ന്യൂഡെല്‍ഹി: കേന്ദ്ര ബജറ്റില്‍ നേട്ടമുണ്ടാക്കി ബിഹാര്‍. ഈ വര്‍ഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനത്തെ മൂന്നാം മോദി സര്‍ക്കാരിന്റെ രണ്ടാം ബജറ്റ് കാര്യമായി തന്നെ പരിഗണിച്ചു. ബിഹാര്‍ കേന്ദ്രീകരിച്ച് മഖാന (താമര വിത്ത്) ബോര്‍ഡും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്‌നോളജിയും ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചു. നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജെഡിയുവും ബിജെപിയും ഭരിക്കുന്ന ബിഹാറില്‍ നവംബറിലാണ് തെരഞ്ഞെടുപ്പ് നടക്കുക.
2025 ലെ കേന്ദ്ര ബജറ്റ് അവതരിപ്പിക്കാന്‍ ധനമന്ത്രി മധുബനി ആര്‍ട്ട് പ്രിന്റ് സാരി ധരിച്ചാണ് പാര്‍ലമെന്റില്‍ എത്തിയത്. ബിഹാറിലെ മിഥില മേഖലയിലാണ് മധുബനി കലയുടെ ഉത്ഭവം. കഴിഞ്ഞ ബിഹാര്‍ സന്ദര്‍ശന വേളയില്‍ സീതാരാമന് പത്മശ്രീ ദുലാരി ദേവി സമ്മാനിച്ചതാണ് ഈ സാരി. ബിഹാറി സാരി ധരിച്ചെത്തിയ നിര്‍മലയുടെ ബജറ്റ് പ്രസംഗത്തില്‍ എട്ട് തവണയാണ് ബിഹാറിന്റെ പേര് പരാമര്‍ശിക്കപ്പെട്ടത്.
സൂപ്പര്‍ഫുഡ് ആയി പ്രശസ്തിയാര്‍ജിച്ച മഖാന വളര്‍ത്തുന്ന കര്‍ഷകരെ സഹായിക്കാന്‍ 'മഖാന ബോര്‍ഡ്' സ്ഥാപിക്കുമെന്ന പ്രഖ്യാപനമാണ് ആദ്യം ഉണ്ടായത്. പട്ന വിമാനത്താവളത്തിന്റെ വിപുലീകരണവും നാല് പുതിയ ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളങ്ങളും ബിഹ്തയില്‍ ഒരു ബ്രൗണ്‍ഫീല്‍ഡ് വിമാനത്താവളവും സ്ഥാപിക്കുമെന്ന് സീതാരാമന്‍ പ്രഖ്യാപിച്ചതോടെ സംസ്ഥാനത്തിന് അടിസ്ഥാന സൗകര്യ വികസനവും ലഭിച്ചു.
കിഴക്കന്‍ മേഖലയിലെ ഭക്ഷ്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തമായ പിന്തുണ നല്‍കുന്നതിനായി ബിഹാറില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജി, എന്റര്‍പ്രണര്‍ഷിപ്പ് ആന്‍ഡ് മാനേജ്മെന്റ് സ്ഥാപിക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. സംസ്ഥാനത്ത് നിലവിലുള്ള ഐഐടിയുടെ വിപുലീകരണവും ധനമന്ത്രി പ്രഖ്യാപിച്ചു.
ബിഹാറിലെ മിഥിലാഞ്ചല്‍ മേഖലയിലെ വെസ്റ്റേണ്‍ കോസി കനാല്‍ ഇആര്‍എം പദ്ധതിക്ക് സാമ്പത്തിക സഹായവും സീതാരാമന്‍ നിര്‍ദ്ദേശിച്ചു. ബിഹാറിലെ 50,000 ഹെക്ടറിലധികം ഭൂമിയില്‍ കൃഷി ചെയ്യുന്ന നിരവധി കര്‍ഷകര്‍ക്ക് ഇത് പ്രയോജനം ചെയ്യും.
ലോക്‌സഭയില്‍ എന്‍ഡിഎ സര്‍ക്കാരിന്റെ പ്രധാന സഖ്യകക്ഷിയായ ജെഡിയുവിനെ തൃപ്തിപ്പെടുത്തുന്നതാണ് ഈ വന്‍ പ്രഖ്യാപനങ്ങള്‍. അതേസമയം എന്‍ഡിഎയിലെ മറ്റൊരു പ്രധാന സഖ്യകക്ഷിയായ ടിഡിപി ഭരിക്കുന്ന ആന്ധ്രപ്രദേശിനെ ബജറ്റില്‍ അവഗണിച്ചെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഇത് കേന്ദ്ര ബജറ്റാണോ അതോ ബിഹാര്‍ ബജറ്റാണോയെന്ന് കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേഷ് ട്വീറ്റ് ചെയ്തു. മറ്റൊരു സംസ്ഥാനങ്ങളുടെയും പേര് ബജറ്റില്‍ കേട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്