ലണ്ടന്‍: ബര്‍മിംഗ്ഹാമിലെ എഡ്ജ്ബാസ്റ്റണില്‍ ഇംഗ്ലീഷ് ടീമിനെതിരെ 336 റണ്‍സിന്റെ അവിസ്മരണീയമായ വിജയം നേടിയെങ്കിലും, ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിലെ പ്ലേയിംഗ് ഇലവനില്‍ ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് ഒന്നിലധികം മാറ്റങ്ങള്‍ വരുത്തിയേക്കുമെന്ന് സൂചന. ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ മൂന്നാം ടെസ്റ്റ് ജൂലൈ 10 മുതല്‍ 14 വരെ ലോര്‍ഡ്‌സിലാണ് നടക്കുക.
ലോക ഒന്നാം നമ്പര്‍ ടെസ്റ്റ് ബൗളര്‍ ജസ്പ്രീത് ബുംറ വിശ്രമത്തിന് ശേഷം ടീമിലേക്ക് മടങ്ങുമെന്ന് ഉറപ്പായിട്ടുണ്ട്. ഞായറാഴ്ച നടന്ന മത്സരത്തിന് ശേഷമുള്ള പ്രസന്റേഷന്‍ ചടങ്ങിനിടെ ഇന്ത്യന്‍ ടെസ്റ്റ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ ബുമ്രയുടെ മടങ്ങിവരവിനെക്കുറിച്ചുള്ള വാര്‍ത്ത സ്ഥിരീകരിച്ചു.
ബുമ്രയുടെ അഭാവത്തില്‍ ബര്‍മിഗ്ഹാമില്‍ കളിച്ച ആകാശ് ദീപ് മൊത്തം 10 വിക്കറ്റുകള്‍ വീഴ്ത്തി ഫോമിലാണെന്ന് തെളിയിച്ചിട്ടുണ്ട്. ശേഷിക്കുന്ന മൂന്ന് മത്സരങ്ങളിലും ആകാശ്ദീപ് ഏറെക്കുറെ ടീമില്‍ സ്ഥാനം ഉറപ്പിച്ചു.
പ്രസിദ്ധ് കൃഷ്ണയ്ക്ക് പകരം ബുമ്ര പ്ലേയിംഗ് ഇലവനില്‍ ഇടംപിടിക്കാനാണ് സാധ്യത. ആദ്യ ടെസ്റ്റിലും രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സിലും കൃഷ്ണയുടെ ഓവറുകളിലെ റണ്ണൊഴുക്ക് ഇന്ത്യക്ക് തലവേദനയായിരുന്നു. കൃഷ്ണയെ കൂടാതെ, ഓള്‍റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡി, കരുണ്‍ നായര്‍ എന്നിവരും ലോര്‍ഡ്‌സില്‍ കളിക്കാനുള്ള പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്തായേക്കും.
മൂന്നാം ടെസ്റ്റില്‍ നിതീഷിന് പകരം കുല്‍ദീപ് യാദവോ അര്‍ഷ്ദീപ് സിങ്ങോ എത്തിയേക്കും. ബര്‍മിംഗ്ഹാം ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ ശുഭ്മാന്‍ ഗില്‍ നിതീഷിനെ ബൗളറായി ഉപയോഗിച്ചിരുന്നില്ല. ബാറ്റിംഗിലാവട്ടെ രണ്ട് ഇന്നിംഗ്‌സിലും 1 റണ്‍സ് വീതമേ അദ്ദേഹത്തിന് നേടാനായുള്ളൂ.
റെഡ്ഡിക്ക് പകരം കുല്‍ദീപിനെയോ അര്‍ഷ്ദീപിനെയോ ഉള്‍പ്പെടുത്തുന്നത് ഇന്ത്യയുടെ ബൗളിംഗ് യൂണിറ്റിന് കൂടുതല്‍ കരുത്ത് പകരും. രവീന്ദ്ര ജഡേജയും വാഷിംഗ്ടണ്‍ സുന്ദറും രണ്ടാം ടെസ്റ്റില്‍ നന്നായി ബാറ്റ് ചെയ്തതോടെ മൂന്ന് ഓള്‍റൗണ്ടര്‍മാരെന്ന കോമ്പിനേഷന്‍ മാറ്റി പകരം ഒരു സ്‌പെഷ്യലിസ്റ്റ് ബൗളറെ കൂടി കളിപ്പിക്കാനാണ് സാധ്യത. ഇടം കൈയന്‍ പേസറായ അര്‍ഷ്ദീപ് സിംഗിന്റെ അരങ്ങേറ്റത്തിനാണ് കൂടുതല്‍ സാധ്യത.
ആദ്യ രണ്ട് ടെസ്റ്റുകളിലും നിറം മങ്ങിയ കരുണ്‍ നായരെ പുറത്തിരുത്തുമോ എന്നത് ചോദ്യചിഹ്നമാണ്. ആദ്യ ടെസ്റ്റില്‍ 0, 20 രണ്ടാം ടെസ്റ്റില്‍ 31, 26 എന്നിങ്ങനെയാണ് കരുണിന്റെ സ്‌കോറുകള്‍. സായ് സുദര്‍ശനാണ് കരുണിന്റെ സ്ഥാനത്തിന് വെല്ലുവിളി ഉയര്‍ത്തുന്നത്.
സാധ്യതാ ടീം ഇങ്ങനെ: യശസ്വി ജയ്‌സ്വാള്‍, കെഎല്‍ രാഹുല്‍, കരുണ്‍ നായര്‍/സായി സുദര്‍ശന്‍, ശുഭ്മാന്‍ ഗില്‍ (സി), ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ, വാഷിംഗ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്/അര്‍ഷ്ദീപ് സിംഗ്, ആകാശ് ദീപ്, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്