ആവേശകരമായ മത്സരത്തിൽ ടോട്ടൻഹാമിനെതിരെ പെനാൽട്ടി ഷൂട്ടൗട്ടിൽ യുവേഫ സൂപ്പർ കപ്പ് കിരീടം നേടി പിഎസ്ജി. നിശ്ചിത സമയത്ത് ഇരുടീമുകളും 2 ഗോൾ വീതം നേടി. രണ്ട് ഗോളിന് മുന്നിൽ നിന്ന ശേഷമാണ് പി.എസ്.ജിയുടെ മുന്നേറ്റം.
മത്സരത്തിന്റെ 85-ാം മിനിറ്റ് വരെ ടോട്ടനം മുന്നിലായിരുന്നു. മിക്കി വാൻ ഡി വെൻ, ക്രിസ്റ്റിയൻ റൊമേറോ എന്നിവരാണ് ടോട്ടൻഹാമിന് വേണ്ടി ഗോൾ നേടിയത്. അതിനുശേഷം ആവേശകരമായ മത്സരത്തിൽ പി.എസ്.ജിയുടെ ശക്തമായ തിരിച്ചുവരവ്. ലീ കാംഗ്, ഗോൺകാലോ റാമോസ് എന്നിവരാണ് പി.എസ്.ജിക്ക് വേണ്ടി ഗോളുകൾ മടക്കിയത്.
പിന്നാലെ മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങി. വാൻ ഡി വെൻ, മതീസ് ടെൽ എന്നിവർ പെനാൽട്ടി നഷ്ടമാക്കിയതാണ് ടോട്ടനത്തിന് തിരിച്ചടിയായത്. വിറ്റിന്യയുടെ പെനാൾട്ടി നഷ്ടമായെങ്കിലും പി.എസ്.ജി 4-3ന് ഷൂട്ടൗട്ടിൽ ജയിക്കുകയായിരുന്നു.
മത്സരം തുടങ്ങി 39-ാം മിനിറ്റിലാണ് ടോട്ടൻഹാം ലീഡെടുക്കുന്നത്. പി.എസ്.ജി പോസ്റ്റിലുണ്ടായ കൂട്ടപൊരിച്ചിലിൽ വാൻ ഡി വെൻ ഗോൾ നേടുകയായിരുന്നു. ആദ്യ പകുതി 1-0ത്തിന് അവസാനിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ടോട്ടൻഹാം ക്യാപ്ടൻ റൊമേറോയുടെ ഹെഡ്ഡറിലൂടെ വീണ്ടും ഒരു ഗോൾ കൂടി നേടി സ്‌കോർ 2-0ലെത്തി.
എന്നാൽ മത്സരം തീരാൻ അഞ്ച് മിനിറ്റ് മാത്രമുള്ളപ്പോൾ 85-ാം മിനിറ്റിൽ പി.എസ്.ജിയുടെ കാംഗിന്റെ ഗോൾ (2-1). തൊട്ടുപിന്നാലെ റാമോസിന്റെ ഗോളിൽ പി.എസ്.ജി. സമനില ഗോൾ നേടി.
തുടർന്ന് പെനാൽട്ടി ഷൂട്ടൗട്ടിൽ ആദ്യ കിക്കെടുത്ത പി.എസ്.ജി താരം വിറ്റിന്യക്ക് പിഴച്ചെങ്കിലും ടോട്ടനം താരങ്ങളുടെ തെറ്റ് മുതലെടുത്ത് പി.എസ്.ജി കിരീടം നേടി.
പി.എസ്.ജിക്കായി റാമോസ്, ഉസ്മാൻ ഡെംബെലെ, ലീ എന്നിവർ ലക്ഷ്യം കണ്ടപ്പോൾ, നുനോ മെൻഡസ് വിജയഗോൾ നേടി. സ്പർസിനുവേണ്ടി ഡൊമിനിക് സോളാങ്കെ, റോഡ്രിഗോ ബെന്റൻകൂർ, പെഡ്രോ പോറോ എന്നിവർ ഗോളുകൾ നേടി.
2025ൽ പി.എസ്.ജിയുടെ അഞ്ചാമത്തെ കിരീടമാണിത്. ലൂയിസ് എന്റിക്വയുടെ ടീമിന് ഇത് മികച്ച തുടക്കമാണ്. ഞായറാഴ്ച നാന്റസിനെതിരെ എവേ മത്സരത്തിൽ പി.എസ്.ജി ലീഗ് 1 സീസൺ ആരംഭിക്കും. ശനിയാഴ്ച ബേൺലിയെ നേരിട്ടാണ് സ്പർസ് പ്രീമിയർ ലീഗിൽ തങ്ങളുടെ സീസൺ ആരംഭിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്