2026 ഫിഫ ലോകകപ്പിലെ തങ്ങളുടെ ആദ്യ പോരാട്ടത്തിൽ അൾജീരിയയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്ത് നിലവിലെ ചാമ്പ്യന്മാരായ അർജന്റീന വിജയക്കുതിപ്പ് തുടങ്ങി.
കാൻസാസ് സിറ്റി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ക്യാപ്ടൻ ലയണൽ മെസിയുടെ തകർപ്പൻ ഹാട്രിക്കാണ് അർജന്റീനയ്ക്ക് മിന്നുന്ന ജയം സമ്മാനിച്ചത്.
തന്റെ ഇരുനൂറാം രാജ്യാന്തര മത്സരത്തിനിറങ്ങിയ മെസി ഈ ഹാട്രിക്കോടെ ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമെന്ന ജർമ്മനിയുടെ മിറോസ്ലാവ് ക്ലോസെയുടെ റെക്കോർഡിനൊപ്പവും (16 ഗോളുകൾ) എത്തി. മത്സരത്തിന്റെ തുടക്കം മുതൽ തന്നെ അർജന്റീനൻ നിര അൾജീരിയൻ പ്രതിരോധത്തെ സമ്മർദ്ദത്തിലാക്കിയിരുന്നു.
റോഡ്രിഗോ ഡി പോളിന്റെ അസിസ്റ്റിൽ നിന്നും മത്സരത്തിന്റെ 17-ാം മിനിറ്റിൽ ബോക്‌സിന് പുറത്ത് നിന്നുള്ള മനോഹരമായ ലെഫ്റ്റ് ഫൂട്ടഡ് ഷോട്ടിലൂടെ മെസി ടീമിന്റെ ആദ്യ ഗോൾ നേടി.
രണ്ടാം പകുതിയിലും കളി അർജന്റീനയുടെ നിയന്ത്രണത്തിലായിരുന്നു.
60-ാം മിനിറ്റിൽ അൾജീരിയൻ ഗോൾകീപ്പർ ലൂക്കാ സിദാനെ കാഴ്ചക്കാരനാക്കി മെസി ടീമിന്റെയും തന്റെയും രണ്ടാം ഗോൾ വലയിലാക്കി. തുടർന്ന് 76-ാം മിനിറ്റിൽ അൾജീരിയൻ ബോക്‌സിനെ കീറിമുറിച്ച മുന്നേറ്റത്തിനൊടുവിൽ താരം ഹാട്രിക് തികച്ചു. ഈ ലോകകപ്പ് ടൂർണമെന്റിലെ ആദ്യ ഹാട്രിക്കാണിത്.
ഹാട്രിക് തികച്ചതിന് തൊട്ടുപിന്നാലെ മത്സരത്തിന്റെ 79-ാം മിനിറ്റിൽ കോച്ച് ലയണൽ സ്‌കലോണി മെസിയെ പിൻവലിച്ച് യുവതാരം നിക്കോ പാസിനെ കളത്തിലിറക്കി. ഇതേ മിനിറ്റിൽ തന്നെ പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി ക്രിസ്റ്റ്യൻ റൊമേറോയ്ക്ക് പകരം വെറ്ററൻ ഡിഫൻഡർ നിക്കോളാസ് ഓട്ടമെൻഡിയും കളത്തിലെത്തി.
പ്രതിരോധത്തിൽ ലിസാൻഡ്രോ മാർട്ടീനസും എമിലിയാനോ മാർട്ടീനസും കാവൽ നിന്നതോടെ അൾജീരിയൻ മുന്നേറ്റങ്ങൾക്ക് അർജന്റീനൻ കോട്ട തകർക്കാനായില്ല. റിയാദ് മഹ്രെസ് ഉൾപ്പെടെയുള്ള പ്രമുഖരെ അൾജീരിയ രണ്ടാം പകുതിയിൽ ഇറക്കിയെങ്കിലും ലക്ഷ്യം കാണാനായില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
