ഇ.എം. സ്റ്റീഫന്റെ കിതപ്പും മലയാളിയുടെ കുതിപ്പും ചരിത്ര താളുകളിൽ

FEBRUARY 1, 2025, 11:48 PM

ന്യൂയോർക്ക്: മൂന്നു പതിറ്റാണ്ടായി അമേരിക്കൻ മലയാളിയുടെ മേൽവിലാസമായി നിലകൊള്ളുന്ന കേരള സെന്ററിന്റെ സ്ഥാപകൻ ഇ.എം. സ്റ്റീഫൻ എഴുതിയ 'കേരള സെന്റർ: ഒരു ചരിത്ര രേഖ,' ചടങ്ങിൽ പ്രകാശനം ചെയ്തു. സർഗ്ഗവേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ ആദ്യകാല  മലയാളി പ്രൊഫ. ജോസഫ് ചെറുവേലി കോപ്പി ഫൊക്കാന മുൻ പ്രസിഡന്റും ജനനി പത്രാധിപരുമായ ജെ. മാത്യുസിന് നൽകി പ്രകാശനം നിർവ്വഹിച്ചു. നേരത്തെ ജോൺ പോൾ എഴുതിയ 'ഒരു യാത്രയുടെ ലക്ഷ്യം' എന്ന പുസ്തകം പ്രൊഫ. തെരേസ ആന്റണിക്ക് കോപ്പി നൽകി ഡോ. ശശിധരൻ കൂട്ടാലയും പ്രകാശനം ചെയ്തു.  പി.ടി. പൗലോസ് അധ്യക്ഷത വഹിച്ചു.

കേരള സെന്ററിന്റെ തുടക്കകാലത്തെ വിഷമതകളും സ്റ്റീഫനും സഹപ്രവർത്തകരായ ജോസ് ചുമ്മാർ കോരക്കുടിലിൽ, അലക്‌സ് എസ്തപ്പാൻ, തമ്പി തലപ്പിള്ളി തുടങ്ങിയവരും നേരിട്ട വിഷമതകൾ ചൂണ്ടിക്കാട്ടി. വൈ.എം.സിയ ബിൽഡിംഗിലെ കുളം നികത്തിയാണ് ഇപ്പോഴത്തെ ഹാൾ നിർമ്മിച്ചത്. 2024 വർഷത്തിൽ അമേരിക്കയുടെ പ്രവാസ ജീവിതത്തിന്റെ വെള്ളി വെളിച്ചമായി പ്രശോഭിക്കുന്ന കേരള സെന്ററിന്റെ ചരിത്രം പുസ്തകരൂപത്തിൽ ഇറങ്ങി എന്നുള്ളത് ചെറിയകാര്യമല്ല. വർഷാവസാനം ഏറ്റവും ധന്യമായ ഒരു വർഷമായി മാറിയത് ഈ പുസ്തകം കൈയിൽ കിട്ടിയതുകൊണ്ട് കൂടിയാണ്. ന്യൂയോർക്കിലെ കേരള സെന്റർ രൂപീകരണത്തിൽ അനുഭവിച്ച കാര്യങ്ങൾ ഒരു പോരാട്ടത്തിന്റെ അതിജീവനത്തിന്റെ അനുഭവ കഥയാണ്. നടന്ന വഴികൾ ദുരിത പൂർണമായ ഭൂതകാലത്തിന്റെ ആകുമ്പോൾ പ്രസ്ഥാനമാക്കി വളർത്താൻ പോരാടിയവർക്ക് അത്ര നിസ്സാരമല്ല ആ യാത്ര.

ജോൺ എഫ് കെന്നഡി പറഞ്ഞ പോലെ 'നിങ്ങളുടെ നാട് നിങ്ങൾക്ക് വേണ്ടി എന്ത് ചെയ്തുവെന്ന ചോദ്യം അപ്രസക്തമാണ് എന്നാൽ നിങ്ങൾ സ്വദേശത്തിന് വേണ്ടി എന്ത് ചെയ്തുവെന്നതാണ് പ്രസക്തം  പ്രധാനവും. ' അതെ മഹനീയമായ ഈ ചോദ്യത്തിന് ഉത്തരമാണ് ഇ.എം. സ്റ്റീഫനെന്ന നാട്ടുമ്പുറത്തുകാരനായ അമേരിക്കൻ പ്രവാസിയുടെയും കുറച്ചു മഹത്‌വ്യക്തികളുടെയും  അഭിമാനകരമായ കഠിനാധ്വാനത്തിന്റെ പൂർത്തീകരണമാണ് ന്യൂയോർക്കിലെ കേരള സെന്റർ എന്ന സ്ഥാപനം. അതിന്റെ ചരിത്രമാണ് ഈ പുസ്തകത്തിൽ തീർച്ചയായും ഫൊകാനയും, ഫോമയും വേൾഡ് മലയാളിയും അവയിലെ പ്രവർത്തകരും നേതാക്കളും ഒക്കെ വായിച്ചിരിക്കേണ്ട പുസ്തകമെന്ന് ജോസ് കാടാപുറം തന്റെ ആമുഖ പ്രസംഗത്തിൽ പറഞ്ഞു.

vachakam
vachakam
vachakam

മഹത്തുക്കളായ രണ്ടു വ്യക്തികളുടെ, അതിലുപരി നന്മയുള്ള രണ്ടു പേരുടെ, ജീവിത കഥയാണ് ഇവിടെ പ്രകാശനം ചെയ്യപ്പെടുന്നതെന്ന് പ്രൊഫ. ചെറുവേലി പറഞ്ഞു. 1967ൽ തന്റെ  30 -ാമത് ജന്മദിനം  ആഘോഷിക്കാൻ ബാറ്ററി പാർക്കിൽ നിന്ന് ഇൻവുഡ് പാർക്ക് വരെ ഒട്ടേറെ മൈലുകൾ താനും സുഹൃത്തുക്കളും നടക്കുകയുണ്ടായി. ഇന്നിപ്പോൾ വാക്കർ സഹായമില്ലാതെ 30 അടി നടക്കാനാവില്ല. ഒരിക്കലും പ്രായമാകരുത് എന്നതാണ് എല്ലാവരോടുമുള്ള തന്റെ ഉപദേശം.

ഈ പരിപാടി സംഘടിപ്പിച്ചത് സർഗ്ഗവേദിയാണ്. ഞങ്ങൾ 8 പേര് ചേർന്നാണ് അത് തുടക്കമിട്ടത്. നാല് പേർ  ഇപ്പോഴില്ല. ഗോപാലൻ നായർ, ജോയി ലൂക്കോസ്, ഡോ. ഇല്ലിക്കൽ, ലില്ലിക്കുട്ടി ഇല്ലിക്കൽ എന്നിവർ. അവശേഷിക്കുന്നത് ജയൻ കെ.സി., മനോഹർ തോമസ്, സുധീർ പണിക്കവീട്ടിൽ, താൻ എന്നിവരാണ്.

താനൊരു കാപിറ്റലിസ്റ്റ് ചിന്താഗതിക്കാരനും മതത്തിൽ വിശ്വസിക്കുന്ന ആളുമാണ്. സ്റ്റീഫന് അവയോട് താല്പര്യമില്ല എന്നറിയാം. 

vachakam
vachakam
vachakam

സെന്റർ ഫലവത്താക്കുന്നതിൽ സ്റ്റീഫന്റെ പ്രയത്‌നങ്ങളും നേരിട്ട വിഷമതകളും ഒരിക്കലും മറക്കാവുന്നതല്ല. അദ്ദേഹത്തിന്റെ പേര് അനശ്വരമാക്കാൻ ഈ ഹാളിന് ഇ.എം. സ്റ്റീഫൻ ഹാൾ എന്ന് പേരിടാമെന്നാണ് തന്റെ അഭിപ്രായം. വിക്ടോറിയ രാജ്ഞിയുടെ ജൂബിലി പ്രമാണിച്ച് തിരുവനന്തപുരത്ത് വിക്ടോറിയ ജൂബിലി ടൗൺ ഹാൾ നിർമ്മിച്ചതും മുംബൈയിൽ വിക്ടോറിയ ടെർമിനസ് ഉണ്ടായതും അദ്ദേഹം ചൂണ്ടിക്കാട്ടി.

എന്നാൽ ഒരിക്കലും അങ്ങനെ പേരിടരുതെന്ന് ജെ. മാത്യൂസ് പറഞ്ഞു. സ്ഥാപനത്തിന്റെ വ്യക്തിത്വത്തിന് തന്നെ എതിരാണ് അത്. തങ്ങളുടെ പേര് നിലനിർത്താൻ രാജാക്കന്മാരും മറ്റും മുൻപ് അത് ചെയ്തിരിക്കാം. പക്ഷെ ഈ സ്ഥാപനം ജനങ്ങളുടേതാണ്.

ഇവിടെ ആദ്യത്തെ പൊതുപരിപാടി ആയി നടന്നത് ജോസ് ചുമ്മാർ കോരക്കുടിലിന്റെ കുട്ടിയുടെ മാമ്മോദീസാ ആഘോഷമായിരുന്നുവെന്ന് അദ്ദേഹം അനുസ്മരിച്ചു. പിന്നീടത് നിരവധി സമ്മേളനങ്ങൾക്ക് സാക്ഷിയായി. ഈയിടെ ലാനയുടെ ത്രിദിന സാഹിത്യസമ്മേളനവും ഇവിടെ നടന്നു.

vachakam
vachakam
vachakam

ഏതാനും വർഷം കഴിയുമ്പോൾ ഈ സ്ഥാപനം ആരുണ്ടാക്കി എന്ന സംശയം വരും. അതിനാൽ ഈ പുസ്തകം ഒരു ചരിത്ര രേഖയായി നിലകൊള്ളും. കടുത്ത തണുപ്പും ചൂടും സഹിച്ച്  സ്റ്റീഫൻ ഇതിനായി ഇറങ്ങി തിരിച്ചപ്പോൾ അദ്ദേഹത്തിന് തുണയായി നിന്ന ഭാര്യ ചിന്നമ്മയുടെ സംഭാവനയും വിസ്മരിക്കാനാവില്ല. ഇത് കേരള സെന്ററിന്റെയും അമേരിക്കൻ മലയാളിയുടെയും ചരിത്രമാണ്.

എം.കെ. സാനു സ്റ്റീഫനെ വിശേഷിപ്പിച്ചത് ഒരു സാഹസികൻ എന്നാണ്. ഒഴുക്കിനെതിരെ ആയിരുന്നു സ്റ്റീഫന്റെ നീക്കം.

മുൻപൊരിക്കൽ കേട്ട ഒരു സംഭാഷണ ശകലം ഓർക്കുന്നു. ഒരാൾ പറഞ്ഞു സ്റ്റീഫൻ ഒരു വിഡ്ഢിയാണെന്നും കേരള സെന്ററിന് പകരം ഒരു അപ്പാർട്‌മെന്റ് കോംപ്ലക്‌സ് പണിത് പണമുണ്ടാക്കാമായിരുന്നു എന്നും. സ്റ്റീഫനെ അറിയാവുന്ന രണ്ടാമത്തെ ആൾ പറഞ്ഞത് അങ്ങനെ ചെയ്തിരുന്നുവെങ്കിൽ സ്റ്റീഫൻ അത് ലോ ഇൻകം ആളുകൾക്ക് കൊടുക്കുകയും അവർക്ക് കറന്റ് ബിൽ അടക്കാൻ കഴിഞ്ഞില്ലെങ്കിൽ അതിനുള്ള പണം കൂടി കയ്യിൽ നിന്ന് കൊടുക്കുകയും ചെയ്യുമായിരുന്നു എന്നാണ്.

നമുക്ക് ഒരുപാട് പള്ളികളും ക്ഷേത്രങ്ങളും ഉണ്ടെങ്കിലും ഇത് പോലുള്ള അഞ്ചു സ്ഥാപനങ്ങൾ മാത്രമേ മലയാളിയുടേതായി അമേരിക്കയിൽ ഉള്ളൂ എന്നത് ഖേദകരമാണെന്ന് ജെ. മാത്യുസ് പറഞ്ഞു.

എഫ്.ഐ.എ. മുതൽ ഗോപയോ വരെ പല സംഘടനകൾ താൻ സ്ഥാപിച്ചത് ഡോ. തോമസ് അബ്രഹാം ചൂണ്ടിക്കാട്ടി. എൺപതുകളുടെ അവസാനം കേരള സെന്റർ സ്ഥാപിക്കാൻ നിർദേശം വന്നപ്പോൾ പലരും സംശയിച്ചപ്പോഴും അതിനായി ശക്തമായി ഇറങ്ങിയത് ഇ.എം. സ്റ്റീഫനാണ്. സ്റ്റീഫന്റെ കടുംപിടുത്തമാണ് സെന്റർ രൂപം കൊള്ളുന്നതിന് കാരണമായത്. സെന്ററിന്റെ വളർച്ചയിലും പ്രസിഡന്റ് എന്ന നിലയിലും എക്‌സിക്യൂട്ടീവ്  ഡയറക്ടർ എന്ന നിലയിലും വലിയ പങ്കും വഹിച്ചെന്ന്്അദ്ദേഹം ചൂണ്ടിക്കാട്ടി.

ഒരേ രാഷ്ട്രീയ ആശയങ്ങൾ ഉള്ളവർ എന്ന നിലയിലാണ് സ്റ്റീഫനുമായി താൻ കൂടുതൽ അടുത്തതെന്ന്  മലയാളം പത്രത്തിന്റെ എഡിറ്ററായിരുന്ന ജേക്കബ് റോയി പറഞ്ഞു. ഇപ്പോൾ മതസ്ഥാപനങ്ങൾ   സെക്കുലർ സ്ഥാപനങ്ങളെ വിഴുങ്ങുന്നു. ഒരാൾ മരിച്ചാൽ മതസ്ഥാപനങ്ങളെയാണ് ജനം സമീപിക്കുകയെന്ന് പ്രൊഫ. ചെറുവേലി പറഞ്ഞു. മരണം, വിവാഹം, മാമ്മോദീസ ഒക്കെയാണ് വൈദികരുടെ ജോലി. മുൻപ് അവയൊന്നും കാര്യമായി ഇല്ലായിരുന്നു. ഇപ്പോൾ സ്ഥിതി   മാറിക്കൊണ്ടിരിക്കുന്നു.

സ്റ്റീഫന്റെ പ്രയത്‌നം സമൂഹത്തിനെത്ര ഗുണകരമായി എന്നതു തെളിവായി നമ്മുടെ മുന്നിലുണ്ടെന്ന്  അദ്ദേഹം ചൂണ്ടിക്കാട്ടി.

ആരെങ്കിലുമൊക്കെ കാണുന്ന സ്വപ്നങ്ങളാണ് സ്ഥാപനങ്ങളായും പ്രസ്ഥാനങ്ങളായും ഒക്കെ മാറുന്നതെന്ന് ജോർജ് ജോസഫ് (ഇ - മലയാളി) ചൂണ്ടിക്കാട്ടി. സെന്ററിന്റെ സ്ഥാപനവും അതിന്റെ ചരിത്രവും പുതുതലമുറക്കായി എഴുതിയ ഈ പുസ്തകം എന്തുകൊണ്ടും കുടിയേറ്റ ചരിത്രത്തിൽ  സുപ്രധാനമാണ്.

കേരള സെന്ററിൽ ആദ്യകാലത്ത് തന്റെ ഭാര്യ  മഞ്ജു തോമസിന്റെ നേതൃത്വത്തിൽ ഡാൻസ് സ്‌കൂൾ നടത്തിയിരുന്ന കാര്യം ജോജോ തോമസ് അനുസ്മരിച്ചു.

കേരള സെന്ററിൽ നടന്ന ആദ്യ പൊതുപരിപാടി തന്റെ മകന്റെ മാമ്മോദീസ ആയിരുന്നുവെന്നും അന്നത് നടക്കുന്നതിനുള്ള അസൗകര്യങ്ങളും പ്രശ്‌നങ്ങളും സെന്ററിന്റെ മുൻ പ്രസിഡന്റ് കൂടിയായ  ജോസ് ചുമ്മാർ കോരക്കുടിലിൽ അനുസ്മരിച്ചു.

ഇടതുപക്ഷ നിലപാട് ഉള്ളത് കൊണ്ട് വിശ്വാസി അല്ല എന്ന് പറയുമെങ്കിലും ആഴത്തിലുള്ള ആത്മീയതയുള്ള വ്യക്തിയാണ് തന്റെ പിതാവെന്ന് പുത്രി ഡെയ്‌സി സ്റ്റീഫൻ അനുസ്മരിച്ചു.

മറുപടി പ്രസംഗത്തിൽ തന്റെ പരിശ്രമങ്ങൾക്ക് തുണയായി നിന്നവരെ സ്റ്റീഫൻ നന്ദിയോടെ സ്മരിച്ചു. ആഴ്ചയിൽ അയക്കുന്ന ന്യുസ് ലെറ്റർ ആണ് തുക സമാഹരിക്കാൻ സഹായിച്ചത്. ഒരു തവണ അത് തയ്യാറാക്കാതിരുന്ന മകനെ താൻ തല്ലിയപ്പോൾ അലക്‌സ് തമ്പാൻ ഇടപെടുകയായിരുന്നു. പുത്രനോട് ഇപ്പോൾ ക്ഷമ പറയുന്നു.

കേരള സെൻറ്ററിൽ ആദ്യം തുടങ്ങിയത് മലയാളം ക്ലാസ് ആണ്. ക്രമേണ പള്ളികളിലും മറ്റും അത് വന്നതോടെ ഇവിടെ ക്ലാസ് നിലച്ചു.

കേരള സെന്ററിന് 228 അംഗങ്ങളുണ്ട്. 112 പേർക്കാണ് വോട്ടവകാശം. കാൽ നൂറ്റാണ്ട് താൻ പ്രസിഡന്റും എക്‌സിക്യൂട്ടിവ് ഡയറക്ടറും ആയിരുന്നെങ്കിലും അവാർഡ് പരിപാടിയിൽ ഇടപെട്ടിട്ടേ ഇല്ല. അതിന്റെ ചുമതല ഡോ. തോമസ് എബ്രഹാമിന് ആയിരുന്നു.

ആദ്യകാലത്ത് തുണയായി നിന്ന ജോണും ശോശാമ്മയും, വർഗീസും മറിയാമ്മയും ചെയ്ത സഹായങ്ങൾ മറക്കാനാവാത്തതാണ്. പിന്നീട് ശ്രീധര മേനോനും ദിലീപ് വർഗീസും വലിയ സഹായവുമായി എത്തി.

രാജു തോമസ്, കോരസന് വർഗീസ് തുടങ്ങിയവരും സംസാരിച്ചു.

അലക്‌സ്‌

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam