ന്യൂഡല്‍ഹി: പരസ്പര സമ്മതത്തോടെ പ്രണയത്തിലാകുന്ന കൗമാരക്കാരുടെ കേസുകളില്‍ പോക്സോ നിയമം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നതായി സുപ്രീം കോടതിയുടെ ശക്തമായ നിരീക്ഷണം. കുടുംബത്തിന്റെ അഭിമാനവും മാനവും സംരക്ഷിക്കാന്‍ മാതാപിതാക്കള്‍ ഇത്തരം കര്‍ശനമായ ക്രിമിനല്‍ നിയമങ്ങളെ ആയുധമാക്കുകയാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
ജസ്റ്റിസുമാരായ ബി.വി നാഗരത്ന, ആര്‍. മഹാദേവന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കൗമാരക്കാരുടെ സ്വകാര്യതയുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെ ഈ സുപ്രധാന പരാമര്‍ശങ്ങള്‍ നടത്തിയത്. 15 മുതല്‍ 18 വയസുവരെയുള്ള പ്രായം വളരെ വൈകാരികമാണ്. ഈ പ്രായത്തില്‍ ഉഭയസമ്മത പ്രകാരം ഉണ്ടാകുന്ന ബന്ധങ്ങള്‍ യഥാര്‍ത്ഥത്തില്‍ പോക്സോ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരേണ്ടതുണ്ടോ എന്ന് കോടതി സംശയം പ്രകടിപ്പിച്ചു.
ഒരു പെണ്‍കുട്ടിയും ആണ്‍കുട്ടിയും ഒളിച്ചോടുന്നത് തടയാന്‍ ഭരണകൂടത്തിന് എങ്ങനെ സാധിക്കുമെന്നും കോടതി ചോദിച്ചു. പെണ്‍കുട്ടികള്‍ സ്വന്തം ഇഷ്ടപ്രകാരം പങ്കാളികള്‍ക്കൊപ്പം പോകുന്നത് തടയാനായി മാതാപിതാക്കള്‍ നല്‍കുന്ന പല ക്രിമിനല്‍ കേസുകളിലും, പിന്നീട് തെളിവുകളുടെ അഭാവത്തില്‍ പ്രതികളെ കോടതികള്‍ക്ക് വെറുതെ വിടേണ്ടി വരുന്നുണ്ട്. കൗമാരക്കാരുടെ അവകാശങ്ങളും സ്വകാര്യതയും സംരക്ഷിക്കപ്പെടേണ്ടത് അത്യന്താപേക്ഷിതമാണെന്നും ബെഞ്ച് വ്യക്തമാക്കി.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി 25 വയസ്സുകാരനൊപ്പം ഒളിച്ചോടിയ കേസിലെ വിധിന്യായത്തില്‍, പെണ്‍കുട്ടികള്‍ തങ്ങളുടെ ലൈംഗിക താല്‍പ്പര്യങ്ങളെ നിയന്ത്രിക്കണമെന്ന് കൊല്‍ക്കത്ത ഹൈക്കോടതി പരാമര്‍ശിച്ചിരുന്നു. ഈ വിവാദ പരാമര്‍ശത്തെത്തുടര്‍ന്നാണ് സുപ്രീം കോടതി സ്വമേധയാ കേസ് എടുത്തത്. കൗമാരക്കാര്‍ക്കിടയില്‍ നിയമപരമായ അവബോധം വളര്‍ത്തേണ്ടത് അത്യാവശ്യമാണെന്നും ആറാം ക്ലാസ് മുതല്‍ കുട്ടികള്‍ക്ക് കൗമാര വിദ്യാഭ്യാസവും പോക്സോ നിയമത്തെക്കുറിച്ചുള്ള വ്യക്തമായ അറിവും നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
പോക്സോ കേസുകള്‍ കൃത്യമായി നിരീക്ഷിക്കാന്‍ ഒരു ഡാഷ്ബോര്‍ഡ് സംവിധാനം എന്ന നിര്‍ദ്ദേശം ഉയര്‍ന്നുവന്നെങ്കിലും, കേന്ദ്രസര്‍ക്കാരിന് പകരം നിലവില്‍ ഹൈക്കോടതികള്‍ക്ക് കീഴിലുള്ള ശിശു അവകാശ കമ്മിറ്റികളും സംസ്ഥാന സര്‍ക്കാരുകളും പ്രാദേശികമായി ഇത് നിരീക്ഷിക്കുന്നതാണ് കൂടുതല്‍ പ്രായോഗികമെന്ന് കോടതി വിലയിരുത്തി. കൗമാരക്കാരുടെ ക്ഷേമവും ശിശു സംരക്ഷണവും മുന്‍നിര്‍ത്തി കൂടുതല്‍ നടപടികള്‍ വേണമെന്നും വ്യക്തമാക്കിയ സുപ്രീം കോടതി കേസ് വീണ്ടും ജൂലൈ 17 ന് പരിഗണിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
