ക്വലാലംപുർ : മലേഷ്യയിൽ നടന്ന അണ്ടർ 19 വനിതാ ലോകകപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ തുടർച്ചയായ രണ്ടാം വട്ടവും കപ്പുയർത്തി ഇന്ത്യൻ പുലിക്കുട്ടികൾ. ഇന്നലെ നടന്ന ഫൈനലിൽ ദക്ഷിണാഫ്രിക്കയെ ഒൻപത് വിക്കറ്റുകൾക്ക് തോൽപ്പിച്ചാണ് ഇന്ത്യൻ കുമാരിമാർ കിരീടം ചൂടിയത്. ടൂർണമെന്റിൽ ഒറ്റക്കളിപോലും തോൽക്കാതെയാണ് മലയാളി പേസർ വി.ജെ ജോഷിത അംഗമായ ടീം ഇന്ത്യ ചാമ്പ്യൻസായത്.
ഇന്നലെ ഫൈനലിൽ ആദ്യം ബാറ്റ്‌ചെയ്ത ദക്ഷിണാഫ്രിക്കൻ പെൺകൊടികൾ നിശ്ചിത 20 ഓവറിൽ 82 റൺസിന് ആൾഔട്ടായപ്പോൾ ഇന്ത്യ 11.2 ഓവറിൽ ഒരു വിക്കറ്റുമാത്രം നഷ്ടപ്പെടുത്തി ലക്ഷ്യത്തിലെത്തി. നാലോവറിൽ 15 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ജി.തൃഷയും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തിയ വൈഷ്ണവി ശർമ്മയും ആയുഷി ശുക്‌ളയും പരുനിക സിസോദിയയും ചേർന്നാണ് ദക്ഷിണാഫ്രിക്കയെ എറിഞ്ഞൊതുക്കിയത്.
ഷബ്‌നം ഷക്കീലിന് ഒരു വിക്കറ്റ് ലഭിച്ചു. ജോഷിത രണ്ടോവറിൽ 17 റൺസ് വഴങ്ങിയെങ്കിലും വിക്കറ്റ് ലഭിച്ചില്ല. മറുപടിക്കിറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി തൃഷ 44 റൺസും സനിക 26 റൺസും നേടി പുറത്താകാതെ നിന്നു. കമാലിനിയുടെ വിക്കറ്റ് മാത്രമാണ് നഷ്ടമായത്. ടൂർണമെന്റിലുടനീളം ആൾറൗണ്ട് മികവ് പുറത്തെടുത്ത തൃഷ പ്‌ളേയർ ഒഫ് ദ ഫൈനലും പ്‌ളേയർ ഒഫ് ദ ടൂർണമെന്റുമായി.
കിരീടത്തിലേക്കുള്ള വഴി
ഗ്രൂപ്പ് എയിൽ വെസ്റ്റ് ഇൻഡീസിനെ ഒൻപത് വിക്കറ്റിന് തോൽപ്പിച്ചാണ് ഇന്ത്യ തുടങ്ങിയത്.
മറ്റ് ഗ്രൂപ്പ് മത്സരങ്ങളിൽ മലേഷ്യയെ 10 വിക്കറ്റിനും ലങ്കയെ 60 റൺസിനും തോൽപ്പിച്ചു.
സൂപ്പർ സിക്‌സിൽ ബംഗ്‌ളാദേശിനെ എട്ടുവിക്കറ്റിനും സ്‌കോട്ട്‌ലാൻഡിനെ 150 റൺസിനും തോൽപ്പിച്ചു.
സെമിയിൽ ഇംഗ്‌ളണ്ടിനെ കീഴടക്കിയത് ഒൻപത് വിക്കറ്റിന്.
ഫൈനലിൽ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ മറ്റൊരു 9 വിക്കറ്റ് ജയം.
309 റൺസ്, 7 വിക്കറ്റുകൾ
ടൂർണമെന്റിലാകെ 309 റൺസും 7 വിക്കറ്റുകളും നേടിയാണ് ജി.തൃഷ പ്‌ളേയർ ഒഫ് ദ ടൂർണമെന്റായത്. ടൂർണമെന്റിലെ ടോപ് സ്‌കോററും തൃഷയാണ്.
17 വിക്കറ്റുകൾ നേടിയ ഇന്ത്യയുടെ തന്നെ വൈഷ്ണവി ശർമ്മയാണ് ടോപ് വിക്കറ്റ് ടേക്കർ.
മലയാളി താരം വി.ജെ ജോഷിത ആറുമത്സരങ്ങളിൽ നിന്ന് ആറുവിക്കറ്റ് വീഴ്ത്തി.
വെസ്റ്റ് ഇൻഡീസിനെതിരായ മത്സരത്തിൽ അഞ്ച് റൺസ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി പ്‌ളേയർ ഒഫ് ദ മാച്ചുമായി.
2023ൽ നടന്ന പ്രഥമ ലോകകപ്പിലും ഇന്ത്യയ്ക്കായിരുന്നു കിരീടം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്