ബോൾ ലോകത്ത് വലിയ ചർച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്. സ്‌പോര്‍ട്ടിംഗ്, മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, യുവെന്റസ് തുടങ്ങിയ മുന്‍ ക്ലബ്ബുകളും ഫിഫയും യുവേഫയും ഉൾപ്പെടെയുള്ള പ്രമുഖ സംഘടനകളും താരത്തിന് പരസ്യമായി ആശംസകളും ആദരവും അര്‍പ്പിച്ചപ്പോഴാണ് റയൽ മാഡ്രിഡിന്റെ ഈ മൗനം ആരാധകരെ അതിശയിപ്പിച്ചത്.
ക്ലബ്ബിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഗോള്‍വേട്ടക്കാരനായ റൊണാള്‍ഡോ, റയൽ മാഡ്രിഡിനായി 438 മത്സരങ്ങളില്‍ നിന്ന് 450 ഗോളുകളാണ് അടിച്ചുകൂട്ടിയത്. എന്നിട്ടും ക്ലബ്ബ് ഇത്തരമൊരു നിലപാട് സ്വീകരിക്കാൻ പ്രധാനമായും കാരണം റയൽ മാഡ്രിഡ് കാലങ്ങളായി പുലർത്തിപ്പോരുന്ന കർശനമായ ചില നയങ്ങളാണ്. ഒരു കളിക്കാരനും ക്ലബ്ബിനേക്കാള്‍ വലുതല്ല എന്ന നിലപാടാണ് റയല്‍മാഡ്രിഡ് എക്കാലവും മുറുകെപ്പിടിക്കുന്നത്. ഇതിനുമുമ്പും റൗള്‍ ഗോണ്‍സാലസ്, ഐകര്‍ കസിയസ് എന്നീ ഇതിഹാസ താരങ്ങള്‍ക്ക് വേണ്ട വിധത്തിലുള്ള യാത്രയപ്പ് നല്‍കാന്‍ ക്ലബ്ബ് തയ്യാറാകാതിരുന്നത് വലിയ വിമർക്ഷണങ്ങൾക്ക് കാരണമായിരുന്നു.
എത്ര വലിയ ഇതിഹാസ താരങ്ങളായാലും അവരുടെ കരിയറിന്റെ അവസാന ഘട്ടത്തിൽ വൈകാരികമായ യാത്രയയപ്പുകൾ നൽകുന്നതിനേക്കാൾ ക്ലബ്ബിന്റെ വാണിജ്യ താൽപ്പര്യങ്ങൾക്കും പുതിയ ബിസിനസ്സ് പ്ലാനുകൾക്കുമാണ് റയൽ മാഡ്രിഡ് മുൻഗണന നൽകാറുള്ളത്. വിടപറയുന്നവർക്ക് പകരം പുതിയ താരങ്ങളെ കണ്ടെത്തി ആഘോഷമായി അവതരിപ്പിക്കുന്നതിലൂടെയാണ് അവർ ആരാധകരെയും തങ്ങളുടെ ആഗോള സാമ്രാജ്യത്തെയും നിലനിർത്തുന്നത്. റൊണാൾഡോയുടെ കാര്യത്തിലും ഈ നയം തന്നെയാണ് പിന്തുടർന്നത്.
കൂടാതെ, ക്ലബ്ബ് പ്രസിഡന്റ് ഫ്ലോറന്റീനോ പെരസുമായുള്ള മുൻകാല അഭിപ്രായ ഭിന്നതകളും റൊണാൾഡോയെയും റയലിനെയും അകറ്റിയിട്ടുണ്ട്. 2017-18 കാലയളവിൽ മറ്റ് പ്രമുഖ താരങ്ങൾക്ക് ലഭിച്ചിരുന്നതിന് തുല്യമായ വേതന വർദ്ധനവോടുകൂടിയ പുതിയ കരാർ റൊണാൾഡോ ആവശ്യപ്പെട്ടെങ്കിലും ക്ലബ്ബ് അത് അംഗീകരിച്ചിരുന്നില്ല.
സ്പെെയ്‌നിലെ നികുതിവെട്ടിപ്പ് കേസുകളിൽ താരം നിയമനടപടികൾ നേരിട്ടപ്പോൾ ബാഴ്സലോണ ലയണൽ മെസിക്ക് നൽകിയതുപോലെയുള്ള പരസ്യ പിന്തുണ റയൽ മാഡ്രിഡ് തനിക്ക് നൽകിയില്ലെന്ന പരിഭവവും റൊണാൾഡോയ്ക്കുണ്ടായിരുന്നു. ക്ലബ്ബ് വിട്ടതിന് ശേഷം റയലിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകൾ താരത്തെ അൺഫോളോ ചെയ്തതും, ക്ലബ്ബ് ഡോക്യുമെന്ററികളിൽ അദ്ദേഹത്തിന്റെ ദൃശ്യങ്ങൾക്ക് അർഹമായ പ്രാധാന്യം നൽകാത്തതും ഈ അകൽച്ചയുടെ തുടർച്ചയാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
