ത്രിരാഷ്ട്ര ടി20 പരമ്പരയിൽ ന്യൂസിലൻഡിന് കിരീടം. ത്രില്ലർ ഫൈനലിൽ ദക്ഷിണാണാഫ്രിക്കയെ മൂന്ന് റൺസിന് തോൽപ്പിച്ചാണ് ന്യൂസിലൻഡ് കിരീടം നേടിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ന്യൂസിലൻഡ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 180 റൺസാണ് നേടിയത്. 47 റൺസ് വീതം നേടിയ ഡെവോൺ കോൺവെ, രചിൻ രവീന്ദ്ര എന്നിവരാണ് മികച്ച പ്രകടനം പുറത്തെടുത്തത്.
മറുപടി ബാറ്റിംഗിൽ ദക്ഷിണാഫ്രിക്കയ്ക്ക് ആറ് വിക്കറ്റ് നഷ്ടത്തിൽ 177 റൺസെടുക്കാനാണ് സാധിച്ചത്. 51 റൺസ് നേടിയ ലുവാൻ ഡ്രേ പ്രിട്ടോറ്യൂസാണ് ടോപ് സ്‌കോറർ. മാറ്റ് ഹെൻറി ന്യൂസിലൻഡിന് വേണ്ടി രണ്ട് വിക്കറ്റ് വീഴ്ത്തി. പരമ്പരയിൽ ഒരു മത്സരം പോലും ന്യൂസിലൻഡ് പരാജയപ്പെട്ടിട്ടില്ല. സിംബാബ്‌വെ ആയിരുന്നു മൂന്നാമത്തെ.
അവസാന ഓവറിൽ ഏഴ് റൺസ് മാത്രമായിരുന്നു ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാൻ വേണ്ടിയിരുന്നത്. ഹെൻറി എറിഞ്ഞ ഓവറിന്റെ ആദ്യ പന്തിൽ ഡിവാൾഡ് ബ്രേവിസിന് റണ്ണൊന്നും എടുക്കാൻ സാധിച്ചില്ല. രണ്ടാം പന്തിൽ ബ്രേവിസ് (16 പന്തിൽ 31) പുറത്താവുകയും ചെയ്തു. മൈക്കൽ ബ്രേസ്‌വെല്ലിന് ക്യാച്ച്. മൂന്നാം പന്തിൽ കോർബിൻ ബോഷ് രണ്ട് റൺ ഓടിയെടുത്തു. യഥാർത്ഥത്തിൽ ക്യാച്ച് ആയിരുന്നെങ്കിലു ബ്രേസ്‌വെല്ലിന് കയ്യിലൊതുക്കാനായില്ല. അവസാന മൂന്ന് പന്തിൽ ജയിക്കാൻ വേണ്ടത് അഞ്ച് റൺസ് മാത്രം.
നാലാം പന്തിൽ ബോഷ് ഒരു റൺ ഓടിയെടുത്തു. അഞ്ചാം പന്തിൽ ജോർജ് ലിൻഡെ (10) പുറത്ത്. അവസാന പന്തിൽ ജയിക്കാൻ വേണ്ടത് നാല് റൺസ്. എന്നാൽ ഹെൻറിയുടെ പന്തിൽ ഒരു റണ്ണെടുക്കാൻ പോലും സെനുരാൻ മുത്തുസാമിക്ക് (0) സാധിച്ചില്ല.
റീസ ഹെൻഡ്രിക്‌സ് (37), റാസി വാൻ ഡർ ഡസ്സൻ (18), റുബിൻ ഹെർമൻ (11) എന്നിവരുടെ വിക്കറ്റും ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായി. നേരത്തെ, കോൺവെ-രചിൻ സഖ്യത്തിന് പുറമെ ടിം സീഫെർട്ട് (30) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. മാർക് ചാപ്മാൻ (3), മൈക്കൽ ബ്രേസ്‌വെൽ (15) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങൾ. ഡാരിൽ മിച്ചൽ (16), മിച്ചൽ സാന്റ്‌നർ (3) എന്നിവർ പുറത്താവാതെ നിന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്