വിശാഖപട്ടണം: ആദ്യ മത്സരത്തിൽ ഈ സീസണിലെ ഏറ്റവും ഉയർന്ന സ്‌കോർ അടിച്ചുകൂട്ടി ജയിച്ചിരുന്ന സൺറൈസേഴ്‌സ് ഹൈദരാബാദിന് തുടർച്ചയായ രണ്ടാം തോൽവി. ഇന്നലെ ഡൽഹി ക്യാപ്പിറ്റൽസിനോട് ഏഴ് വിക്കറ്റിനാണ് പാറ്റ് കമ്മിൻസും കൂട്ടരും തോറ്റതും. തുടർച്ചയായ രണ്ടാം മത്സരത്തിലും വിജയിച്ച അക്ഷർ പട്ടേൽ നയിക്കുന്ന ഡൽഹി പോയിന്റ് പട്ടികയിലെ രണ്ടാം സ്ഥാനത്തേക്കുമുയർന്നു.
വിശാഖപട്ടണത്ത് നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 18.4 ഓവറിൽ 163 റൺസിന് ആൾഔട്ടായപ്പോൾ ഡൽഹി 16 ഓവറിൽ മൂന്ന് വിക്കറ്റുകൾ മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യത്തിലെത്തി. ഓസ്‌ട്രേലിയൻ ടീമിൽ കമ്മിൻസിന്റെ സഹപേസറായ മിച്ചൽ സ്റ്റാർക്ക് 35 റൺസ് വഴങ്ങി അഞ്ചുവിക്കറ്റുകൾ വീഴ്ത്തിയപ്പോൾ മൂന്നു വിക്കറ്റുകളുമായി ഇന്ത്യൻ സ്പിന്നർ കുൽദീപ് യാദവും സൺറൈസേഴ്‌സിനെ തകർക്കുന്നതിൽ മുഖ്യപങ്ക് വഹിച്ചു. സ്റ്റാർക്കാണ് മാൻ ഒഫ് ദ മാച്ച്.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഹൈദരാബാദിന് 37 റൺസ് എടുക്കുന്നതിനിടെ നാലുവിക്കറ്റുകൾ നഷ്ടമായതാണ് തിരിച്ചടിയായത്. ആദ്യ ഓവറിൽ അഭിഷേക് ശർമ്മ (1) റൺഔട്ടായി. മൂന്നാം ഓവറിൽ ഇഷാൻ കിഷനെയും (2), നിതീഷ് കുമാർ റെഡ്ഡിയേയും (0) മടക്കി അയച്ച് സ്റ്റാർക്ക് ആക്രമണം തുടങ്ങി.
അതുവരെ പിടിച്ചുനിന്ന ട്രാവിസ് ഹെഡിനെ (22) അഞ്ചാം ഓവറിൽ സ്റ്റാർക്ക് തിരിച്ചയച്ചതോടെ ക്രീസിലൊരുമിച്ച അനികേത് വർമ്മയും (41 പന്തുകളിൽ അഞ്ചുഫോറും ആറ് സിക്‌സുമടക്കം 74 റൺസ്) ഹെന്റിച്ച് ക്‌ളാസനും (32) ചേർന്നാണ് വലിയൊരു തകർച്ചയിൽ നിന്ന് രക്ഷപെടുത്തിയത്.77 റൺസ് കൂട്ടിച്ചേർത്ത ഈ സഖ്യത്തെ 11ാം ഓവറിൽ മോഹിത് ശർമ്മയാണ് പിരിച്ചത്.
ക്‌ളാസനെ വിപ്രജ് നിഗത്തിന്റെ കയ്യിലേൽപ്പിക്കുകയായിരുന്നു മോഹിത്. തുടർന്ന് അഭിനവ് മനോഹർ(4), കമ്മിൻസ് (2), അനികേത് എന്നിവരെ കുൽദീപ് പുറത്താക്കി. ഹർഷൽ പട്ടേലിനെയും (5)വിയാൻ മുൾഡറെയും (9) കൂടി പുറത്താക്കിയാണ് സ്റ്റാർക്ക് അഞ്ചുവിക്കറ്റ് തികച്ചത്.
മറുപടിക്കിറങ്ങിയ ഡൽഹിക്ക് വേണ്ടി ജേക്ക് ഫ്രേസർ മക്ഗുർക്ക് (38), ഫാഫ് ഡുപ്‌ളെസി (50),അഭിഷേക് പൊറേൽ(34 നോട്ടൗട്ട്),കെ.എൽ രാഹുൽ (15), ട്രിസ്റ്റൺ സ്റ്റബ്‌സ് (21 നോട്ടൗട്ട്) എന്നിവർ തിളങ്ങിയതോടെയാണ് നാലോവറുകൾ ബാക്കിനിൽക്കേ വിജയത്തിലെത്തിയത്.
6 റൺസിൽ നിൽക്കേ നൽകിയ ക്യാച്ച് അഭിഷേക് പൊറേൽ വിട്ടുകളഞ്ഞതുകൊണ്ടാണ് അനികേത് വെർമ്മയ്ക്ക് ഐ.പി.എല്ലിലെ ആദ്യ അർദ്ധസെഞ്ച്വറി നേടാനായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്