യുവേഫ ചാമ്പ്യൻസ് ലീഗിൽ രണ്ടാം മൽസരത്തിലും ജയം തുടർന്ന് റയൽ മാഡ്രിഡ്. കസാഖിസ്ഥാൻ ക്ലബ് കൈറാറ്റിനെ എതിരില്ലാത്ത അഞ്ചുഗോളുകൾക്ക് തകർത്താണ് റയലിന്റെ ജയം. എംബാപ്പെയുടെ ഹാട്രിക്കാണ് റയലിന് വമ്പൻ ജയം സമ്മാനിച്ചത്. സീസണിൽ 15 -ാമത്തെ ഗോൾ നേടിയ ഫ്രഞ്ച് താരം ചാംപ്യൻസ് ലീഗിൽ 60 ഗോളുകളെന്ന നേട്ടത്തിലെത്തി. ചാംപ്യൻസ് ലീഗിൽ കിലിയൻ എംബാപ്പെയുടെ നാലാം ഹാട്രിക്കാണിത്.
സ്വന്തം മൈതാനത്ത് റയലിനെ നേരിട്ട ചാംപ്യൻസ് ലീഗിലെ പുതുമുഖങ്ങളായ കൈറാറ്റിന് അധിക സമയം പിടിച്ചു നിൽക്കാനായില്ല. 25 -ാമത്തെ മിനിറ്റിൽ ഫ്രാൻകോയെ എതിർ ഗോൾ കീപ്പർ വീഴ്ത്തിയതിനു ലഭിച്ച പെനാൽട്ടി ഗോളാക്കിയാണ് എംബാപ്പെ ഗോൾവേട്ടക്ക് തുടക്കം കുറിച്ചത്. ആദ്യ പകുതിയിൽ റയൽ ഒരുഗോളേ നേടിയതൊള്ളൂ.
രണ്ടാം പകുതിയിൽ 52-ാമത്തെ മിനിറ്റിൽ കോർട്ടോയുടെ പാസിൽ നിന്നു എംബാപ്പെ തന്റെ രണ്ടാം ഗോൾ കണ്ടെത്തി. 73-ാമത്തെ മിനിറ്റിൽ ആർദ ഗൂലറുടെ പാസിൽ നിന്നു നേടിയ ഗോളിലൂടെ എംബാപ്പെ ഹാട്രിക്ക് പൂർത്തിയാക്കി. 83-ാമത്തെ മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ റോഡ്രിഗോയുടെ പാസിൽ നിന്നു മറ്റൊരു പകരക്കാരൻ കാമവിങ റയലിന്റെ നാലാം ഗോൾ നേടി. 93-ാമത്തെ മിനിറ്റിൽ വീണ്ടും പകരക്കാർ ഒരുമിച്ചപ്പോൾ ഗാർഷ്യയുടെ പാസിൽ നിന്നു ബ്രാഹിം ഡിയാസ് റയലിന്റെ ജയം പൂർത്തിയാക്കി.
ചാംപ്യൻസ് ലീഗിലെ മറ്റൊരു മൽസരത്തിൽ ഇന്റർ മിലാൻ സ്ലാവിയ പ്രാഹയെ എതിരില്ലാത്ത മൂന്നുഗോളുകൾക്ക് തോൽപ്പിച്ചു. ലൗറ്റാറോ മാർട്ടിനെസിന്റെ ഇരട്ടഗോളും ഡുംഫ്രീസിന്റെ ഒരുഗോളുമാണ് ഇന്ററിനു ജയം സമ്മാനിച്ചത്.
മറ്റൊരു മൽസരത്തിൽ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ ബെൻഫിക്കൻ താരത്തിന്റെ സെൽഫ്‌ഗോളിൽ ചെൽസി ചാംപ്യൻസ് ലീഗ് സീസണിലെ ആദ്യജയം സ്വന്തമാക്കി.
സൈപ്രസ് ക്ലബ്ബായ പഫോസിനെ ഒന്നിനെതിരേ അഞ്ചുഗോളുകൾക്ക് തകർത്ത് ബയേൺ ചാംപ്യൻസ് ലീഗ് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചു. ഇംഗ്ലീഷ് താരം ഹാരി കെയിൻ ഇരട്ടഗോൾ നേടിയപ്പോൾ ശേഷിക്കുന്ന ഗോളുകൾ ഗെരേറോയും നിക്കോളാസ് ജാക്‌സണും മൈക്കിൾ ഒലീസെയും കണ്ടെത്തി. അത്‌ലെറ്റിക്കോ മാഡ്രിഡ് ജർമൻ ടീമായ ഫ്രാങ്ക്‌ഫെർട്ടിനെ ഒന്നിനെതിരേ അഞ്ചുഗോളുകൾക്ക് തോൽപ്പിച്ച് ചാംപ്യൻസ് ലീഗ് സീസണിലെ ആദ്യ ജയം സ്വന്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്