ഇന്നലെ ( ഫെബ്രുവരി 1) ഉറപ്പാക്കിയത് മൂന്ന് മെഡലുകൾ, നീന്തലിൽ സാജൻ പ്രകാശും ഹർഷിതയും സുവർണ താരങ്ങൾ, വുഷുവിൽ കേരളത്തിന്റെ ആദ്യ സ്വർണവുമായി മുഹമ്മദ് ജാസിൽ, ഹർഷിതയുടെ ഈ ഗെയിംസിലെ രണ്ടാം സ്വർണം.
ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ നടക്കുന്ന 38-ാമത് ദേശീയ ഗെയിംസിൽ ഇന്നലെ മൂന്ന് പൊന്നുകളുമായി മിന്നി കേരളം. ഇതോടെ കേരളത്തിന്റെ ആകെ സ്വർണങ്ങളുടെ എണ്ണം അഞ്ചായി. ഒരു വെള്ളിയും മൂന്ന് വെങ്കലങ്ങളുമടക്കം ഒൻപത് മെഡലുകളാണ് കേരളത്തിന് ആകെയുള്ളത്. മെഡൽപ്പട്ടികയിൽ ഏഴാം സ്ഥാനത്താണിപ്പോൾ കേരളം. വനിതകളുടെ ബാസ്‌കറ്റ് ബോളിലും വോളിബോളിലും ഫൈനലുകളിലെത്തി കേരളം വെള്ളി മെഡൽ ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്.
പുരുഷ വിഭാഗം വുഷുവിലെ തൗലോ നങ്കുൻ വിഭാഗത്തിൽ മലപ്പുറത്തുകാരനായ മുഹമ്മദ് ജാസിലിലൂടെയായിരുന്നു ആദ്യ സ്വർണം. പെർഫോമിംഗ് ഇനമായ തൗലോ നങ്കുനിൽ 8.35 പോയിന്റ് നേടിയാണ് ജാസിലിന്റെ സ്വർണനേട്ടം. വുഷുവിൽ മണിപ്പൂരി താരങ്ങളുടെ ആധിപത്യത്തെ മറികടന്നാണ് ജാസിലിന്റെ നേട്ടം. ഈയിനത്തിൽ കേരളത്തിന്റെ മറ്റൊരു താരമായ മുനീർ നാലാമതെത്തി.
വൈകിട്ട് ഹൽദ്വാനിയിൽ നടന്ന നീന്തലിൽ നിന്നായിരുന്നു അടുത്ത രണ്ട് മെഡലുകൾ. കേരളത്തിന്റെ മെഡൽ വേട്ടക്കാരൻ സാജൻ പ്രകാശ് തന്റെ ഇഷ്ട ഇനമായ 200 മീറ്റർ ബട്ടർഫ്‌ളൈ സ്‌ട്രോക്കിലാണ് സ്വർണം നേടിയത്. തുടർച്ചയായ നാലാം ദേശീയ ഗെയിംസിലാണ് സാജൻ ഈയിനത്തിൽ സ്വർണം നേടുന്നത്. 2015ലെ കേരള, 2022 ഗുജറാത്ത്, 2023 ഗോവ എന്നീ ദേശീയ ഗെയിംസുകളിലും സാജൻ ഇതേ ഇനത്തിൽ സ്വർണം നേടിയിരുന്നു. സാജന്റെ മൊത്തം ദേശീയ ഗെയിംസുകളിലെ 29 -ാം മെഡലും ഈ ഗെയിംസിലെ രണ്ടാമത്തെ മെഡലുമാണിത്. കഴിഞ്ഞ ദിവസം 200 മീറ്റർ ഫ്രെീസ്റ്റൈലിൽ സാജൻ വെങ്കലം നേടിയിരുന്നു.
കഴിഞ്ഞ ദിവസം 200 മീറ്റർ ബ്രസ്റ്റ് സ്‌ട്രോക്കിൽ സ്വർണം നേടിയിരുന്ന ഹർഷിത ജയറാം ഇന്നലെ 50 മീറ്റർ ബ്രസ്റ്റ് സ്‌ട്രോക്കിലാണ് പൊന്നണിഞ്ഞത്. ദേശീയ ഗെയിംസിലെ തന്റെ നാലാമത്തെ സ്വർണമെഡലാണ് ഇന്നലെ ഹൽദ്വാനിയിലെ നീന്തൽക്കുളത്തിൽ നിന്ന് ഹർഷിത സ്വന്തമാക്കിയത്. ഗോവയിൽ നടന്ന 37 -ാമത് ദേശീയ ഗെയിംസിൽ രണ്ട് സ്വർണമെഡലുകൾ ഹർഷിത നേടിയിരുന്നു. ഒരു വെങ്കലവും ഗോവയിൽ സ്വന്തമാക്കിയിരുന്നു. ഇതെല്ലാം ബ്രെസ്റ്റ് സ്‌ട്രോക്ക് മത്സരങ്ങളിൽ നിന്നായിരുന്നു. തൃശൂർ മതിലകം സ്വദേശിയായ ഹർഷിത ബംഗളൂരുവിൽ സൗത്ത് വെസ്റ്റ് റെയിൽവേയിലാണ് ജോലി നോക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്