മുംബയ്: നിലവിലെ ചാമ്പ്യൻമാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ 8 വിക്കറ്റിന് കീഴടക്കി ഐ.പി.എൽ പതിനെട്ടാം സീസണിലെ തങ്ങളുടെ ആദ്യ ജയം സ്വന്തമാക്കി മുംബയ് ഇന്ത്യൻസ്. ഐ.പി.എല്ലിൽ ഒരിന്ത്യൻ ബൗളറുടെ അരങ്ങേറ്റത്തിലെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത ഇടം കൈയൻ പേസർ അശ്വനി കുമാറാണ് മുംബയ്‌യുടെ ജയത്തിൽ പ്രധാന പങ്കുവഹിച്ചത്.
വാങ്കഡേയിൽ ഇന്നലെ ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്തയെ അശ്വനിയുടെ തകർപ്പൻ ബൗളിംഗിന്റെ പിൻബലത്തിൽ മുംബയ് 116 റൺസിന് ഓൾഔട്ടാക്കി. മറുപടിക്കിറങ്ങിയ മുംബയ് 12.5 ഓവറിൽ 2 വിക്കറ്റ് നഷ്ടപ്പെടുത്തി അനായാസം വിജയലക്ഷ്യത്തിലെത്തി (121/2).
3 ഓവറിൽ 24 റൺസ് നൽകി 4 വിക്കറ്റ് വീഴ്ത്തിയ അശ്വനിതന്നെയാണ് കളിയിലെ താരം.
ഐ.പി.എല്ലിൽ എറിഞ്ഞ ആദ്യ ബോളിൽ തന്നെ കൊൽക്കത്തയുടെ ക്യാപ്ടൻ അജിങ്ക്യ രഹാനെയെ പുറത്താക്കിയാണ് അശ്വനി തുടങ്ങിയത്. മുംബയ്ക്കായി ബോളെറിഞ്ഞ എല്ലാവരും വിക്കറ്റ് വീഴ്ത്തി. അശ്വനിയെക്കൂടാതെ ദീപക് ചഹർ രണ്ടും മലയാളി താരം വിഘ്നേഷ് പുത്തൂർ, ട്രെൻഡ് ബോൾട്ട്, ക്യാപ്ടൻ ഹാർദിക് പാണ്ഡ്യ, മിച്ചൽ സാന്റ്നർ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
അംഗ്ക്രിഷ് രഘുവംശി (26), രമൺദീപ് (22), ഇംപാക്ട് പ്ലെയർ മനീഷ് പാണ്ഡെ (19), റിങ്കു സിംഗ് (17) എന്നിവർക്ക് മാത്രമാണ് കൊൽക്കത്ത ബാറ്റർമാരിൽ അല്പമെങ്കിലും പിടിച്ചു നിൽക്കാനായുള്ളൂ. ആദ്യഓവറിൽ തന്നെ ഓപ്പണർ സുനിൽ നരെയ്നെ (0) ക്ലീൻ ബൗൾഡാക്കി ബോൾട്ട് കൊൽക്കത്തയുടെ തകർച്ചയ്ക്ക് തുടക്കമിട്ടു. ഐ.പി.എല്ലിൽ ആദ്യ ഓവറിൽ ബോൾട്ടിന്റെ മുപ്പതാം ഇരയാണ് നരെയ്ൻ. അടുത്ത ഓവറിൽ മറ്റൊരു ഓപ്പണർ ക്വിന്റൺ ഡി കോക്കിനെ (1) ആശ്വനി കുമാറിന്റെ കൈയിലെത്തിച്ച് ദീപക് ചഹർ കൊൽക്കത്തയെ ഞെട്ടിച്ചു.
നാലാം ഓവറിലെ അഞ്ചാം പന്തിൽ രഹാനെയെ അശ്വനിയും മടക്കിയതോടെ കൊൽക്കത്ത പ്രതിരോധത്തിലായി. ടീം സ്‌കോർ45ൽ എത്തിയപ്പോൾ തന്നെ അവർക്ക് 5 വിക്കറ്റ് നഷ്ടപ്പെട്ടിരുന്നു. ടോസ് നേടിയ മുംബയ് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.
അർദ്ധ സെഞ്ച്വറിയുമായി പുറത്താകാതെ നിന്ന റയാൻ റിക്കൽറ്റനാണ് (41 പന്തിൽ 62) ചേസിംഗിൽ മുംബയ്‌യുടെ മുന്നിണിപ്പോരാളിയായത്. 9 പന്തിൽ 3 ഫോറും 2 സിക്‌സും ഉൾപ്പെടെ പുറത്താകാതെ 27 റൺസ് നേടി സൂര്യകുമാർ യാദവ് മുംബയ്‌യുടെ വിജയം വേഗത്തിലാക്കി. ഇംപാക്ട് പ്ലെയർ രോഹിത് ശർമ്മ (13), വിൽ ജാക്ക്‌സ് (16) എന്നിവരുടെ വിക്കറ്റുകളാണ് മുംബയ്ക്ക് നഷ്ടമായത്.
വിഘ്നേഷ് പുത്തൂരിനെപ്പോലെ ഇത്തവണ മുംബയ് ഇന്ത്യൻസിന്റെ ജേഴ്‌സിയിൽ അരങ്ങേറ്റം അതിഗംഭീരമാക്കി അശ്വനി കുമാർ.
ആഭ്യന്തര ക്രിക്കറ്റിൽ പഞ്ചാബിന്റെ താരമായ ആശ്വനി ചണ്ഡീഗഡിനടുത്ത് ഝാൻജെരി സ്വദേശിയാണ്. പഞ്ചാബിനായി 4 വീതം ടി20, ലിസ്റ്റ് എ മത്സരങ്ങളും 2 ഫസ്റ്റ്ക്ലാസ് മത്സരങ്ങളും മാത്രമേ 23കാരനായ അശ്വനി ഇതുവരെ കളിച്ചിട്ടുള്ളൂ. മികച്ച താരങ്ങളെ കണ്ടെത്തുന്നതിൽ പേരുകേട്ട മുംബയ് ഇന്ത്യൻസിന്റെ സ്‌കൗട്ടിംഗ് ടീമിന് വീണ്ടും അഭിമാനിക്കാവുന്ന നേട്ടം സമ്മാനിച്ചിരിക്കുകയാണ് അശ്വനി.
ഐ.പി.എൽ അരങ്ങേറ്റത്തിൽ 4 വിക്കറ്റ് വീഴ്ത്തുന്ന ആദ്യ ഇന്ത്യൻ ബൗളറെന്ന ചരിത്ര നേട്ടമാണ് ഇന്നലെ അശ്വനി സ്വന്തമാക്കിയത്. ഐ.പി.എല്ലിൽ എറിഞ്ഞ ആദ്യ ബോളിൽ വിക്കറ്റ് വീഴ്ത്തുന്ന നാലാമത്തെ മുംബയ് ഇന്ത്യൻസ് താരവുമാണ് അശ്വനി. രഹാനെയെ കൂടാതെ റിങ്കു, മനീഷ്,റസ്സൽ എന്നിവരെയാണ് അശ്വനി പുറത്താക്കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്