സെനഗലിനെ തകർത്ത് ഫ്രാൻസ്

JUNE 16, 2026, 10:52 PM

ക്യാപ്ടൻ കിലിയൻ എംബാപ്പെയുടെ റെക്കോർഡ് വേട്ടയുടെ കരുത്തിൽ 2026 ഫിഫ ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ ഫ്രാൻസിന് തകർപ്പൻ ജയം. ഗ്രൂപ്പ് ഐയിലെ ആവേശപ്പോരാട്ടത്തിൽ ഒന്നിനെതിരേ മൂന്ന് ഗോളുകൾക്കാണ് ഫ്രാൻസ് കരുത്തരായ സെനഗലിനെ പരാജയപ്പെടുത്തിയത്. ഇരട്ട ഗോളുമായി തിളങ്ങിയ എംബാപ്പെ ഫ്രഞ്ച് ഫുട്‌ബോൾ ചരിത്രത്തിൽ പുതിയ അധ്യായം എഴുതിച്ചേർത്തു. ഫ്രാൻസിനു വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമെന്ന റെക്കോർഡ് ഇനി എംബാപ്പെയ്ക്ക് സ്വന്തം.

രണ്ടാം പകുതിയിൽ ഉണർന്നു കളിച്ച ഫ്രാൻസ്, സെനഗലിന്റെ കടുത്ത വെല്ലുവിളികളെ മറികടന്നാണ് ഗ്രൂപ്പിൽ തങ്ങളുടെ ആദ്യ മൂന്ന് പോയിന്റുകൾ നേടിയത്. ആദ്യ പകുതിയിൽ ഫ്രാൻസ് തികച്ചും പതുക്കെയാണ് കളിച്ചത്്. ഈ സമയത്ത് സെനഗൽ മികച്ച മുന്നേറ്റങ്ങൾ നടത്തി ഫ്രഞ്ച് പ്രതിരോധത്തെ പരീക്ഷിച്ചു. സെനഗൽ താരം നിക്കോളാസ് ജാക്‌സന്റെ ഒരു ഷോട്ട് പോസ്റ്റിലും ഫ്രഞ്ച് ഗോളി മൈക്ക് മൈഗ്‌നാനിലും തട്ടിത്തെറിച്ചു.

പിന്നീട് ജാക്‌സൺ വലകുലുക്കിയെങ്കിലും റഫറി ഓഫ്‌സൈഡ് വിളിക്കുകയായിരുന്നു. ഇസ്മായില സാറിനും മികച്ചൊരു അവസരം ലഭിച്ചെങ്കിലും പന്ത് പോസ്റ്റിന് മുകളിലൂടെ പറന്നു.
എന്നാൽ, രണ്ടാം പകുതിയിൽ കോച്ച് ദിദിയർ ദെഷാംപ്‌സിന്റെ തന്ത്രപരമായ മാറ്റങ്ങൾ ഫ്രാൻസിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. ഉസ്മാൻ ഡെംബെലെ, മൈക്കൽ ഒലിസെ എന്നിവരുടെ പൊസിഷനുകളിൽ വരുത്തിയ മാറ്റം ഫ്രാൻസിന്റെ ആക്രമണങ്ങൾക്ക് മൂർച്ച കൂട്ടി.

vachakam
vachakam
vachakam

66-ാം മിനിറ്റിൽ മൈക്കൽ ഒലിസെയുടെ മനോഹരമായ പാസ് സ്വീകരിച്ച എംബാപ്പെ സെനഗൽ ഡിഫെൻഡർമാരെ വെട്ടിച്ച് ഗോളാക്കി മാറ്റി. ഈ ഗോളോടെ ഒലിവിയർ ജിറൂഡിന്റെ 57 ഗോളുകളെന്ന റെക്കോർഡിനൊപ്പം എംബാപ്പെ എത്തി.

82-ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ ബ്രാഡ്‌ലി ബാർകോള, അഡ്രിയാൻ റാബിയോട്ടിന്റെ പാസിൽ നിന്ന് ഫ്രാൻസിന്റെ ലീഡ് രണ്ടാക്കി ഉയർത്തി. 90+5-ാം മിനിറ്റിൽ 18കാരനായ ഇബ്രാഹിം എംബായെയിലൂടെ മത്സരത്തിന്റെ ഇഞ്ചുറി ടൈമിൽ സെനഗൽ ഒരു ഗോൾ മടക്കി കളിക്ക് വീണ്ടും ആവേശം പകർന്നു.

90+6-ാം മിനിറ്റിൽ സെനഗലിന്റെ ആവേശം അടങ്ങും മുൻപ് തന്നെ എംബാപ്പെ ബോക്‌സിനു വെളിയിൽ നിന്നു തൊടുത്ത വെടിയുണ്ട പോലൊരു ലോങ് റേഞ്ചർ സെനഗൽ ഗോളി എഡ്വേർഡ് മെൻഡിയെ കാഴ്ചക്കാരനാക്കി വലയിൽ പതിച്ചു.

vachakam
vachakam
vachakam

ഈ ഗോളോടെ 58 അന്താരാഷ്ട്ര ഗോളുകളുമായി എംബാപ്പെ ഫ്രാൻസിന്റെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനായി മാറി. കൂടാതെ ലോകകപ്പുകളിൽ 14 ഗോളുകൾ തികച്ച എംബാപ്പെ, മെസ്സിയെയും പെലെയെയും മറികടന്ന് ലോകകപ്പ് ചരിത്രത്തിലെ ടോപ്പ് സ്‌കോറർമാരിൽ മൂന്നാം സ്ഥാനത്തെത്തി.

ഈ വിജയത്തോടെ ഫ്രാൻസ് ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തെത്തി. മത്സരത്തിലെ മികച്ച പ്രകടനത്തിന് ഫ്രാൻസിന്റെ മൈക്കൽ ഒലിസെയെ പ്ലെയർ ഒഫ് ദി മാച്ചായി തെരഞ്ഞെടുത്തു. ഫ്രാൻസിന്റെ അടുത്ത മത്സരം തിങ്കളാഴ്ച ഫിലാഡൽഫിയയിൽ ഇറാഖിനെതിരേയാണ്. സെനഗൽ അന്നുതന്നെ നോർവേയെ നേരിടും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam