ക്വാലാലംപൂർ: സെമിയിൽ ഇംഗ്ലണ്ടിനെ തരിപ്പണമാക്കി നിലവിലെ ചാമ്പ്യൻമാരായ ഇന്ത്യ അണ്ടർ 19 ലോകകപ്പിന്റെ ഫൈനലിൽ എത്തി. ഇന്നലെ നടന്ന സെമിയിൽ 9 വിക്കറ്റിന്റെ ആധികാരിക വിജയമാണ് ഇന്ത്യ നേടിയത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിന് 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 113 റൺസേ എടുക്കാനായുള്ളൂ. മറുപടിക്കിറങ്ങിയ ഇന്ത്യ 15 ഓവറിൽ 1 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി അനായാസം വിജയലക്ഷ്യത്തിലെത്തി (117/1).
അർദ്ധ സെഞ്ച്വറി നേടിയ വിക്കറ്റ് കീപ്പർ ബാറ്റർ ജി. കമാലിനിയാണ് (പുറത്താകാതെ 50 പന്തിൽ 56) ഇന്ത്യയുടെ ചേസിംഗിലെ മുന്നണിപ്പോരാളിയായത്. ഇംഗ്ലീഷ് ബൗളിംഗിനെ സധൈര്യം നേരിട്ട 16കാരിയായ കമാലിനി 8 ഫോറുകളും നേടി. ജി.തൃഷയും (29 പന്തിൽ 35) മികച്ച പ്രകടനം നടത്തി. കമാലിനിയും തൃഷയും ഒന്നാം വിക്കറ്റിൽ 9 ഓവറിൽ 60 റൺസിന്റെ കൂട്ടകെട്ടുണ്ടാക്കി. തൃഷ പുറത്തായതിന് ശേഷമെത്തിയ സനിക ചാൽക്കെയ്‌ക്കൊപ്പവും (പുറത്താകാതെ 11) അർദ്ധ സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കി കമാലിനി ഇന്ത്യയെ വിജയതീരത്തെത്തിച്ചു.
നേരത്തേ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിരയിൽ ഡാവിന പെരിനും (40 പന്തിൽ 15), ക്യാപ്ടൻ അബി നോർഗ്രോവിനും (30) മാത്രമാണ് പിടിച്ചു നിൽക്കാനായുള്ളൂ. 14 റൺസുമായി പുറത്താകാതെ നിന്ന അമു സുരേൻകുമാർ മാത്രമാണ് ഇംഗ്ലണ്ട് നിരയിൽ രണ്ടക്കം കടന്ന മറ്റൊരു ബാറ്റർ. ഇന്ത്യയ്ക്കായി പരുണിക സിസോദിയയും വൈഷ്ണവി ശർമ്മയും 3 വിക്കറ്റ് വീതം വീഴ്ത്തി. ആയുഷി ശുക്ല 2 വിക്കറ്റ് നേടി. പരുണികയാണ് കളിയിലെ താരം. മലയാളി പേസർ ജോഷിത വി.ജെയും കളത്തിലിറങ്ങിയെങ്കിലും വിക്കറ്റൊന്നും നേടാനായില്ല.
ഫൈനലിൽ ദക്ഷിണാഫ്രിക്ക
നാളെ നടക്കുന്ന ഫൈനലിൽ ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ എതിരാളികൾ. മറ്റൊരു സെമിയിൽ ഓസ്‌ട്രേലിയയെ 5 വിക്കറ്റിന് കീഴടക്കിയാണ് ദക്ഷിണാഫ്രിക്ക കലാശപ്പോരിന് ടിക്കറ്റെടുത്തത്. ആദ്യം ബാറ്റു ചെയ്ത് ഓസ്‌ട്രേലിയ നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 105 റൺസെടുത്തു. ദക്ഷിണാഫ്രിക്ക 11 പന്തും അഞ്ച് വിക്കറ്റും ബാക്കിയിരിക്കെ വിജയലക്ഷ്യത്തിലെത്തി (106/5). 3 ഓവറിൽ 17റൺസ് നൽകി 4 വിക്കറ്റ് വീഴ്ത്തിയ ആഷ്‌ലെയ്ഗ് വാൻ വിക്കാണ് കളിയിലെ താരം.
അണ്ടർ 19 ലോകകപ്പിൽ തുടർച്ചയായി രണ്ട് തവണ ഫൈനലിലെത്തുന്ന ടീമായി ഇന്ത്യ. 2023ലെ ഉദ്ഘാടന എഡിഷനിൽ ഇന്ത്യയായിരുന്നു ചാമ്പ്യന്മാർ.
ദക്ഷിണാഫ്രിക്ക വേദിയായ ആ ടൂർണമെന്റിൽ ഷെഫാലി വെർമയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം ഇംഗ്ലണ്ടിനെ കീഴടക്കിയാണ് ചാമ്പ്യൻമാരായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്