ഓണപ്പരീക്ഷയുടെ പേരിൽ വിദ്യാർത്ഥികളെ തെറ്റിദ്ധരിപ്പിക്കുന്ന സോഷ്യൽ മീഡിയ ചാനലുകൾക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സംസ്ഥാന പോലീസ് ചീഫിന് പരാതി നൽകി.
ഇൻസ്റ്റഗ്രാം, യൂട്യൂബ് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിരവധി അധ്യാപകരും വിദ്യാഭ്യാസ ചാനലുകളും വിദ്യാർത്ഥികൾക്ക് ക്ലാസുകളും നൽകുന്നുണ്ട്. എന്നാൽ, ഇതിന്റെ മറവിൽ ചില സോഷ്യൽ മീഡിയ ചാനലുകൾ വിദ്യാർത്ഥികളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
"ചോദ്യപേപ്പർ തരാം", "ഞങ്ങൾ പറയുന്ന ചോദ്യങ്ങൾ മാത്രമേ ചോദിക്കൂ", "നാളെ വരുന്ന മോഡൽ ചോദ്യപേപ്പർ ഇതുതന്നെയായിരിക്കും", "ഇത് മാത്രം പഠിച്ചാൽ മതി" തുടങ്ങിയ അവകാശവാദങ്ങളാണ് ചില വീഡിയോകളിലൂടെയും പോസ്റ്റുകളിലൂടെയും പ്രചരിപ്പിക്കുന്നത്.
ഇത്തരം അവകാശവാദങ്ങൾ വിദ്യാർത്ഥികളിൽ തെറ്റായ പ്രതീക്ഷയും പരീക്ഷയെക്കുറിച്ചുള്ള തെറ്റിദ്ധാരണയും സൃഷ്ടിക്കുന്നു. യഥാർത്ഥ പഠനത്തിന് പകരം, പരീക്ഷയുടെ തലേദിവസം ലഭിക്കുന്നതായി അവകാശപ്പെടുന്ന ചോദ്യങ്ങൾ മാത്രം പഠിച്ചാൽ മതിയെന്ന മനോഭാവത്തിലേക്ക് കുട്ടികളെ നയിക്കുന്ന സാഹചര്യവുമാണ് നിലനിൽക്കുന്നത്.
ഇത്തരം ചാനലുകൾ വിദ്യാർത്ഥികളെ അവരുടെ പ്ലാറ്റ്‌ഫോമുകളിലേക്കും ഗ്രൂപ്പുകളിലേക്കും എത്തിക്കുന്നതിനും വിവിധ തരത്തിലുള്ള വിദ്യാർത്ഥി വിവരങ്ങൾ/ഡാറ്റ ശേഖരിക്കുന്നതിനും ഇത്തരം അവകാശവാദങ്ങൾ ഉപയോഗിക്കുന്നതായി സംശയിക്കപ്പെടുന്ന സാഹചര്യവുമുണ്ട്. ഈ വിഷയവുമായി ബന്ധപ്പെട്ട് അധ്യാപക സംഘടനകളുടെ ഭാഗത്തുനിന്നും മുമ്പ് ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയിൽ വിഷയം കൊണ്ടുവന്നിട്ടുണ്ടെങ്കിലും, ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ വ്യക്തമായ നടപടികൾ ഉണ്ടായിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
