ദുബായ്: പഹൽഗാം ഭീകരാക്രമണത്തിനും ഓപ്പറേഷൻ സിന്ദൂറിനും ശേഷം ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ആദ്യമായി ക്രിക്കറ്റ് കളിക്കാനെത്തിയപ്പോൾ ഇന്ത്യയുടെ തേരോട്ടം. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാനെ നിശ്ചിത 20 ഓവറിൽ 127/ 9എന്ന സ്‌കോറിൽ എറിഞ്ഞൊതുക്കിയശേഷം 15.5 ഓവറിൽ മൂന്ന് വിക്കറ്റുകൾ മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ ലക്ഷ്യത്തിലെത്തി.
13 പന്തുകളിൽ 31 റൺസടിച്ച ഓപ്പണർ അഭിഷേക് ശർമ്മയും 31 പന്തുകളിൽ 31 റൺസടിച്ച തിലക് വർമ്മയും പുറത്താകാതെ 47 റൺസടിച്ച നായകൻ സൂര്യകുമാർ യാദവും ചേർന്നാണ് ഇന്ത്യയ്ക്ക് വിജയമൊരുക്കിയത്. മലയാളിതാരം സഞ്ജു സാംസൺ കളിച്ചിരുന്നെങ്കിലും ബാറ്റിംഗിന് ഇറങ്ങേണ്ടിവന്നില്ല.
ഇതോടെ ഇന്ത്യ ഏഷ്യാകപ്പിന്റെ സൂപ്പർ ഫോർ റൗണ്ടിലേക്ക് കടന്നു. സൂപ്പർ ഫോറിൽ വീണ്ടും പാകിസ്ഥാനെ നേരിടാൻ സാദ്ധ്യതയുണ്ട്. ഗ്രൂപ്പ് റൗണ്ടിലെ അവസാന മത്സരത്തിൽ ഇന്ത്യ 19ന് ഒമാനെ നേരിടും.
നേരത്തേ മൂന്ന് വിക്കറ്റ് വീഴ്ത്തിയ കുൽദീപ് യാദവും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ അക്ഷർ പട്ടേലും ജസ്പ്രീത് ബുംറയും ഓരോ വിക്കറ്റ് വീഴ്ത്തിയ ഹാർദിക് പാണ്ഡ്യയും വരുൺ ചക്രവർത്തിയും ചേർന്നാണ് പാക് ബാറ്റിംഗിനെ വരിഞ്ഞുമുറുക്കിയത്. ഇന്നിംഗ്‌സിന്റെ ആദ്യപന്തിൽതന്നെ ഓപ്പണർ സയിം അയൂബിനെ (0) ഡക്കാക്കി ഹാർദിക് പാണ്ഡ്യ ഇന്ത്യയ്ക്ക് സ്വപ്‌നതുല്യമായ തുടക്കം നൽകി.
പാണ്ഡ്യയുടെ സ്‌ളോ ബാളിന്റെ ഗതിയറിയാതെ ബാറ്റുവെച്ച സയിം അയൂബിനെ പോയിന്റിൽ ജസ്പ്രീത് ബുംറയാണ് പിടികൂടിയത്. ഈ ആഘാതത്തിൽ നിന്ന് ഉണർന്നെണീക്കാൻ പാകിസ്ഥാന് കഴിഞ്ഞതേയില്ല. മൂന്നാം ഓവറിന്റെ രണ്ടാം പന്തിൽ ജസ്പ്രീത് ബുംറ അടുത്ത പ്രഹരമേൽപ്പിച്ചു. ഇത്തവണ വിക്കറ്റ് കീപ്പർ ബാറ്റർ മുഹമ്മദ് ഹാരിസിനെ(3) ബുംറ ഹാർദിക്കിന്റെ കയ്യിലെത്തിക്കുകയായിരുന്നു. ഇതോടെ പാകിസ്ഥാൻ 6/2 എന്ന നിലയിലായി.
തുടർന്ന് സാഹിബ്‌സദാ ഫർഹാനും ഫഖാർ സൽമാനും (17) ചേർന്ന് പാകിസ്ഥാനെ പതിയെ മുന്നോട്ടുകൊണ്ടുപോകാൻ ശ്രമിച്ചു. എന്നാൽ ഇന്ത്യൻ സ്പിന്നർമാരുടെ വരവ് പാകിസ്ഥാനുമേൽ വീണ്ടും വിക്കറ്റ് മിസൈലുകൾ പതിപ്പിച്ചു. എട്ടാം ഓവറിൽ അക്ഷർ പട്ടേൽ ഫഖാറിനെ തിലക് വർമ്മയുടെ കയ്യിലെത്തിക്കുമ്പോൾ പാകിസ്ഥാൻ 45 റൺസിലെത്തിയിരുന്നു. തന്റെ അടുത്ത ഓവറിൽ പട്ടേൽ വീണ്ടും ഇടിത്തീയായി. ഇത്തവണ പാക് നായകൻ സൽമാൻ ആഗ(3)യായിരുന്നു ഇര. അഭിഷേക് ശർമ്മയ്ക്കായിരുന്നു ക്യാച്ച്. ഇതോടെ പാകിസ്ഥാൻ 10 ഓവറിൽ 49/4 എന്ന നിലയിലായി.
പിന്നീട് കുൽദീപ് യാദവിന്റെ ഊഴം. 13ാം ഓവറിലെ നാലാം പന്തിലും അഞ്ചാം പന്തിലുമായി ഹസൻ നവാസിനേയും (5), മുഹമ്മദ് നവാസിനേയും (0) കുൽദീപ് കൂടാരം കയറ്റി. ഹസൻ നവാസിനെ അക്ഷർ പട്ടേൽ പിടികൂടിയപ്പോൾ മുഹമ്മദ് നവാസ് എൽ.ബിയിൽ കുരുങ്ങുകയായിരുന്നു. 64/6 എന്ന നിലയിലായ പാകിസ്ഥാനെ രക്ഷിക്കാൻ ഓപ്പണർ സാഹിബ്‌സദാ ഫർഹാൻ നടത്തിയ ശ്രമങ്ങൾക്ക് അറുതിവരുത്തിയതും കുൽദീപാണ്.
17ാം ഓവറിന്റെ ആദ്യ പന്തിൽ കുൽദീപ് ഫർഹാനെ ഹാർദിക്കിന്റെ കയ്യിലെത്തിക്കുകയായിരുന്നു. 44 പന്തുകളിൽ ഒരു ഫോറും മൂന്ന് സിക്‌സുമടക്കമായിരുന്നു ഫർഹാന്റെ 40 റൺസ്. തുടർന്ന് ഷഹീൻ ഷാ അഫ്രീദിയും (33*) ഫാഹീം അഷ്രഫും (11),മുഖീമും (10) വാലറ്റത്ത് നടത്തിയ വീശിയടിയാണ് പാകിസ്ഥാനെ 127ലെത്തിച്ചത്.
14 പന്തുകൾ നേരിട്ട അഫ്രീദി നാലു സിക്‌സുകൾ പായിച്ചു. മറുപടിക്കിറങ്ങിയ ഇന്ത്യയ്ക്ക് ശുഭ്മാൻ ഗിൽ (10), അഭിഷേക് ശർമ്മ (31),തിലക് വർമ്മ (31) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്.
കൈകൊടുക്കാതെ ക്യാപ്ടന്മാർ
പഹൽഗാം ആക്രമണത്തിന് ശേഷം പാകിസ്ഥാനുമായി ക്രിക്കറ്റ് കളിക്കുന്നതിൽ ഇന്ത്യയിൽ പലയിടത്തുനിന്നും എതിർപ്പുകൾ ഉയർന്ന സാഹചര്യത്തിൽ ടോസിംഗിന് ശേഷം ഹസ്തദാനം ചെയ്യുന്ന പതിവ് ഉപേക്ഷിച്ച് ഇന്ത്യയുടേയും പാകിസ്ഥാന്റേയും ക്യാപ്ടൻമാർ. സൂര്യകുമാർ യാദവും സൽമാൻ ആഗയും പരസ്പരം നോക്കിയതുപോലുമില്ല.
മത്സരം നടന്ന ദുബായ്‌യിലും കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരുന്നത്. കർശനപരിശോധനയ്ക്ക് ശേഷമാണ് സ്റ്റേഡിയത്തിലേക്ക് കാണികളെ കയറ്റിവിട്ടത്. എന്തെങ്കിലും രീതിയുള്ള പ്രകോപനം സൃഷ്ടിച്ചാൽ കനത്ത ശിക്ഷയുണ്ടാകുമെന്ന് മുന്നറിയിപ്പും നൽകിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്