ലോകമലയാളികളെ ഒരു കുടക്കീഴിൽ അണി നിരത്തുന്ന ഓവർസീസ് റസിഡന്റ് മലയാളീസ് അസോസിയേഷൻ (ORMA) അഥവാ 'ഓർമ്മ ഇന്റർനാഷണൽ' സംഘടിപ്പിച്ച ഇന്ത്യൻ റിപ്പബ്ലിക്ക് ദിനാഘഷങ്ങളോടനുബന്ധിച്ച്, രണ്ടായിരത്തി ഇരുപത്തിയഞ്ചിലെ പ്രവർത്തനോദ്ഘാടനവും, അന്താരാഷ്ട്ര പ്രസംഗ മത്സരത്തിന്റെ മൂന്നാം സീസൺ കിക്ക് ഓഫും സംയുക്തമായി ഫിലാഡെൽഫിയായിൽ ആഘോഷപൂർവ്വം നടത്തപ്പെട്ടു. ഹോളി ഫാമിലി യൂണിവേഴ്സിറ്റി അക്കാദമിക് അഫ്യേഴ്സ് വൈസ് പ്രസിഡന്റ് ഡോ. ബിന്ദു ആലപ്പാട്ട് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ ഫിലാഡൽഫിയയിലെ വിവിധ സാമൂഹിക സാംസ്കാരിക സംഘടനാ നേതാക്കൾ, ഓർമയുടെ സ്പോൺസേർസ്, അഭ്യുദയകാംക്ഷികൾ, മാധ്യമ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.
ഷൈൻ തോമസിന്റെ ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ച പൊതുയോഗത്തിൽ പ്രസിഡന്റ് സജി സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. ട്രസ്റ്റീ ബോർഡ് ചെയർമാൻ ജോസ് ആറ്റുപുറം പുതിയ ഭാരവാഹികളായ പ്രസിഡന്റ് സജി സെബാസ്റ്റ്യൻ, സെക്രട്ടറി ക്രിസ്റ്റി എബ്രഹാം, ട്രഷറർ റോഷൻ പ്ലാമൂട്ടിൽ എന്നിവർക്ക് പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. ഓർമ്മ ടാലൻറ്റ് പ്രൊമോഷൻ ഫോറം ചെയർമാൻ ജോസ് തോമസ്, ചരിത്ര വിജയമായിക്കഴിഞ്ഞ രണ്ടു സീസണുകളിലെ മത്സര പരിശീലന പരമ്പരകൾക്ക്, താങ്ങും തണലുമായ എല്ലാവർക്കും നന്ദിപറഞ്ഞുകൊണ്ട് മൂന്നാം സീസണിന്റെ വിജയത്തിനായി ഒത്തൊരുമയോടെ കൈകോർക്കാൻ, വളർന്നുവരുന്ന ഭാവി തലമുറയ്ക്ക് പ്രചോദനമാകാൻ എല്ലാവരെയും ആഹ്വാനം ചെയ്തു.
മുൻ പ്രസിഡന്റ് ജോർജ് നടവയൽ, ഫിലാഡൽഫിയ പോലീസ് സാർജന്റ് ബ്ലെസ്സൺ മാത്യു, ഓർമ പബ്ലിക് അഫ്യേഴ്സ് ചെയർമാൻ വിൻസന്റ് ഇമ്മാനുവേൽ, ഓർമ ട്രഷറർ റോഷൻ പ്ലാമൂട്ടിൽ എന്നവർ ആശംസകൾ നേർന്നു പ്രസംഗിച്ചു. ഏൻഞ്ചൽ പ്ലാമൂട്ടിൽ, റോസ്മേരി പ്ലാമൂട്ടിൽ എന്നിവർ ദേശീയഗാനം ആലപിച്ചു. തുടർന്ന് ഷൈൻ തോമസ്, ക്രിസ്റ്റി എബ്രഹാം, ഷൈല രാജൻ എന്നിവർ ആലപിച്ച തമിഴ്, ഹിന്ദി, മലയാളം ഗാനങ്ങൾ സദസ്സിനു മാറ്റുകൂട്ടി.ഓർമ ഫിലാഡൽഫിയ ചാപ്റ്റർ പ്രസിഡന്റ് ഷൈല രാജൻ സ്വാഗതവും സെക്രട്ടറി ക്രിസ്റ്റി എബ്രഹാം നന്ദിയും രേഖപ്പെടുത്തി. യുഎൻ സ്പീച്ച് ഫെയിം, യൂത്ത് കോ-ഓർഡിനേറ്റർ എയ്മിലിൻ റോസ് തോമസ് പരിപാടികൾക്ക് മാസ്റ്റർ ഓഫ് സെറിമണിയായി.
ഒന്നാം സീസണിൽ 428 പേരും, രണ്ടാം സീസണിൽ 1467 പേരും പങ്കെടുത്ത, മൂന്നു ഘട്ടങ്ങളിലായി നടക്കുന്ന മത്സരങ്ങളുടെ വിജയികൾക്കായി മൂന്നാം സീസണിലും പത്ത് ലക്ഷം രൂപയുടെ ക്യാഷ് അവാർഡുകളാണ് കാത്തിരിക്കുന്നത്. 2025 ജനുവരി 26 മുതൽ ഓഗസ്റ്റ് 9 വരെ മൂന്ന് ഘട്ടങ്ങളിലായാണ് മത്സരം നടക്കുന്നത്. ഓഗസ്റ്റ് 8,9 തീയതികളിൽ പാലായിൽ വെച്ച് ഗ്രാൻഡ് ഫിനാലെ നടത്തപ്പെടും. കൃത്യമായ പരിശീലനം നൽകിക്കൊണ്ടു പ്രസംഗം മത്സരം നടത്തുന്ന ആദ്യത്തെ സംഘടനയെന്ന ബഹുമതിയും ഓർമ്മയ്ക്ക് അവകാശപ്പെടാവുന്നതാണ്. ഒന്നാം റൗണ്ടിൽ തിരഞ്ഞെടുക്കപ്പെടുന്ന മുഴുവൻ മത്സരാർത്ഥികൾക്കും പ്രസംഗ പരിശീലനം നൽകിയതിനു ശേഷം മത്സരത്തിനു തയ്യാറാക്കുന്ന മറ്റൊരു സംഘടന ഇല്ലെന്നു തന്നെ പറയാം.
വിജയികൾക്കു സിവിൽ സർവ്വീസ് പരിശീലനം ലഭിക്കുന്നതിനായുള്ള സ്കോളർഷിപ്പും ഓർമ്മയുടെ സംഘാടകർ ഇന്ത്യയിലെ തന്നെ പ്രശസ്തമായ വേദിക് സിവിൽ സർവ്വീസ് ട്രെയിനിങ്ങു അക്കാദമി വഴി ഒരുക്കി നൽകുന്നു. ജനുവരി 26 മുതൽ മാർച്ച് 26 വരെ നീണ്ടുനിൽക്കുന്ന ആദ്യഘട്ട മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ച വെക്കുന്ന ജൂനിയർ സീനിയർ ക്യാറ്റഗറികളിലെ ഇംഗ്ലീഷ് മലയാളം വിഭാഗം വിദ്യാർത്ഥികളിൽ നിന്നുമായി തിരഞ്ഞെടുക്കപ്പെടുന്ന 25 വീതം വിദ്യാർത്ഥികൾക്ക് രണ്ടാം ഘട്ട മത്സരത്തിൽ പങ്കെടുക്കാം.
രജിസ്റ്റർ ചെയ്യുന്ന സമയത്തു പഠിക്കുന്ന ഗ്രേഡ് അനുസരിച്ചു, ഏഴാം ക്ലാസ്സുമുതൽ പത്താം ക്ലാസ്സുവരെയുള്ളവർക്ക് ജൂനിയർ വിഭാഗത്തിലും പതിനൊന്നാം ക്ലാസ്സുമുതൽ ഡിഗ്രി അവസാനവർഷം വരെയുള്ളവർക്ക് സീനിയർ വിഭാഗത്തിലും പങ്കെടുക്കാം. സെക്കൻഡ് റൗണ്ട് മത്സരത്തിൽ മലയാളം-ഇംഗ്ലീഷ് ഭാഷകളിൽ ജൂനിയർ-സീനിയർ വിഭാഗങ്ങളിൽ നിന്നും വിജയികളാകുന്ന 13 വീതം വിദ്യാർത്ഥികൾ ഓഗസ്റ്റ് 9 ന് നടക്കുന്ന ഫൈനൽ റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെടും. ഫൈനൽ റൗണ്ടിന് മുന്നോടിയായി ഓഗസ്റ്റ് 8 ന് പാലായിൽ വച്ച് മത്സരാർത്ഥികൾക്ക് പബ്ലിക് സ്പീക്കിംഗിൽ പ്രത്യേക പരിശീലനം നൽകുന്നതാണ്.
മത്സരവും പരിശീലന പരിപാടികളും തികച്ചും സൗജന്യമാണ്. കഴിഞ്ഞ സീസണുകളിൽ ചെയ്തിരുന്നതു പോലെ ഗൂഗിൾ രജിസ്ട്രേഷൻ ഫോം പൂരിപ്പിച്ചയക്കുകയാണ് മത്സരത്തിൽ പങ്കെടുക്കുന്നതിനുള്ള ആദ്യപടി.
രജിസ്റ്റർ ചെയ്യുന്ന അവസരത്തിൽ തന്നെ സീനിയർ, ജൂനിയർ, ഇംഗ്ലീഷ്, മലയാളം മത്സരാർത്ഥികൾ ലോക സമാധാനം (World Peace) എന്ന വിഷയത്തെക്കുറിച്ച് മൂന്നു മിനിറ്റൽ കവിയാത്ത പ്രസംഗത്തിന്റെ വീഡിയോ ഗൂഗിൾഫോമിലൂടെ അപ്ലോഡ് ചെയ്യണം. ഗൂഗിൾ ഫോമിൽ വീഡിയോ അപ്ലോഡ് ചെയ്യാൻ സാധിക്കാത്ത പക്ഷം [email protected] എന്ന ഈമെയിലിൽ അയച്ചു നൽകാവുന്നതാണ്. വീഡിയോയുടെ തുടക്കത്തിൽ തന്നെ മത്സരാർത്ഥി പേര് കൃത്യമായി പറയണം. സാമ്പിൾ വീഡിയോ വെബ്സൈറ്റിൽ കാണാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കു www.ormaspeech.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
വേദിക് ഐഎഎസ് ട്രെയിനിംഗ് അക്കാദമി, കാർനെറ്റ് ബുക്സ്, കരിയർ ഹൈറ്റ്സ് എന്നിവയുമായി സഹകരിച്ചാണ് ഓർമ്മ സീസൺ 3 പ്രസംഗ മത്സരം സംഘടിപ്പിക്കുന്നത്. ഗ്രാൻഡ് പ്രൈസായ 'ഓർമാ ഒറേറ്റർ ഓഫ് ദി ഇയർ2025 ' പ്രതിഭയ്ക്ക് അറ്റോണി ജോസഫ് കുന്നേൽ സ്പോൺസർ ചെയ്യുന്ന ഒരു ലക്ഷം രൂപ ക്യാഷ് അവാർഡും ട്രോഫിയും പ്രശസ്തിപത്രവും സമ്മാനം ലഭിക്കും.
സീനിയർ വിഭാഗത്തിൽ മലയാളം-ഇംഗ്ലീഷ് ഭാഷകളിൽ ഒന്നാം സ്ഥാനം നേടുന്ന മത്സരാർത്ഥികൾക്ക് 50,000 രൂപ വീതം ക്യാഷ് അവാർഡ് ലഭിക്കും. 30,000 രൂപ വീതമുള്ള രണ്ട് രണ്ടാം സമ്മാനങ്ങളും, 20,000 രൂപ വീതമുള്ള മൂന്ന് മൂന്നാം സമ്മാനങ്ങളും, 10,000 രൂപ വീതമുള്ള നാല് നാലാം സമ്മാനങ്ങളും, 5000 രൂപ വീതമുള്ള മൂന്ന് അഞ്ചാം സമ്മാനങ്ങളും യഥാക്രമം നൽകും.
ജൂനിയർ വിഭാഗത്തിൽ ഇംഗ്ലീഷ്-മലയാളം ഭാഷകളിലായി വിജയികളാകുന്ന മത്സരാർത്ഥികൾക്ക് 25,000 രൂപയാണ് ഒന്നാം സമ്മാനം ലഭിക്കുക. 15,000 രൂപ വീതമുള്ള രണ്ട് രണ്ടാം സമ്മാനങ്ങളും 10,000 രൂപ വീതമുള്ള മൂന്ന് മൂന്നാം സമ്മാനങ്ങളും 5000 രൂപ വീതമുള്ള നാല് നാലാം സമ്മാനങ്ങളും 3000 രൂപ വീതമുള്ള മൂന്ന് അഞ്ചാം സമ്മാനങ്ങളും ലഭിക്കും.
മദ്രാസ് ഹൈക്കോടതി മുൻ ആക്ടിംഗ് ചീഫ് ജസ്റ്റീസ് ഡോ. കെ നാരായണക്കുറുപ്പ്, ഡിആർഡിഒഎയ്റോ സിസ്റ്റംസ് മുൻ ഡയറക്ടർ ജനറൽ ഡോ. ടെസ്സി തോമസ്, അമേരിക്കയിലെ അർക്കാഡിയ യൂണിവേഴ്സിറ്റി പ്രസിഡന്റ് ഡോ. അജയ് നായർ, ഹോളി ഫാമിലി യൂണിവേഴ്സിറ്റി അക്കാദമിക് അഫ്യേഴ്സ് വൈസ് പ്രസിഡന്റ് ഡോ. ബിന്ദു ആലപ്പാട്ട് , മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലർ ഡോ. ബാബു സെബാസ്റ്റ്യൻ, പ്രശസ്ത മെന്റലിസ്റ്റ് നിപിൻ നിരവത്ത്, ചലച്ചിത്ര സംവിധായകൻ ലാൽ ജോസ്, കോർപ്പറേറ്റ് ട്രെയിനർ ആൻഡ് ബിസിനസ് കോച്ച് ഷമീം റഫീഖ് എന്നിവരാണ് ഓർമ്മ അന്താരാഷ്ട്ര പ്രസംഗ മത്സരത്തിന്റെ അഡൈ്വസറി ബോർഡ് അംഗങ്ങൾ.
അമേരിക്കയിൽ അദ്ധ്യാപകനും മോട്ടിവേറ്റർ എഡ്യൂക്കേറ്ററുമായ ജോസ് തോമസ് ചെയർമാനായുള്ള ഓർമ്മ ഇന്റർനാഷണൽ ടാലന്റ് പ്രൊമോഷൻ ഫോറമാണ് പ്രസംഗ മത്സരത്തിന് നേതൃത്വം നൽകുന്നത്. അറ്റോണി ജോസഫ് കുന്നേൽ (Kunnel Law, ഫിലാഡൽഫിയ), അലക്സ് കുരുവിള (മാനേജിംഗ് ഡയറക്ടർ, കാർനെറ്റ് ബുക്സ്), ഡോ. ആനന്ദ് ഹരിദാസ് M.D, MMI, FACC (സ്പെഷ്യലിസ്റ്റ് ഇൻ ക്ലിനിക്കൽ കാർഡിയോവാസ്കുലർ മെഡിസിൻ), ഡോ. ജയരാജ് ആലപ്പാട്ട് (സീനിയർ കെമിസ്ര് ) ഷൈൻ ജോൺസൺ (റിട്ട. HM, SH ഹയർ സെക്കൻഡറി സ്കൂൾ, തേവര), എന്നിവരാണ് ഡയറക്ടർമാർ. എബി ജെ ജോസ് (ചെയർമാൻ, മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ)സെക്രട്ടറി, ഷാജി അഗസ്റ്റിൻ ഫിനാൻഷ്യൽ ഓഫീസർ, മിസ്. എയ്മിലിൻ റോസ് തോമസ് (യുഎൻ സ്പീച്ച് ഫെയിം ആൻഡ് യൂണിവേഴ്സിറ്റി ഓഫ് പെൻസിൽവാനിയ സ്റ്റുഡന്റ്) യൂത്ത് കോർഡിനേറ്റർ.
സജി സെബാസ്റ്റ്യൻ, (പ്രസിഡന്റ്), ക്രിസ്റ്റി എബ്രഹാം (ജനറൽ സെക്രട്ടറി), ജോസ് ആറ്റുപുറം (ട്രസ്റ്റീ ബോർഡ് ചെയർമാൻ), റോഷൻ പ്ലാമൂട്ടിൽ (ട്രഷറർ), പബ്ലിക് ആൻഡ് പൊളിറ്റിക്കൽ അഫ്ഫെയർ ചെയർ വിൻസന്റ് ഇമ്മാനുവേൽ, ഓർമ കേരള ചാപ്റ്റർ പ്രസിഡന്റ് കുര്യാക്കോസ് മണിവയലിൽ എന്നീ ഓർമ രാജ്യാന്തര ഭാരവാഹികളും ടീമിലുണ്ട്. സിനർജി കൺസൾട്ടൻസിയിലെ ബെന്നി കുര്യൻ, സോയി തോമസ് എന്നിവരാണ് പ്രസംഗ പരിശീലനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ജോർജ് കരുണയ്ക്കൽ, പ്രൊഫ സർ ടോമി ചെറിയാൻ എന്നിവർ മെൻറ്റേഴ്സ് ആയി പരിപാടികൾക്കു നേതൃത്വം നൽകുന്നു.
ഓർമ്മയൊരുക്കുന്ന അന്താരാഷ്ട്ര പ്രസംഗ മത്സരത്തിന് ലോകത്തി ന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി പ്രൊമോട്ടർമാരുടേയും അനേകം ബിസിനസ് സ്പോൺസർമാരുടെയും പിന്തുണയുണ്ട്. 2009ൽ അമേരിക്കയിലെ ഫിലാഡൽഫിയയിലാണ് ഓർമ ഇന്റെർനാഷണൽ എന്ന ഓവർസീസ് റസിഡന്റ് മലയാളീസ് അസോസിയേഷൻ പ്രവർത്തനമാരംഭിക്കുന്നത്. ആറു റീജിയനുകളിലായി നിരവധി പ്രൊവിൻസുകളും, അവയ്ക്കു കീഴിൽ ചാപ്റ്ററുകളും യൂണിറ്റുകളുമായി ലോകം മുഴുവൻ വ്യാപിച്ചുകിടക്കുന്നു ഒരു അന്താരാഷ്ട്ര സംഘടനയായി ഓർമ്മ വളർന്നുകൊണ്ടിരിക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്