ലീഡ് നേടിയ മഹാരാഷ്ട്രയ്ക്ക് മൂന്നുപോയിന്റ്, കേരളത്തിന് ഒറ്റപ്പോയിന്റ്
തിരുവനന്തപുരം : മഹാരാഷ്ട്രയ്‌ക്കെതിരെ സീസണിലെ ആദ്യ രഞ്ജി ട്രോഫി മത്സരത്തിൽ മേൽക്കൈ നേടാനുള്ള അവസരങ്ങൾ കൈവിട്ട കേരളം സമനിലയിലേക്ക് ഒതുങ്ങി. വലിയ തകർച്ചയിൽ നിന്ന് ഉയിർത്തെണീറ്റ് ആദ്യ ഇന്നിംഗ്‌സിൽ ലീഡ് നേടിയ മഹാരാഷ്ട്ര മൂന്നുപോയിന്റുകൾ നേടിയപ്പോൾ നിലവിലെ റണ്ണേഴ്‌സ് അപ്പായ കേരളത്തിന് ഒറ്റപ്പോയിന്റേ ലഭിച്ചുള്ളൂ.
ആദ്യ ഇന്നിംഗ്‌സിൽ 18/5ൽ നിന്ന് 239ലെത്തിയ മഹാരാഷ്ട്രയ്ക്ക് എതിരെ കേരളത്തിന്റെ ഒന്നാം ഇന്നിംഗ്‌സ് മൂന്നാം ദിവസമായ ഇന്നലെ 219ൽ അവസാനിച്ചിരുന്നു. തുടർന്ന് ബാറ്റിംഗിനിറങ്ങിയ മഹാരാഷ്ട്ര മൂന്നാം ദിവസം കളി നിറുത്തിയിരുന്ന 51/0 എന്ന സ്‌കോറിൽ നിന്ന് അവസാനദിനമായ ഇന്നലെ 224/2ൽ എത്തിച്ചപ്പോഴേക്കും സമനില സമ്മതിച്ച് ഇരുടീമുകളും കളി അവസാനിപ്പിക്കുകയായിരുന്നു.
ആദ്യ ഇന്നിംഗ്‌സിൽ തിളങ്ങാൻ കഴിയാതിരുന്ന പൃഥ്വി ഷാ ഇന്നലെ 75 റൺസ് നേടി മടങ്ങിയതും റുതുരാജ് ഗെയ്ക്കവാദും സിദ്ധീഷ് വീറും 55 റൺസ് വീതം നേടി പുറത്താകാതെ നിന്നതുമാണ് കേരളത്തിന് ഇന്നലെ തിരിച്ചടിയായത്. പൃഥിയേയും അർഷിൻ കുൽക്കർണിയേയും മാത്രമാണ് കേരളത്തിന് പുറത്താക്കാൻ കഴിഞ്ഞത്.
രണ്ട് ഇന്നിംഗ്‌സുകളിലും അർദ്ധസെഞ്ച്വറി നേടിയ റുതുരാജാണ് പ്‌ളേയർ ഒഫ് ദ മാച്ച്. ഈമാസം 25ന് ചണ്ഡിഗഡിൽ പഞ്ചാബിനെതിരെയാണ് കേരളത്തിന്റെ അടുത്ത മത്സരം.
കേരളത്തിന് തിരിച്ചടിയായത്
1. ആദ്യദിനം ലഭിച്ച മികച്ച തുടക്കം ബൗളർമാർക്ക് പ്രയോജനപ്പെടുത്താനേ കഴിഞ്ഞില്ല. പിന്നീടതുപോലെ പന്തെറിയാൻ കേരളനിരയിൽ ആർക്കുമായില്ല.
2. ആദ്യ ഇന്നിംഗ്‌സിൽ സഞ്ജുവും അസറും സൽമാനും കാലുറപ്പിച്ചപ്പോൾ കേരളത്തിന് ലീഡ് നേടാനാകുമെന്ന് തോന്നിയതാണ്. എന്നാൽ വിക്കി ഓസ്വാൾ സഞ്ജുവിനെയും അസറിനെയും അടുത്തടുത്ത ഓവറുകളിൽ പുറത്താക്കിയതോടെ കേരളത്തിന്റെ താളം തെറ്റി.
3. രണ്ടാം ഇന്നിംഗ്‌സിൽ ഇന്നലെ രാവിലെ ആദ്യ പന്തിൽ തന്നെ പൃഥ്വി ഷായുടെ ക്യാച്ച് ബാബ അപരാജിത്ത് കൈവിട്ടതും പിന്നീട് കുൽക്കർണിയെ സഞ്ജു കൈവിട്ടതും മത്സരത്തിലേക്ക് തിരിച്ചുവരാനുള്ള കേരളത്തിന്റെ സാദ്ധ്യത ഇല്ലാതാക്കി.
4. കേരളത്തെ നന്നായി അറിയുന്ന മുൻ കേരള താരം ജലജ് സക്‌സേനയെപ്പോലൊരു കളിക്കാരന്റെ സാന്നിദ്ധ്യം മഹാരാഷ്ട്രയ്ക്ക് മുതൽക്കൂട്ടായിരുന്നു.
കഴിഞ്ഞദിവസം സൽമാൻ ബാറ്റ് ചെയ്യവേ വെളിച്ചം കുറപ്പോൾ മഹാരാഷ്ട്ര ക്യാപ്ടൻ സ്പിൻ ബൗളറെ കൊണ്ടുവന്നു. എന്നാൽ സൽമാൻ സ്പിന്നിനെ നന്നായി നേരിടുമെന്ന് അറിയുന്ന ജലജ് സക്‌സേന അപ്പോൾതന്നെ ഇടപെട്ട് സ്പിന്നറെ ഒഴിവാക്കി. ഇത്തരത്തിലുള്ള പരിചയം എതിരാളികളെക്കുറിച്ച് നമുക്ക് ഇല്ലാതെപോയി. നമുക്ക് കിട്ടിയ അവസരങ്ങൾ പാഴാക്കുകയും ചെയ്തുവെന്ന് കേരള ക്യാപ്ടൻ മുഹമ്മദ് അസറുദ്ദീൻ.
രഞ്ജി എലൈറ്റ് ഗ്രൂപ്പ് ബിയിൽ എല്ലാ ടീമുകളും ആദ്യമത്സരം പൂർത്തിയാക്കിയപ്പോൾ ചണ്ഡിഗഡിനെ ഇന്നിംഗ്‌സിന് തോൽപ്പിച്ച ഗോവ ഏഴുപോയിന്റുമായി മുന്നിലാണ്. മൂന്ന് പോയിന്റ് വീതമുള്ള മദ്ധ്യപ്രദേശ്, മഹാരാഷ്ട്ര, സൗരാഷ്ട്ര എന്നിവരാണ് രണ്ടുമുതൽ നാലുവരെ സ്ഥാനങ്ങളിൽ. ഒരു പോയിന്റുള്ള കേരളം ആറാമത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്