ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബംഗ്ലൂരുവിനെ അടുത്ത സീസണിൽ രജത് പട്ടീദാർ നയിക്കും. ക്യാപ്ടനാവുമെന്ന് കരുതിയ വിരാട് കോഹ്ലി വീണ്ടും നായകനാവാൻ താൽപര്യമില്ലെന്ന് അറിയിച്ചതോടെയാണ് പുതിയ സീസണിൽ പുതിയ നായകനെ നിയമിക്കാൻ ആർസിബി നിർബന്ധിതരായത്.
സീനിയർ താരം ക്രുനാൽ പാണ്ഡ്യയെയും ആർസിബി നായക സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നെങ്കിലും ഒടുവിൽ രജത് പട്ടീദാറിനെ തെരഞ്ഞെടുക്കുതയായിരുന്നു. ആഭ്യന്തര ക്രിക്കറ്റിൽ മധ്യപ്രദേശിന്റെ ക്യാപ്ടനാണെങ്കിലും രജത് പട്ടീദാർ ആദ്യമായാണ് ഐപിഎൽ ടീമിന്റെ നായകനാകുന്നത്. കഴിഞ്ഞ വർഷത്തെ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ മധ്യപ്രദേശിനെ ഫൈനലിലെത്തിച്ച മികവും ആർസിബി നായകസ്ഥാനത്തെത്തുന്നതിൽ രജത് പട്ടീദാറിന് അനുകൂലമായി.
ഐപിഎൽ മെഗാ താരലേലത്തിന് മുമ്പ് 11 കോടി മുടക്കിയാണ് ആർസിബി രജത് പട്ടീദാറിനെ ടീമിൽ നിലനിർത്തിയത്. സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കിടെ ആർസിബി ക്യാപ്ടനാവുമോ എന്ന ചോദ്യത്തിന് ഉത്തരവാദിത്തം ഏൽപ്പിച്ചാൽ സന്തോഷത്തോടെ ഏറ്റെടുക്കുമെന്ന് രജത് പട്ടീദാർ പ്രതികരിച്ചിരുന്നു.
കഴിഞ്ഞ സീസണിൽ വരെ ടീമിനെ നയിച്ച ഫാഫ് ഡൂപ്ലെസിയെ ഇത്തവണ മെഗാ താരലേലത്തിന് മുമ്പ് ആർസിബി ഒഴിവാക്കിയിരുന്നു. ശ്രേയസ് അയ്യർ, കെ.എൽ. രാഹുൽ, റിഷഭ് പന്ത് എന്നിവരിലൊരാളെ ഐപിഎൽ മെഗാ താരലേലത്തിൽ സ്വന്തമാക്കി ക്യാപ്ടനാക്കാമെന്ന ആർസിബിയുടെ പദ്ധതികളും നടപ്പായിരുന്നില്ല. ശ്രേയസിനെ പഞ്ചാബും റിഷഭ് പന്തിനെ ലഖ്‌നൗവും രാഹുലിനെ ഡൽഹിയുമാണ് ലേലത്തിൽ സ്വന്തമാക്കിയത്.
രാഹുൽ ദ്രാവിഡ് (2008, 14 മത്സരങ്ങൾ), കെവിൻ പീറ്റേഴ്‌സൺ (2009, 6 മത്സരങ്ങൾ), അനിൽ കുംബ്ലെ (2009-10, 35 മത്സരങ്ങൾ), ഡാനിയൽ വെട്ടോറി (2011-12, 28 മത്സരങ്ങൾ), ഷെയ്ൻ വാട്‌സൺ (2017, 3 മത്സരങ്ങൾ) വിരാട് കോഹ്ലി (2011-2023,143 മത്സരങ്ങൾ) എന്നിവരുടെ പിൻഗാമിയായാണ് 31കാരനായ രജത് പട്ടീദാർ ആർസിബി നായകസ്ഥാനത്തെത്തുന്നത്.
2021ൽ ആർസിബിയിലെത്തിയ രജത് പട്ടീദാറിന് നാലു മത്സരങ്ങളിൽ മാത്രമാണ് കളിക്കാനായത്. പിന്നീട് ടീമിൽ നിന്നൊഴിവാക്കിയ രജത് പട്ടീദാറിനെ 2022ൽ പരിക്കേറ്റ താരത്തിന് പകരക്കാരനായി വീണ്ടും ആർസിബി ടീമിലെടുത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്