കൂവലോടെ സ്വീകരിച്ച ആരാധകർക്ക് ഇനി മുതൽ ഹാർദ്ദിക് ഹീറോ

JUNE 30, 2024, 5:32 PM

ടി20 ലോകകപ്പിന് ദിവസങ്ങൾക്ക് മുമ്പ് വരെ ഇന്ത്യൻ ക്രിക്കറ്റിൽ വില്ലൻ പ്രതിഛായയായിരുന്നു ഹാർദ്ദിക് പാണ്ഡ്യക്ക്. ഐപിഎല്ലിൽ രോഹിത് ശർമക്ക് പകരം മുംബൈ ഇന്ത്യൻസ് നായകനായി തിരിച്ചെത്തിയ ഹാർദ്ദിക്കിനെ മുംബൈ ആരാധകർ കൂവലോടെയാണ് സ്വീകരിച്ചത്. പല മത്സരങ്ങളിലും ഹാർദ്ദിക് ടോസിന് ഇറങ്ങുമ്പോൾ ആരാധകരുടെ കൂവൽ കാരണം കമന്റേറ്റർമാർപോലും ഇതൊന്ന് അവസാനിപ്പിക്കു എന്ന് ഉറക്കെ വിളിച്ചു പറയേണ്ടിവന്നു.

അന്ന് എല്ലാം ഒരു ചെറു ചിരിയോടെയായിരുന്നു ഹാർദ്ദിക് നേരിട്ടത്. ഹാർദ്ദിക്കിനെ കൂവിയ ആരാധകരെ തടയാൻ രോഹിത് അടക്കമുള്ള മുംബൈ താരങ്ങളാരും പരസ്യമായി രംഗത്തെത്തിയതുമില്ല. ഇതോടെ ഇന്ത്യൻ ആരാധകരുടെ മനസിലും ഹാർദ്ദിക്കിന് വില്ലൻ പ്രതിഛായയായി. ഐപിഎല്ലിൽ മുംബൈക്കായി മികച്ച പ്രകടനം നടത്താൻ കഴിയാതിരുന്ന, ഇന്ത്യക്കായി കളിക്കുമ്പോൾ എപ്പോഴും പരിക്ക് പറ്റുന്ന, അഹങ്കാരിയായ ഹാർദ്ദിക്കിനെ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തിയതിനെപ്പോലും പലരും വിമർശിച്ചു. അപ്പോഴെല്ലാം ഇന്ത്യൻ പരിശീലകൻ രാഹുൽ ദ്രാവിഡ് ഹാർദ്ദിക്കിനെ പിന്തുണച്ചു.

എന്നാൽ വിമർശനങ്ങളെയെല്ലാം ബൗണ്ടറി കടത്തി ലോകകപ്പിൽ ഹാർദ്ദിക് ബാറ്റു കൊണ്ടും ബോളുകൊണ്ടും ഇന്ത്യയുടെ യഥാർത്ഥ ഓൾ റൗണ്ടറായി. ഒടുവിൽ ഫൈനലിൽ ആദ്യ ഓവറിൽ തന്നെ 10 റൺസ് വഴങ്ങിയപ്പോൾ കടിച്ചു കീറാൻ ഒരുങ്ങി നിന്ന വിമർശകരെ നിശബ്ദരാക്കി പതിനേഴാം ഓവറിലെ ആദ്യ പന്തിൽ ഹെൻറിച്ച് ക്ലാസന്റെ വിക്കറ്റ് വീഴ്ത്തി കളിയുടെ ഗതി തിരിച്ചു. പിന്നീട് അവസാന ഓവറിൽ സൂര്യകുമാർ യാദവിന്റെ അത്ഭുത ക്യാച്ചിൽ ഡേവിഡ് മില്ലറെ പുറത്താക്കി. കാഗിസോ റബാഡയെ കൂടി പുറത്താക്കി ഇന്ത്യയുടെ വിജയം ഉറപ്പിച്ചു.

vachakam
vachakam
vachakam

ഒടുവിൽ ഇന്ത്യ കാത്ത് കാത്തിരുന്ന ഐസിസി കിരീടത്തിൽ മുത്തമിടുമ്പോൾ ഹാർദ്ദിക്കിന്റെ കണ്ണീർ തോർന്നിരുന്നില്ല. ഒരു കൊച്ചു കുട്ടിയെപ്പോലെ വിങ്ങിക്കരഞ്ഞ ഹാർദ്ദിക് ഒടുവിൽ ക്യാമറക്ക് മുമ്പിലെത്തി പറഞ്ഞു, കഴിഞ്ഞ ആറ് മാസം ഞാൻ കടന്ന്‌പോയ അവസ്ഥകളെക്കുറിച്ച് ഒരക്ഷരം ഇതുവരെ ഞാൻ പറഞ്ഞിട്ടില്ല. കാരണം എനിക്കറിയാമായിരുന്നു കഠിനാധ്വാനം ചെയ്താൽ എനിക്ക് തിളങ്ങാനാകുമെന്ന്. ഈ വിജയം എനിക്ക് വളരെ വളരെ വലുതാണ്. അത് ശരിയായ സമയത്താണ് സംഭവിച്ചത്. രാജ്യം മുഴുവൻ ആഗ്രഹിച്ച കിരീടമായിരുന്നു അത്. ക്യാമറക്ക് മുമ്പിൽ നിന്ന് കണ്ണീരടക്കാനാവാതെ ഹാർദ്ദിക് ഇത് പറയുമ്പോൾ നായകൻ രോഹിത് ശർമ അടുത്തെത്തി നൽകിയ സ്‌നേഹ ചുംബനം തന്നെയാണ് ഹാർദ്ദിക്കിന് കിട്ടാവുന്ന ഏറ്റവും വലിയ പുരസ്‌കാരവും.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam