കൊച്ചി: സാഹിത്യത്തിൽ ഓരോ കാലവും ഓരോ പ്രസ്ഥാനമായാണ് അറിയപ്പെടുന്നത്. എന്ത് എഴുതിയാലും ആരെഴുതിയാലും ഒരു പ്രസ്ഥാനത്തിൽ പെട്ടേ എഴുത്തുകാരൻ ആകൂ. അതുകൊണ്ട് വാല്മീകിയും വ്യാസനും കാളിദാസനും ഷേക്‌സ്പിയറും ഒന്നും എഴുത്തുകാർ അല്ല! അവർക്ക് ആർക്കും ഒരു പുരസ്‌കാരവും കിട്ടിയതായി രേഖയും ഇല്ല.
സത്യാനന്തരകാലമായതുകൊണ്ട് അസത്യം പറയുന്ന എല്ലാവരെയും എഴുത്തുകാരായി പരിഗണിക്കും. ഏറ്റവും നന്നായി കള്ളം പറയുന്നവരെ ഏറ്റവും നല്ല എഴുത്തുകാരായും കാണും. അവർക്ക് ചക്രങ്ങളും പതക്കങ്ങളും കൊടുക്കും. എന്നാലിവിടെ ഒരു പ്രസ്ഥാനത്തിലും പെടാതിരുന്ന സാഹിത്യനിപുണൻ ടി.എം. ചുമ്മാറിന്റെ പേരിലുള്ള പുരസ്‌കാരം ഗ്രൂപ്പുകളിലൊന്നും കാണാത്ത വാചകം ന്യൂസ് വീക്കിലിയുടെ പത്രാധിപരും മനശ്ശക്തി പരിശീലകനുമായ ജോഷി ജോർജിന് നൽകിയതിൽ ഏറെ സന്തോഷമുണ്ട്.
ടി.എം. ചുമ്മാറിന്റെ ശതോത്തര രജത ജൂബിലി പ്രമാണിച്ച് ചുമ്മാർ സ്മാരക ഭാഷാമിത്രം അവാർഡ് നൽകി ആദരിച്ച ബഹുമുഖപ്രതിഭയായ ജോഷി ജോർജിനെ പൂക്കാട്ടുപടി വള്ളത്തോൾ സ്മാരക വായനശാലയുടെ ആദരിക്കൽ ചടങ്ങിൽ സംസാരിക്കുകയായിരുന്നു മുഖ്യ പ്രഭാഷകനായ പ്രശസ്ത സാഹിത്യകാരൻ സി. രാധാകൃഷ്ണൻ.
യോഗത്തിൽ വായനശാല പ്രസിഡന്റ് ജേക്കബ് സി. മാത്യു അധ്യക്ഷത വഹിച്ചു. വാചകം ന്യൂസ് ചെയർമാനും സിഇഒയുമായ ജോസ് ചെന്നിക്കര (ഷിക്കാഗോ), കുന്നത്തുനാട് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.ജി സജീവ്, ജി. വേണുഗോപാൽ, പി.വി. സുരേന്ദ്രൻ, സാബു പൈലി, സി.ജി ദിനേശൻ, കെ.എം. മഹേഷ് എന്നിവർ ആശംസകൾ അർപ്പിച്ചു.
ഷിക്കാഗോയിൽ മലയാള ഭാഷയ്ക്ക് ദീർഘകാലമായി നൽകിയ മികച്ച സംഭാവനളെ കണക്കിലെടുത്ത് ജോസ് ചെന്നിക്കരയെ സി. രാധാകൃഷ്ണനും ജേക്കബ് സി. മാത്യവും ചേർന്ന് പൊന്നാടയണിയിച്ചു.
ചടങ്ങിനോടനുബന്ധിച്ച് ജോഷി ജോർജ് രചിച്ച അസാധ്യമായതിനെ സാധ്യമാക്കാൻ എന്ന പ്രചോദനാമക പുസ്തകത്തിന്റെ മൂന്നാം പതിപ്പ് തിരക്കഥാകൃത്തും നോവലിസ്റ്റുമായ പി.എഫ് മാത്യൂസ് പ്രകാശനം ചെയ്തു. പ്രശസ്ത ശില്പിയും ചിത്രകാരനുമായ ഡാവിഞ്ചി സുരേഷ് പുസ്തകം ഏറ്റുവാങ്ങി. പുസ്തക പരിചയപ്പെടുത്തിയത് ബെന്നി മാത്യു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്