മുംബയ് : ഇംഗ്‌ളണ്ടിനെതിരായ അഞ്ചാമത്തേയും അവസാനത്തേയുമായ ടി20 ക്രിക്കറ്റ് മത്സരത്തിൽ 150 റൺസിന് ജയിച്ച് ഇന്ത്യ. നിശ്ചിത 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 247 റൺസാണ് ഇന്ത്യ നേടിയത്. മറുപടിക്കിറങ്ങിയ ഇംഗ്‌ളണ്ട് 10.3 ഓവറിൽ 97 റൺസിന് ആൾഔട്ടായി.
ഓപ്പണർ അഭിഷേക് ശർമ്മയുടെ തകർപ്പൻ സെഞ്ച്വറിയാണ് (54 പന്തുകളിൽ 7 ഫോറുകളും 13 സിക്‌സുകളുമടക്കം 135 റൺസ്) ഇന്ത്യയെ ഈ സ്‌കോറിലെത്തിച്ചത്. ആദ്യ ഓവർ മുതൽ 18-ാം ഓവർ വരെ ക്രീസിൽ നിന്ന് അഭിഷേക് അടിച്ചുതകർക്കുകയായിരുന്നു. 17 പന്തുകളിൽ നിന്ന് അർദ്ധസെഞ്ച്വറിയിലെത്തിയ അഭിഷേക് നേരിട്ട 37-ാമത്തെ പന്തിൽ തന്റെ രണ്ടാം അന്താരാഷ്ട്ര സെഞ്ച്വറിയും സ്വന്തമാക്കി.
ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിംഗിനിറക്കുകയായിരുന്നു. മലയാളി താരം സഞ്ജു സാംസണ് ഒരിക്കൽക്കൂടി അവസരം മുതലാക്കാനായില്ല. തുടക്കം മുതൽ ആഞ്ഞടിക്കാൻ നോക്കിയ സഞ്ജു രണ്ട് സിക്‌സും ഒരു ഫോറുമടക്കം 16 റൺസ് നേടിയെങ്കിലും ഇംഗ്‌ളീഷ് പേസർ മാർക്ക് വുഡ് രണ്ടാം ഓവറിലെ അഞ്ചാം പന്തിൽ ജൊഫ്ര ആർച്ചറുടെ കയ്യിലെത്തിച്ചു.
തുടർന്ന് ഒരറ്റത്ത് വിക്കറ്റുകൾ പൊഴിഞ്ഞെങ്കിലും അഭിഷേക് തകർത്താടിയതോടെ ഇന്ത്യ കൂറ്റൻ സ്‌കോറിലേക്ക് നീങ്ങി. തിലക് വർമ്മ(24), സൂര്യകുമാർ യാദവ് (2), ശിവം ദുബെ(30), ഹാർദിക് പാണ്ഡ്യ(9), റിങ്കുസിംഗ് (9), അക്ഷർ പട്ടേൽ (15), രവി ബിഷ്‌ണോയ് (0) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.
മറുപടിക്കിറങ്ങിയ ഇംഗ്‌ളണ്ട് നിരയിൽ 23 പന്തുകളിൽ 55 റൺസ് നേടിയ ഓപ്പണർ ഫിൽ സാൾട്ടിന് മാത്രമാണ് പിടിച്ചുനിൽക്കാനായുള്ളൂ. ബെൻ ഡക്കറ്റ് (0), ബട്ട്‌ലർ(7), ഹാരിബ്രൂക്ക് (2), ലിയാം ലിവിംഗ്സ്റ്റൺ (9), ജേക്കബ് ബെഥേൽ (10), ബ്രണ്ടൻ കാർസ് (3) എന്നിവരുടെ പുറത്താകലാണ് ഇംഗ്‌ളണ്ടിനെ തകർത്തുകളഞ്ഞത്.
മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഷമിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ അഭിഷേക് ശർമ്മയും വരുൺ ചക്രവർത്തിയും ശിവം ദുബെയുമാണ് ഇന്ത്യയ്ക്ക് വിജയമൊരുക്കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്