പരമ്പര 4-1ന് സ്വന്തമാക്കി ഇന്ത്യ ട്വന്റി20 ലോകകപ്പിലേക്ക്, ഇഷാൻ കിഷന് കന്നി സെഞ്ച്വറി (103), അർഷ്ദീപ് സിംഗിന് അഞ്ചുവിക്കറ്റ്
തിരുവനന്തപുരം: മലയാളികൾ കാത്തിരുന്നത് പോലെ സഞ്ജു സാംസണിന് കത്തിജ്വലിക്കാനായില്ല. പക്ഷേ വെടിക്കെട്ടുപോലെ സിക്‌സുകളും ഫോറുകളും പായിച്ച് കന്നി അന്താരാഷ്ട്ര ട്വന്റി20 സെഞ്ച്വറിയുമായി ഇഷാൻ കിഷനും പരമ്പരയിലെ മൂന്നാം അർദ്ധസെഞ്ച്വറിയുമായി സൂര്യകുമാർ യാദവും തകർത്താടിയപ്പോൾ കാര്യവട്ടത്തെ കാണികൾക്ക് കൊണ്ടാടാൻ ലഭിച്ചത് ട്വന്റി20യിലെ ഇന്ത്യയുടെ ഏറ്റവും മനോഹരവിജയങ്ങളിലൊന്ന്.
ആദ്യം ബാറ്റ് ചെയ്ത് 271/5 എന്ന റെക്കാഡ് സ്‌കോർ ഉയർത്തിയ ഇന്ത്യയ്ക്ക് മുന്നിൽ 19.4 ഓവറിൽ 225ന് അവസാനിക്കുകയായിരുന്നു കിവീസ്. ഇതോടെ പരമ്പര 41ന് സ്വന്തമാക്കി ഇന്ത്യ സ്വന്തം നാട്ടിൽ നടക്കുന്ന ലോകകപ്പിനിറങ്ങുകയാണ്.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞടുത്ത ഇന്ത്യ കാര്യവട്ടത്തെ ഏറ്റവും ഉയർന്ന ട്വന്റി20 സ്‌കോർ കുറിച്ചാണ് മടങ്ങിയത്. ഇഷാൻ കിഷനും (43 പന്തുകളിൽ 103 റൺസ്) സൂര്യകുമാർ യാദവും (30 പന്തുകളിൽ 63 റൺസ്), 17 പന്തുകളിൽ 42 റൺസുമായി ഹാർദിക് പാണ്ഡ്യയും, 16 പന്തുകളിൽ 30 റൺസുമായി അഭിഷേക് ശർമ്മയും കത്തിപ്പടർന്നപ്പോൾ മലയാളി പ്രതീക്ഷയായിരുന്ന സഞ്ജു സാംസൺ(6) മാത്രമാണ് നിരാശപ്പെടുത്തിയത്. സഞ്ജുവിന്റെ കളികാണാൻ കാത്തിരുന്നവർക്ക് വിരുന്നൊരുക്കുകയായിരുന്നു ഇഷാൻ.
സഞ്ജു മൂന്നാം ഓവറിൽ കൂടാരം കയറിയപ്പോൾ കളത്തിലേക്കിറങ്ങിയ ഇഷാൻ തന്റെ കരിയറിലെ മാത്രമല്ല, കാര്യവട്ടത്തേയും ആദ്യ അന്താരാഷ്ട്ര ട്വന്റി20 സെഞ്ച്വറി രചിച്ചു. അഞ്ചോവറിൽ 48/2 എന്ന നിലയിലായിരുന്ന ഇന്ത്യയെ ഇഷാനും സൂര്യയും ചേർന്ന 137 റൺസിന്റെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് 14.3 ഓവറിൽ 185/4 എന്ന നിലയിലെത്തിച്ചു. സാന്റ്‌നറുടെ പന്തിൽ സൂര്യയെ സ്റ്റംപ് ചെയ്ത് സീഫർട്ടാണ് സഖ്യം പൊളിച്ചത്.
സൂര്യയ്ക്ക് പകരമിറങ്ങിയ ഹാർദിക് പാണ്ഡ്യയെക്കൂട്ടി ഇഷാൻ ടീമിനെ 233ലെത്തിച്ചു. 28 പന്തുകളിൽ നിന്ന് അർദ്ധസെഞ്ച്വറി നേടിയ ഇഷാന് സെഞ്ച്വറിയിലേക്ക് എത്താൻ വേണ്ടിവന്നത് 42 പന്തുകളാണ്. അടുത്ത പന്തിൽ പുറത്താവുകയും ചെയ്തു. 18-ാം ഓവറിലാണ് ഇഷാൻ മടങ്ങിയത്. അവസാന ഓവറിൽ ഹാർദിക്കിന്റേയും വിക്കറ്റ് നഷ്ടമായി.
23 സിക്‌സുകൾ, 17 ഫോറുകൾ
ഇന്ത്യൻ ടീ ം ഇന്നലെ കാര്യവട്ടത്ത് അടിച്ചുകൂട്ടിയത് 23 സിക്‌സുകളും 27 ഫോറുകളുമാണ്. വെടിക്കെട്ടിന്റെ ആശാനായത് ഇഷാനാണ്. 10 സിക്‌സുകളും ആറ് ഫോറുകളുമാണ് ഇഷാൻ പറത്തിയത്.
സൂര്യകുമാർ യാദവ് നാലുഫോറുകളും ആറുസിക്‌സുകളുമടിച്ചപ്പോൾ ഹാർദിക്കിന്റെ ബാറ്റിൽനിന്ന് ഒരു ഫോറും നാലു സിക്‌സുകളും പിറന്നു. അഭിഷേക് ശർമ്മ നാലുഫോറും ഒരുസിക്‌സുമടിച്ചു. രണ്ടുപന്തുകൾ മാത്രം നേരിട്ട ശിവം ദുബെ ഒരു സിക്‌സടിച്ചു. സഞ്ജുവിനും റിങ്കുവിനും ഓരോ ഫോറേ നേടാനായുള്ളൂ.
തിരിച്ചടിച്ച് കിവീസും
മറുപടിക്കിറങ്ങിയ കിവീസിന് ആദ്യ ഓവറിൽ ടിം സീഫർട്ടിനെ (5) നഷ്ടമായെങ്കിലും ആദ്യ അഞ്ചോവറിൽ അവർ 66/1 എന്ന നിലയിലെത്തി. 22 പന്തുകളിൽ അർദ്ധസെഞ്ച്വറി തികച്ച ഫിൻ അലനാണ് തിരിച്ചടിക്ക് നേതൃത്വം നൽകിയത്. എന്നാൽ 38 പന്തുകളിൽ 8 ഫോറും 6 സിക്‌സുമടക്കം 80 റൺസടിച്ച അലനെ ഒൻപതാം ഓവറിൽ അക്ഷർ പട്ടേൽ പുറത്താക്കിയതോടെ കളി ഇന്ത്യയുടെ കയ്യിലേക്കുതന്നെയെത്തി.
തുടർന്ന് രചിൻ രവീന്ദ്ര (30), ഡാരിൽ മിച്ചൽ (26) എന്നിവർക്ക്കൂടി മാത്രമേ പിടിച്ചുനിൽക്കാനായുള്ളൂ. അഞ്ചുവിക്കറ്റ് വീഴ്ത്തിയ അർഷ്ദീപ് സിംഗും മൂന്ന് വിക്കറ്റ് വീഴ്ത്തിയ അക്ഷർ പട്ടേലും ചേർന്നാണ് കിവീസിനെ എറിഞ്ഞിട്ടത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
