വനിതാ വോളിയിൽ സ്വർണം, പുരുഷ വോളിയിലും വനിതാ 5x5 ബാസ്‌ക്കറ്റ്ബാളിലും വെള്ളി, വെയ്റ്റ് ലിഫ്ടിംഗിൽ അഞ്ജന ശ്രീജിത്തിന് വെങ്കലം
ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ നടക്കുന്ന 38-ാമത് ദേശീയ ഗെയിംസിൽ ഇന്നലെ കേരളത്തിന് ഒരു സ്വർണവും രണ്ട് വെള്ളികളും ഒരു വെങ്കലവുമുൾപ്പടെ നാലുമെഡലുകൾ. ഇതോടെ കേരളത്തിന്റെ ആകെ മെഡലുകളുടെ എണ്ണം ആറ് സ്വർണവും മൂന്ന് വെള്ളിയും നാല് വെങ്കലങ്ങളുമടക്കം 13 ആയി.
എന്നാൽ മെഡൽപ്പട്ടികയിൽ കേരളം പത്താം സ്ഥാനത്തേക്ക് താഴ്ന്നിട്ടുണ്ട്. വനിതകളുടെ വോളിബാളിലാണ് ഇന്നലത്തെ സ്വർണം. പുരുഷ വോളിയിലും 5x5 വനിതാ ബാസ്‌ക്കറ്റ്‌ബോളിലും വെള്ളി നേടിയപ്പോൾ വെയ്റ്റ്‌ലിഫ്റ്റിൽ 81 കിലോ ഗ്രാം വിഭാഗത്തിൽ അഞ്ജന ശ്രീജിത്ത് വെങ്കലം നേടി.
കിറ്റില്ലേലും ടിക്കറ്റില്ലേലും വോളി നമ്മുടെ പൊന്നല്ലേ...
സ്‌പോർട്‌സ് കൗൺസിൽ കിറ്റും വിമാന ടിക്കറ്റും നിഷേധിച്ചതിനാൽ സ്വകാര്യസ്ഥാപനത്തിന്റെ ജഴ്‌സിയണിഞ്ഞ് മത്സരിക്കേണ്ടിവന്ന കേരളത്തിന്റെ വനിതാ പുരുഷ താരങ്ങൾ നേടിയ സ്വർണവും വെള്ളിയും കേരളത്തിന്റെ മെഡൽ അക്കൗണ്ടിലേക്കാണ് എത്തിയത്. വനിതകളുടെ വോളിബാൾ ഫൈനലിൽ കേരളം തമിഴ്‌നാടിനെ ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ് പരാജയപ്പെടുത്തിയത്.
മത്സരത്തിൽ ആദ്യ സെറ്റ് കേരളം 2519ന്‌സ്വന്തമാക്കി. എന്നാൽ തമിഴ്‌നാട് രണ്ടും മൂന്നും സെറ്റുകൾ 22-25, 22-25 എന്ന സ്‌കോറിൽ സ്വന്തമാക്കിയതോടെ ഉണർന്നുകളിച്ച കേരളം 25-14 നാലാം സെറ്റ് സ്വന്തമാക്കി മത്സരത്തിലേക്ക് തിരച്ചെത്തി. അഞ്ചാം സെറ്റിൽ കേരളം 15-7 ന് മുന്നിലെത്തി സ്വർണവും സ്വന്തമാക്കി. ഗുജറാത്ത് ദേശീയ ഗെയിംസിൽ വനിതാ വിഭാഗത്തിൽ സ്വർണം കേരളത്തിനായിരുന്നു.
പുരുഷവോളി ഫൈനലിൽ കേരളം സർവീസസിനോട് പൊരുതിയാണ് തോറ്റത്. സ്‌കോർ: 25-20, 25-22, 19-25, 28-26. ആദ്യ രണ്ട് സെറ്റുകൾ സർവീസസ് നേടിയെങ്കിലും മൂന്നാം സെറ്റുനേടി കേരളം ഉശിരുകാട്ടി. നാലാം സെറ്റിൽ പക്ഷേ കീഴടങ്ങി. പലതവണയായി കേരളത്തിന് സെറ്റ് പോയിന്റ് നേടാനവസരം ലഭിച്ചെങ്കിലും പ്രയോജനപ്പെടുത്താനായില്ല. സർവീസസിന് വീണു കിട്ടിയ അവസരം വിനിയോഗിക്കുകയും ചെയ്തു.
ബാസ്‌കറ്റിൽ വെള്ളി
വനിതകളുടെ 5X5 ബാസ്‌ക്കറ്റ്ബാൾ ഫൈനലിൽ കേരളം തമിഴ്‌നാടിനോട് 79-46 ന് പരാജയപ്പെട്ടാണ് വെള്ളിയിലൊതുങ്ങിയത്. കഴിഞ്ഞ ദിവസം സെമിയിൽ കർണാടകക്കെതിരെ ഇഞ്ചോടിഞ്ച് പോരാട്ടം നടത്തിയ കേരളത്തിന് വിശ്രമിക്കാൻ മണിക്കൂറുകൾ മാത്രമാണ് ലഭിച്ചത്.
മത്സരം അവസാനിച്ച് മിനിട്ടുകൾക്കകം നാട്ടിലേക്ക് തിരിച്ചു പോകാനുള്ള വിമാനവും ടീമിനെ കാത്തു നിൽക്കുന്നുണ്ടായിരുന്നു. ബാസ്‌ക്കറ്റ്ബാൾ മത്സരങ്ങൾ ഒരു ദിവസത്തേക്ക് നീട്ടിയതാണ് തിരിച്ചടിയായത്. കഴിഞ്ഞ ഗെയിംസിൽ സ്വർണം നേടിയ ടീമാണ് കേരളം.
ഡെങ്കിപ്പനിയെ ഉയർത്തിയെറിഞ്ഞ് അഞ്ജനയുടെ വെങ്കലം
വനിതകളുടെ വെയ്റ്റ്‌ലിഫ്റ്റിംഗിൽ സ്‌നാച്ചിൽ 85കിലോയുംക്‌ളീൻ ആൻഡ് ജെർക്കിൽ 111കിലോയും ഉയർത്തിയാണ് കേരളത്തിന്റെ അഞ്ജന ശ്രീജിത്ത് വെങ്കലം നേടിയത്. കോമൺവെൽത്ത് ചാമ്പ്യൻഷിപ്പിലെ സ്വർണജേതാവാണ് അഞ്ജന.
ദേശീയ ഗെയിംസിന് രണ്ട് ആഴ്ച മുമ്പ് ഡങ്കിപ്പനി പിടിപ്പെട്ട അഞ്ജനയ്ക്ക് ഉത്തരാഖ്ഡിലെത്തിയശേഷം ഭക്ഷ്യ വിഷബാധയുമേറ്റിരുന്നു. വയനാട് തയ്യിൽ കോളനിമുക്ക് ശ്രീജിത്ത് ടി.പിയുടെയും കവിതയുടേയും മകളാണ്. അനുഗ്രഹജിത്താണ് സഹോദരൻ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്