കോഴിക്കോട്: സഭകളുമായി ബന്ധപ്പെട്ട ആയിരക്കണക്കിന് അക്കൗണ്ടുകൾ കേന്ദ്രസർക്കാർ മരവിപ്പിച്ചിരിക്കുകയാണെന്ന് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി ആരോപിച്ചു. വ്യക്തമായ വിശദീകരണമൊന്നും നൽകാതെയാണ് സ്വത്തുക്കൾ കണ്ടുകെട്ടിയതെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം വിദേശ സംഭാവനകളുടെ പ്രാഥമിക ഗുണഭോക്താവ് പള്ളികളാണെന്ന ആരോപണം തെറ്റാണെന്നും, വിദേശ സംഭാവന സ്വീകരിക്കൽ നിയന്ത്രണ നിയമം (FCRA) സംബന്ധിച്ച ചോദ്യത്തിന് നൽകിയ മറുപടിയിൽ പാംപ്ലാനി വ്യക്തമാക്കി. വിദേശത്ത് ജോലി ചെയ്യുന്ന പുരോഹിതരുടെയും കന്യാസ്ത്രീകളുടെയും ശമ്പളമാണ് ഈ സംഭാവനകളെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
FCRA നിയമഭേദഗതി ക്രിസ്ത്യൻ സമൂഹത്തിന്റെ പ്രശ്നമല്ല, മറിച്ച് പൗരാവകാശ ലംഘനമാണെന്നും അദ്ദേഹം വിമർശിച്ചു. നിർബന്ധിത മതപരിവർത്തനത്തിന് സഭ എതിരാണെങ്കിലും, മതപരിവർത്തന വിരുദ്ധ നിയമങ്ങൾ വന്നതിന് പിന്നാലെ ക്രിസ്ത്യൻ പുരോഹിതന്മാർക്ക് നേരെ ആക്രമണങ്ങൾ വർധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം വന്യമൃഗങ്ങളുടെ ആക്രമണവുമായി ബന്ധപ്പെട്ടും പാംപ്ലാനി ആശങ്ക പ്രകടിപ്പിച്ചു. കാട്ടുപന്നി, മയിൽ തുടങ്ങിയവയെ വന്യമൃഗ പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്നും, കൃഷിയിടങ്ങളിൽ കടക്കുന്നത് തടയാൻ തൂക്കുവേലികൾ, മതിലുകൾ തുടങ്ങിയ സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംസ്ഥാന സർക്കാരിന്റെ പ്രവർത്തനത്തെയും അദ്ദേഹം വിമർശിച്ചു. ജസ്റ്റിസ് ജെ ബി കോശി റിപ്പോർട്ട് ഇതുവരെ നടപ്പാക്കിയിട്ടില്ലെന്നും കൂടുതൽ വേഗത്തിൽ നടപടി വേണമെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പിനെ കുറിച്ച് പ്രതികരിച്ച പാംപ്ലാനി, ക്രിസ്ത്യൻ വോട്ട് ബാങ്ക് രൂപീകരണത്തെ സഭ പിന്തുണയ്ക്കില്ലെന്നും വിശ്വാസികൾ സ്വന്തം മനസ്സാക്ഷിക്കനുസരിച്ച് വോട്ട് ചെയ്യണമെന്നും വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
