ഏകദിന ലോകകപ്പ് ടീം പ്രഖ്യാപിച്ചപ്പോൾ ഷെഫാലി വർമ്മ ടീമിലുണ്ടായിരുന്നില്ല. ഫോമില്ലായ്മയും സ്ഥിരതയില്ലായ്മയും കാരണം ഷെഫാലിയെ ടീമിലെടുക്കേണ്ടെന്നായിരുന്നു മാനേജ്‌മെന്റിന്റെ തീരുമാനം.
റിസർവിൽപോലും ഷെഫാലിയെ ഉൾപ്പെടുത്തിയില്ല. അങ്ങനെ ഷെഫാലിക്ക് പകരം പ്രതീക ഓപ്പണറായി ടീമിലെത്തി. എന്നാൽ വിധി ഷെഫാലിക്കായി കാത്തുവെച്ചത് മറ്റൊന്നായിരുന്നു. സെമിഫൈനലിന് തൊട്ടുമുമ്പ് മികച്ച ഫോമിൽ കളിച്ചിരുന്ന പ്രതീകക്ക് പരിക്കേറ്റു. സെമി കളിക്കാൻ കഴിയില്ലെന്നുറപ്പായതോടെ ഷെഫാലിക്ക് അപ്രതീക്ഷിത ക്ഷണം വന്നു.
ടീമിനൊപ്പം ചേർന്ന ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവേ, ദൈവം എന്നെ ഇവിടെ അയച്ചത് എന്തെങ്കിലും നല്ലത് ചെയ്യാനാണെന്നായിരുന്നു പ്രവചനം പോലെയുള്ള ഷെഫാലിയുടെ മറുപടി. സെമിയിൽ ഷെഫാലിക്ക് കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞില്ലെങ്കിലും അവളുടെ കഴിവിൽ ടീം പൂർണ വിശ്വാസമർപ്പിച്ചു.
ഫൈനലിനായി മാറ്റിവച്ചതുപോലെയായിരുന്നു ഷെഫാലിയുടെ ഇന്നിങ്‌സ്. റൺസൊഴുകുന്ന പിച്ചിൽ മികച്ച ടോട്ടൽ ഇല്ലാതെ ഫോമിൽ കളിക്കുന്ന ദക്ഷിണാഫ്രിക്കയെ നേരിടുക എന്നത് ആലോചിക്കാൻ പോലുമാകുമായിരുന്നില്ല. സ്മൃതിക്കൊപ്പം കരുതലോടെ തുടങ്ങിയ ഷെഫാലി വർമ പിന്നീട് കത്തിക്കയറി. ഒരുവശത്ത് സ്മൃതി വീണിട്ടും ഷെഫാലി കുലുങ്ങിയില്ല. സെഞ്ച്വറിയിലേക്ക് കുതിക്കുമെന്ന് തോന്നിക്കെ, ടീം സ്‌കോർ 166ൽ എത്തിയപ്പോൾ 87 റൺസെടുത്ത ഷെഫാലി പുറത്തായി. ഏഴ് ഫോറും രണ്ട് സിക്‌സുമടങ്ങുന്നതായിരുന്നു ആ നിർണായക ഇന്നിങ്‌സ്.
ബൗളിങ്ങിലും ഷെഫാലി അതിനിർണായകമായി. ഒരുഘട്ടത്തിൽ ദക്ഷിണാഫ്രിക്കൻ ക്യാപ്ടൻ ലോറ വോൾവാർ -ഡറ്റ്‌സൂനായ് ലൂസ് സഖ്യം കളി ഇന്ത്യയുടെ കൈയിൽ നിന്ന് തട്ടിയെടുക്കുമെന്ന തോന്നലുണ്ടാക്കിയപ്പോൾ ഷെഫാലി ബ്രേക്ക് ത്രൂ നൽകി. സ്വന്തം ബൗളിങ്ങിൽ 25 റൺസെടുത്ത ലൂസിനെ പിടിച്ച് പുറത്താക്കി. തൊട്ടുപിന്നാലെ മരിസാനെ കാപ്പിനെ റിച്ച ഘോഷിന്റെ കൈകളിലെത്തിച്ചു. ഏഴോവറിൽ വെറും 36 റൺസ് വഴങ്ങിയായിരുന്നു വിക്കറ്റ് നേട്ടം.
ഒടുവിൽ ഫൈനലിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ അവർ പറഞ്ഞ വാക്കുകൾ സത്യമായി. ഷെഫാലിയെ ദൈവം പറഞ്ഞയച്ചത് ഇന്ത്യക്ക് ലോകകപ്പ് നേടിക്കൊടുക്കാനായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
