പട്‌ന: ബിഹാറിലെ വൈശാലി ജില്ലയില്‍ വനിതാ കോണ്‍സ്റ്റബിളിന് നേരെ നടന്ന അതിക്രമത്തില്‍ പരസ്പരവിരുദ്ധമായ വാദങ്ങളുമായി കുടുംബവും പൊലീസും രംഗത്ത്. വനിതാ കോണ്‍സ്റ്റബിളിനെയും പ്രായപൂര്‍ത്തിയാകാത്ത സഹോദരിയെയും തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്‌തെന്നാണ് കുടുംബത്തിന്റെ ആരോപണം. എന്നാല്‍ ആരോപണങ്ങള്‍ പൂര്‍ണ്ണമായും നിഷേധിച്ച പൊലീസ്, സംഭവം വ്യക്തി വൈരാഗ്യത്തിന്റെ ഭാഗമായുണ്ടായ തര്‍ക്കവും മര്‍ദ്ദനവുമാണെന്ന് വ്യക്തമാക്കി.
പിതാവിനും സഹോദരിക്കുമൊപ്പം സഞ്ചരിക്കുകയായിരുന്ന യുവതിയെ സുബോധ് പസ്വാന്‍ എന്നയാളും സഹോദരനും സംഘവും ചേര്‍ന്ന് തടഞ്ഞുനിര്‍ത്തുകയും പിതാവിനെ മര്‍ദ്ദിച്ച ശേഷം പെണ്‍കുട്ടികളെ ബലമായി പിടിച്ചുകൊണ്ടുപോയി ഒരു വീട്ടില്‍ തടങ്കലില്‍ പാര്‍പ്പിക്കുകയുമായിരുന്നുവെന്ന് കുടുംബം നല്‍കിയ പരാതിയില്‍ പറയുന്നു. ഇവിടെവെച്ച് യുവതി ലൈംഗിക പീഡനത്തിനിരയായെന്നും വിവരം ലഭിച്ചെത്തിയ പൊലീസാണ് പെണ്‍കുട്ടികളെ രക്ഷപ്പെടുത്തിയതെന്നുമാണ് ബന്ധുക്കള്‍ മാധ്യമങ്ങളോട് വ്യക്തമാക്കിയത്.
പ്രതി മുന്‍പും മകളെ നിരന്തരം ശല്യം ചെയ്തിരുന്നതായും കോണ്‍സ്റ്റബിളിന്റെ അമ്മ ആരോപിച്ചിരുന്നു. എന്നാല്‍ സംഭവത്തില്‍ തട്ടിക്കൊണ്ടുപോകലോ ബലാത്സംഗമോ നടന്നിട്ടില്ലെന്ന് മഹുവാ സബ് ഡിവിഷണല്‍ പൊലീസ് ഓഫിസര്‍ സഞ്ജീവ് കുമാര്‍ അറിയിച്ചു.
യുവതിയും പ്രതിയായ സുബോധും തമ്മില്‍ മുന്‍പ് അടുപ്പത്തിലായിരുന്നുവെന്നും, യുവതിക്ക് പൊലീസില്‍ ജോലി ലഭിച്ചതോടെ ഇയാളെ ഒഴിവാക്കാന്‍ ശ്രമിച്ചതാണ് തര്‍ക്കത്തിന് കാരണമായതെന്നും പൊലീസ് പറയുന്നു. ഇതിലുണ്ടായ വൈരാഗ്യം മൂലം പ്രതി യുവതിയെ ഉപദ്രവിക്കുക മാത്രമാണ് ചെയ്തതെന്നും, കേസില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
