അണ്ടർ 19 ലോകകപ്പിൽ അമേരിക്കയ്‌ക്കെതിരായ മൽസരത്തിൽ ഇന്ത്യക്ക് ആറ് വിക്കറ്റ് ജയം. അമേരിക്ക 35.2 ഓവറിൽ 107 റൺസിന് എല്ലാവരും പുറത്തായിരുന്നു. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഹെനിൽ പട്ടേലാണ് അമേരിക്കയെ തകർത്തത്.
എന്നാൽ ആദ്യ ഇന്നിംഗ്‌സിന് ശേഷം മഴയെത്തി. മഴയെ തുടർന്ന് മൽസരം ഏറെ സമയം തടസപ്പെട്ടതോടെ വിജയലക്ഷ്യം 37 ഓവറിൽ 96 ആയി പുതുക്കി നിശ്ചയിച്ചു. ഇന്ത്യയാവട്ടെ 17.2 ഓവറിൽ നാല് വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. 41 പന്തിൽ 42 റൺസുമായി പുറത്താവാതെ നിന്ന അഭിഗ്യാൻ കുണ്ടുവാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്.
തുടക്കത്തിൽ വൈഭവ് സൂര്യവൻഷിയുടെ (2) വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായിരുന്നു. റിത്വിക് അപ്പിടിയുടെ പന്തിൽ ബൗൾഡാവുകയായിരുന്നു കൗമാരതാരം. പിന്നാലെ മഴ മൽസരം തടസപ്പെടുത്തി. മഴയ്ക്ക് ശേഷ വേദാന്ത് ത്രിവേദിയുടെ (2) വിക്കറ്റും ഇന്ത്യക്ക് നഷ്ടമായി. റിത്വിക്കിന് തന്നെയായിരുന്നു വിക്കറ്റ്.
ശേഷം ക്യാപ്ടൻ ആയുഷ് മാത്രെയെ (19) റിഷഭ് ഷിംപിയും മടക്കി. ഇതോടെ മൂന്നിന് 25 എന്ന നിലയിലേക്ക് ഇന്ത്യ വീണെങ്കിലും കുണ്ടുവിന്റെ ഇന്നിംഗ്‌സ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. 41 പന്തുകൾ നേരിട്ട താരം ഒരു സിക്‌സും അഞ്ച് ഫോറും നേടി. കൗഷിക് ചൗഹാൻ (10) പുറത്താവാതെ നിന്നു. ഇതിനിടെ വിഹാൻ മൽഹോത്രയുടെ (18) വിക്കറ്റും ഇന്ത്യക്ക് നഷ്ടമായിരുന്നു.
നേരത്തെ, ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത അമേരിക്ക 35.2 ഓവറിൽ 107 റൺസിന് ഓൾ ഔട്ടായി. 52 പന്തിൽ 36 റൺസെടുത്ത നിതീഷ് സുധിനി ആണ് അമേരിക്കയുടെ ടോപ് സ്‌കോറർ. ഓപ്പണർ സാഹിൽ ഗാർഗ്(16), അർജ്ജുൻ മഹേഷ്(16), അദ്‌നിത് ജാംബ്(18) എന്നിവർ മാത്രമാണ് അമേരിക്കൻ ടീമിൽ രണ്ടക്കം കടന്നത്.
ഇന്ത്യക്കായി ഹെനിൽ പട്ടേൽ 16 റൺസ് വഴങ്ങി അഞ്ച് വിക്കറ്റെടുത്തു. രണ്ടാം ഓവറിൽ തന്നെ തിരിച്ചടിയേറ്റു. ഏഴ് പന്തിൽ ഒരു റണ്ണെടുത്ത അമ്രീന്ദർ ഗില്ലിനെ വിഹാൻ മൽഹോത്രയുടെ കൈകളിലെത്തിച്ച് ഹെനിൽ പട്ടേലാണ് വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടത്.
സാഹിൽ ഗാർഗും അർജ്ജുൻ മഹേഷും ചേർന്ന് പിടിച്ചു നിൽക്കാൻ ശ്രമിച്ചെങ്കിലും സാഹിൽ ഗാർഗിനെ(16) മടക്കി ദീപേഷ് ദേവേന്ദ്രൻ തിരിച്ചടിച്ചു. പിന്നാലെ ഉത്കർഷ് ശ്രീവാസ്തവയെ(0)യും അർജ്ജുൻ മഹേഷിനെയും(16) മടക്കി ഹെനിൽ പട്ടേൽ അമേരിക്കയെ 395ലേക്ക് തള്ളിയിട്ടു.
നിതീഷ് സുധിനിയുടെ ഒറ്റയാൾ പോരാട്ടം അമേരിക്കയെ 50 കടത്തിയെങ്കിലും കൂടെ പിടിച്ചു നിൽക്കാൻ ആരുമുണ്ടായില്ല. ഗ്രൂപ്പിൽ ന്യൂസിലൻഡ്, ബംഗ്ലാദേശ് എന്നിവരാണ് ഇന്ത്യയുടെ മറ്റു എതിരാളികൾ. മലയാളി താരങ്ങളായ ആരോൺ ജോർജ്, മുഹമ്മദ് ഇനാൻ എന്നിവർ ഇന്ത്യൻ സ്‌ക്വാഡിനൊപ്പം ഉണ്ടെങ്കിലും പ്ലേയിംഗ് ഇലവനനിൽ ഉൾപ്പെടുത്തിയിരുന്നില്ല
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
