ഫിഫ ക്ലബ് ലോകകപ്പ് ടൂര്‍ണമെന്റില്‍ ഇംഗ്ലീഷ് ക്ലബ് ചെല്‍സി കിരീടപ്പോരില്‍ കടന്നു. ബ്രസീല്‍ ഫുട്‌ബോള്‍ ക്ലബ് ഫ്‌ലൂമിനെന്‍സിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് ചെല്‍സിയുടെ വിജയം. ജാവൊ പെഡ്രോയാണ് ചെല്‍സിക്കായി ഇരട്ട ഗോള്‍ നേടിയത്. രണ്ടാം സെമിയില്‍ സ്പാനിഷ് ക്ലബ് റയല്‍ മാഡ്രിഡും ഫ്രഞ്ച് ക്ലബ് പി എസ് ജിയും തമ്മില്‍ ഏറ്റുമുട്ടും. ഇന്ന് അര്‍ധരാത്രി 12.30നാണ് കിക്കോഫ്.
കഴിഞ്ഞ ആഴ്ച ബ്രൈറ്റണില്‍ നിന്ന് ചെല്‍സിയിലെത്തിയ ബ്രസീലിയന്‍ താരം പെഡ്രോ തന്റെ വരവ് ഗംഭീരമാക്കിയിരിക്കുകയാണ്. 18-ാം മിനിറ്റില്‍ ഒരു മികച്ച സ്‌ട്രൈക്കിലൂടെയാണ് താരത്തില്‍ നിന്നും ആദ്യ ഗോള്‍ പിറന്നത്. ചെല്‍സിയുടെ ലീഡ് നിലനിര്‍ത്തുന്നതില്‍ പ്രതിരോധം നിര്‍ണായക പങ്കാണ് വഹിച്ചത്. ചില അവസരങ്ങള്‍ നഷ്ടപ്പെടുത്തിയെങ്കിലും, ചെല്‍സി വിജയം നിലനിര്‍ത്തി. കളിയുടെ 56-ാം മിനിറ്റില്‍ പെഡ്രോ വീണ്ടും ചെല്‍സിക്കായി ഗോളടിക്കുകയായിരുന്നു.
സഹതാരം നെറ്റോയുടെ ഷോട്ട് ഫ്‌ലൂമിനന്‍സ് പ്രതിരോധ താരത്തിന്റെ കാലുകളില്‍ നിന്ന് തിരികെ ജാവൊ പെഡ്രോയിലേക്കെത്തി. വീണ്ടുമൊരു കിടിലന്‍ ഷോട്ടിലൂടെ പെഡ്രോ ഫ്‌ലൂമിനന്‍സിന്റെ വലകുലുക്കി. മത്സരത്തിന്റെ അവസാനത്തില്‍ മോയ്സസ് കൈസെഡോയ്ക്ക് കണങ്കാലിന് പരിക്കേറ്റതില്‍ ആശങ്കയുയര്‍ത്തിയിരുന്നു. തിരിച്ചടി ഉണ്ടായിരുന്നിട്ടും, ചെല്‍സിയുടെ തന്ത്രപരമായ പ്രകടനം വ്യക്തമായിരുന്നു.
അതേസമയം തന്റെ മുന്‍ ക്ലബ്ബിനെതിരെ ഗോള്‍ നേടിയാല്‍ ആഘോഷിക്കില്ലെന്ന് ജോവോ പെഡ്രോ വാഗ്ദാനം ചെയ്തിരുന്നു, താരം ആ വാക്ക് പാലിക്കുകയും ചെയ്തു. 2023-24 സീസണില്‍ ഷെഫീല്‍ഡ് യുണൈറ്റഡിനെതിരെ തിയാഗോ സില്‍വ നേടിയ ഗോളിന് ശേഷം ചെല്‍സിക്ക് വേണ്ടി ഔദ്യോഗിക മത്സരത്തില്‍ ഗോള്‍ നേടുന്ന ആദ്യ ബ്രസീലുകാരനായി മാറിയിരിക്കുകയാണ് പെഡ്രോ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്