വനിതാ പ്രീമിയർ ലീഗിൽ കരുത്തരായ മുംബൈ ഇന്ത്യൻസിനെതിരെ ആദ്യജയം കുറിച്ച് യു.പി വാരിയേഴ്‌സ്. ആദ്യം ബാറ്റ് ചെയ്ത മുംബൈ ഉയർത്തിയ 162 റൺസ് വിജയലക്ഷ്യം 11 പന്തുകളും ഏഴ് വിക്കറ്റും ബാക്കി നിർത്തിയാണ് യു.പി വാരിയേഴ്‌സ് മറികടന്നത്. 39 പന്തിൽ 64 റൺസുമായി പുറത്താകാതെ നിന്ന ഹർലീൻ ഡിയോളാണ് യുപിയുടെ വിജയം അനായാസമാക്കിയത്. 12 ബൗണ്ടറികൾ ഉൾപ്പെടുന്നതായിരുന്നു ഹർലീന്റെ ഇന്നിംഗ്‌സ്.
ഡൽഹി ക്യാപിറ്റൽസിനെതിരായ മുൻ മത്സരത്തിൽ 47 റൺസെടുത്തു നിൽക്കെ ഹർലീനെ യുപി വാരിയേഴ്‌സ് പരിശീലകൻ അഭിഷേക് നായർ തിരിച്ചുവിളിച്ചിരുന്നു. അവസാന ഓവറുകളിൽ തകർത്തടിക്കാനായി കോളെ ട്രയോണിനെ ക്രീസിലേക്ക് അയക്കാനായായിരുന്നു അഭിഷേക് നായർ അർധസെഞ്ചുറി പോലും പൂർത്തിയാക്കാൻ അനുവദിക്കാതെ ഹർലീനോട് റിട്ടയേർഡ് ഔട്ടാവാൻ ആവശ്യപ്പെട്ടത്.
എന്നാൽ ഇന്നലെ അതേ ഹർലീൻ തന്നെ തകർത്തടിച്ച് ടീമിന്റെ വിജയശിൽപിയായി. 11 പന്തിൽ 27 റൺസുമായി കോളെ ട്രയോണും ഹർലീനൊപ്പം പുറത്താകാതെ നിന്നു. ക്യാപ്ടൻ മെഗ് ലാനിംഗ് 26 പന്തിൽ 25 റൺസെടുത്തപ്പോൾ ഫോബെ ലിച്ചിഫീൽഡ് 22 പന്തിൽ 25 റൺസെടുത്തു
നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസ് നാറ്റ് സ്‌കൈവർ ബ്രണ്ടിന്റെയും നിക്കോള ക്യാരിയുടെയും അമൻജ്യോക് കൗറിന്റെയും ഇന്നിംഗ്‌സുകളുടെ കരുത്തിലാണ് ഭേദപ്പെട്ട സ്‌കോർ ഉയർത്തിയത്.
43 പന്തിൽ 65 റൺസെടുത്ത നാറ്റ് സ്‌കൈവർ ബ്രണ്ടാണ് മുംബൈയുടെ ടോപ് സ്‌കോറർ. അമൻജ്യോത് കൗർ 33 പന്തിൽ 38 റൺസടിച്ചപ്പോൾ നിക്കോളാ ക്യാരി 20 പന്തിൽ 32 റൺസെടുത്തു. ക്യാപ്ടൻ ഹർമൻപ്രീത് കൗർ 11 പന്തിൽ 16 റൺസെടുത്ത് മടങ്ങിയപ്പോൾ മലയാളി താരം സജന സജീവൻ രണ്ട് പന്തിൽ ഒരു റണ്ണെടുത്ത് റണ്ണൗട്ടായി മടങ്ങി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
