ഏഷ്യാ കപ്പിലെ ട്രോഫി വിവാദങ്ങൾക്കിടെ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ അധ്യക്ഷൻ മൊഹ്‌സിൻ നഖ്‌വിക്ക് പാകിസ്ഥാന്റെ ആദരം. ഇന്ത്യക്കെതിരെ തത്വാധിഷ്ഠിതവും ധീരവുമായ നിലപാട് സ്വീകരിച്ച നഖ്‌വിക്ക് ഷഹീദ് സുൽഫിക്കർ അലി ഭൂട്ടോ എക്‌സലൻസ് ഗോൾഡ് മെഡൽ സമ്മാനിക്കാനാണ് തീരുമാനം. പിസിബി ചെയർമാനും ആഭ്യന്തര മന്ത്രിയുമായ നഖ്‌വിയുടെ നിലപാടുകൾ ക്രിക്കറ്റ് ഗ്രൗണ്ടിലും പുറത്തും രാജ്യത്തിന്റെ അഭിമാനം ഉയർത്തിയെന്നാണ് പാകിസ്ഥാൻ വിലയിരുത്തുന്നത്.
സിന്ധ് ആൻഡ് കറാച്ചി ബാസ്‌കറ്റ് ബോൾ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. ഗുലാം അബ്ബാസ് ജമാലാണ് നഖ്‌വിക്ക് സുൽഫിക്കർ അലി ഭൂട്ടോ എക്‌സലൻസ് ഗോൾഡ് മെഡൽ സമ്മാനിക്കണണെന്ന് ശുപാർശ ചെയ്തത്. കറാച്ചിയിൽ നടക്കുന്ന ചടങ്ങിൽ പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി നേതാവ് ബിലാവൽ ഭൂട്ടോ സൽദാരി മുഖ്യാധ്യക്ഷനാകുന്ന ചടങ്ങിലായിരിക്കും സ്വർണമെഡൽ സമ്മാനിക്കുകയെന്നാണ് റിപ്പോർട്ട്. ഏഷ്യാ കപ്പിൽ പാകിസ്ഥാനെ തകർത്ത് ജേതാക്കളായ ഇന്ത്യ നഖ്‌വിയിൽ നിന്ന് ട്രോഫി ഏറ്റുവാങ്ങാൻ വിസമ്മതിച്ചിരുന്നു.
ഇതോടെ ട്രോഫിയും മെഡലുകളുമായി നഖ്‌വി സ്റ്റേഡിയം വിടുകയായിരുന്നു. നഖ്‌വിക്കെതിരെ ഐസിസിയിൽ പരാതി നൽകാനാണ് ബിസിസിഐ തീരുമാനം. പഹൽഗാം ഭീകരാക്രമണത്തെത്തുടർന്നുണ്ടായ ഇന്ത്യ-പാകിസ്ഥാൻ സംഘർഷകാലത്ത് ഇന്ത്യ വിരുദ്ധ പ്രസ്താവനകൾ നടത്തിയ പാക് ആഭ്യന്തര മന്ത്രി കൂടിയായ നഖ്‌വി വിവാദ നായകനായിരുന്നു. പാക് ക്രിക്കറ്റ് ബോർഡ് ചെയർമാനും ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റെ അധ്യക്ഷനുമാണ് നഖ്‌വിയിപ്പോൾ.
നേരത്തെ ഏഷ്യാ കപ്പ് ഗ്രൂപ്പ് ഘട്ട മത്സരത്തിൽ ഇന്ത്യൻ താരങ്ങൾ പാക് താരങ്ങളുമായി ഹസ്തദാനം നടത്താൻ വിസമ്മതിച്ചതിൽ പ്രതേഷേധിച്ച് യുഎഇക്കെതിരായ മത്സരത്തിന് തൊട്ടുമുമ്പ് പാകിസ്ഥാൻ ബഹിഷ്‌കരണ ഭീഷണി മുഴക്കിയിരുന്നു. ഇന്ത്യക്ക് അനുകൂലമായ നിലപാട് സ്വീകരിച്ച മാച്ച് റഫറി ആൻഡി പൈക്രോഫ്റ്റിനെ മാറ്റിയില്ലെങ്കിൽ യുഎഇക്കെതിരാ മത്സരത്തിൽ കളിക്കില്ലെന്നായിരുന്നു പാകിസ്ഥാന്റെ നിലപാട്. അവസാനം ഒത്തുതീർപ്പ് ചർച്ചകൾക്ക് ശേഷം ഒരു മണിക്കൂർ താമസിച്ചാണ് യുഎഇക്കെതിരായ മത്സരത്തിൽ പാകിസ്ഥാൻ കളിക്കാൻ തയ്യാറായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
