ചെന്നൈ: ഒരു കാലഘട്ടത്തിൽ ഫുട്‌ബോൾ മൈതാനങ്ങളെ വിസ്മയിപ്പിച്ച ഇതിഹാസ താരങ്ങൾ വീണ്ടും കളത്തിലിറങ്ങി. ചെന്നൈ ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിലാണ് ബ്രസീലിന്റേയും ഇന്ത്യയുടേയും ഇതിഹാസ താരങ്ങൾ പ്രദർശന മത്സരത്തിൽ ഏറ്റുമുട്ടിയത്.
ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് കാനറിപ്പട ജയം സ്വന്തമാക്കി. വിയോള, റിക്കാർഡോ ഒലിവേരിയ എന്നിവർ ബ്രസീലിനായി ഗോൾനേടി. ഇന്ത്യക്കായി ബിബിയാനോ ഫെർണാണ്ടസ് വലകുലുക്കി.
നിറഞ്ഞ ഗ്യാലറിയിൽ നടന്ന ആവേശ മത്സരത്തിൽ മികച്ച നീക്കങ്ങളുമായി ഇരുടീമുകളും കൈയ്യടി നേടി. 11-ാം മിനിറ്റിൽ റൊണാൾഡീന്യോയുടെ ഫ്രീകിക്ക് ഇന്ത്യയുടെ ഗോൾകീപ്പർ സുഭാഷിക് റോയ് ചൗധരി തടുത്തിട്ടു. പിന്നാലെ മികച്ച നീക്കവുമായി റിവാൾഡോയും ഇന്ത്യൻ ബോക്‌സിലേക്ക് കുതിച്ചെത്തി. മറുഭാഗത്ത് ഒറ്റപ്പെട്ട നീക്കവുമായി മലയാളത്തിന്റെ കറുത്തമുത്ത് ഐ.എം. വിജയൻ ബ്രസീൽ ഗോൾവല ലക്ഷ്യമാക്കി ഷോട്ടുതിർത്തു. എൻ.പി. പ്രദീപും ബ്രസീൽ ഗോൾകീപ്പറെ പരീക്ഷിച്ചു.
കഫു, ഗിൽബർട്ടോ സിൽവ, എഡ്മിൽസൺ, മാഴ്‌സെലോ, വിയോല, ലൂസിയോ അടക്കമുള്ള പ്രമുഖ താരങ്ങൾ ബ്രസീൽ ജഴ്‌സിയിൽ ഇറങ്ങി. മുൻ ബ്രസീൽ താരവും കോച്ചുമായ ദുംഗയാണ് പരിശീലക റോളിലെത്തിയത്. ഐ.എം. വിജയനാണ് ഇന്ത്യൻ ഓൾസ്റ്റാർസ് ടീമിനെ നയിച്ചത്. മെഹ്താബ് ഹുസൈൻ, സയിദ് റഹീം നബി, എൻ.പി. പ്രദീപ്, അർനബ് മൊണ്ടാൽ, കരൺജിത്ത് സിങ്, ഷൺമുഖം വെങ്കിടേഷ് അടക്കമുള്ളവരാണ് ഇന്ത്യക്കായി കളത്തിലിറങ്ങിയത്. മുൻ ഇന്ത്യൻ താരം പ്രസന്ത ബാനർജിയാണ് പരിശീലകൻ. ഇന്ത്യയിൽ ഫുട്‌ബോൾ വളർത്തുക ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ഫുട്‌ബോൾ പ്ലസ് അക്കാഡമിയാണ് പ്രദർശന മത്സരം സംഘടിപ്പിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്