ഗോഹട്ടി : ഐ.പി.എല്ലിലെ ആദ്യ രണ്ട് മത്സരങ്ങളും തോറ്റ രാജസ്ഥാൻ റോയൽസിന് മൂന്നാം മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരെ ആറു റൺസ് വിജയം. ഇന്നലെ രാജസ്ഥാനെതിരെ ജയിക്കാൻ 183 റൺസ് വേണ്ടിയിരുന്ന ചെന്നൈ സൂപ്പർകിംഗ്‌സ് 176/6ലൊതുങ്ങുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ 9 വിക്കറ്റ് നഷ്ടത്തിലാണ് 182 റൺസിലെത്തിയത്. ഫസ്റ്റ് ഡൗണായി കളത്തിലിറങ്ങിയ നിതീഷ് റാണയുടെ(81) പോരാട്ടമാണ് രാജസ്ഥാനെ ഈ സ്‌കോറിലേക്ക് എത്തിച്ചത്.
സഞ്ജു (20), റിയാൻ പരാഗ് (37), ഹെറ്റ്‌മേയർ (19) എന്നിവരുടെ പരിശ്രമവും രാജസ്ഥാന് തുണയായി. ചെന്നൈനിരയിൽ 44 പന്തിൽ 63 റൺസ് നേടിയ നായകൻ റുതുരാജ് ഗേയ്ക്ക്‌വാദ്, പുറത്താകാതെ 32 റൺസ് നേടിയ രവീന്ദ്ര ജഡേജ, 23റൺസെടുത്ത രാഹുൽ ത്രിപാതി, 16 റൺസ് നേടിയ ധോണി എന്നിവർ പൊരുതി നോക്കിയെങ്കിലും ഫലമുണ്ടായില്ല.
മൂന്ന് മത്സരങ്ങളിൽ ചെന്നൈയുടെ രണ്ടാം തോൽവിയാണിത്. രണ്ട് പോയിന്റ് വീതമുള്ള ചെന്നൈ പട്ടികയിൽ ഏഴാമതും രാജസ്ഥാൻ ഒൻപതാമതുമാണ്. ഏപ്രിൽ അഞ്ചിന് ഡൽഹിക്ക് എതിരെയാണ് ചെന്നൈയുടെ അടുത്ത മത്സരം. അന്ന് രാജസ്ഥാൻ പഞ്ചാബിനെ നേരിടും.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന് നാലുറൺസെടുത്ത യശസ്വി ജയ്‌സ്വാളിനെ മൂന്നാം പന്തിൽ തന്നെ നഷ്ടമായിരുന്നു. നൂർ അഹമ്മദിന്റെ പന്തിൽ അശ്വിന് ക്യാച്ച് നൽകി മടങ്ങിയ യശസ്വിക്ക് പകരം ക്രീസിലെത്തിയ റാണ തുടക്കം മുതൽ അടിച്ചുകസറി. സഞ്ജു സൂക്ഷിച്ച് കളിച്ച് സ്‌ട്രൈക്ക് കൈമാറിയപ്പോൾ 21 പന്തുകളിൽ റാണ 50 കടന്നു.
എട്ടാം ഓവറിൽ ടീം സ്‌കോർ 86ൽവച്ച് നൂർ അഹമ്മദിന്റെ പന്തിൽ ജഡേജയ്ക്ക് ക്യാച്ച് നൽകി സഞ്ജു മടങ്ങി. 16 പന്തുകളിൽ ഓരോ ഫോറും സിക്‌സുമടക്കമാണ് സഞ്ജു 20 റൺസ് നേടിയത്. പോരാട്ടം തുടർന്ന റാണയ്ക്ക് നായകൻ റിയാൻ പരാഗ് (37) പിന്തുണ നൽകിയതോടെ 10 ഓവറിൽ 100ലെത്തി.
12-ാം ഓവറിൽ അശ്വിന്റെ വൈഡ് ബാളിൽ റാണയെ ധോണി സ്റ്റംപ് ചെയ്തു പുറത്താക്കി. ഈ സീസണിലെ ധോണിയുടെ മൂന്നാമത്തെ കിടിലൻ സ്റ്റംപിംഗായിരുന്നു ഇത്. 36 പന്തുകൾ നേരിട്ട റാണ 10 ഫോറും അഞ്ച് സിക്‌സുമടക്കമാണ് 81 റൺസ് നേടിയത്.
തുടർന്ന് പതിരാനയും നൂർ അഹമ്മദും ജഡേജയും ഖലീൽ അഹമ്മദും രാജസ്ഥന്റെ വാലറ്റത്തെ തകർത്തു. ധ്രുവ് റുറേൽ (3), ഹസരംഗ (4), പരാഗ്, ആർച്ചർ(0), കുമാർ കാർത്തികേയ (1), ഹെറ്റ്‌മേയർ(19) തുടങ്ങിയവർ വരിവരിയായി കൂടാരം കയറി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്