ആതിഥേയരായ മെക്സിക്കോയുടെ കടുത്ത വെല്ലുവിളി അതിജീവിച്ച് നാടകീയ പോരാട്ടത്തിനൊടുവിൽ ഇംഗ്ലണ്ട് ഫിഫ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ കടന്നു. മെക്സിക്കോ സിറ്റി സ്റ്റേഡിയത്തിൽ നടന്ന ആവേശപ്പൂരിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് (3-2) ഇംഗ്ലീഷ് പട ആതിഥേയരെ തകർത്തത്. ഇംഗ്ലണ്ടിനായി യുവതാരം ജൂഡ് ബെല്ലിംഗ്ഹാം ഇരട്ട ഗോളുകൾ നേടിയപ്പോൾ, നായകൻ ഹാരി കെയ്ൻ പെനാൽറ്റിയിലൂടെ വിജയഗോൾ സ്വന്തമാക്കി.
മത്സരത്തിന്റെ ആദ്യ പകുതിയിൽ മെക്സിക്കോ കളം നിറഞ്ഞു കളിക്കുന്നതിനിടയിലാണ് ഇംഗ്ലണ്ട് അപ്രതീക്ഷിത പ്രഹരം നൽകിയത്. 36-ാം മിനിറ്റിൽ തകർപ്പൻ ഫിനിഷിംഗിലൂടെ ജൂഡ് ബെല്ലിംഗ്ഹാം ഇംഗ്ലണ്ടിനെ മുന്നിലെത്തിച്ചു (1-0). ഈ ഞെട്ടൽ മാറും മുൻപ്, വെറും രണ്ട് മിനിറ്റിനുള്ളിൽ (38-ാം മിനിറ്റ്) മെക്സിക്കൻ പ്രതിരോധത്തെ കീറിമുറിച്ച് ബെല്ലിംഗ്ഹാം തന്റെ രണ്ടാം ഗോളും നേടി ഇംഗ്ലണ്ടിന്റെ ലീഡ് രണ്ടാക്കി ഉയർത്തി (2-0).
എന്നാൽ കളം വിട്ടുകൊടുക്കാൻ തയാറാകാതിരുന്ന മെക്സിക്കോ, ആദ്യ പകുതി അവസാനിക്കാൻ മൂന്ന് മിനിറ്റ് ബാക്കിനിൽക്കെ ഹൂലിയൻ കിന്യോനസിലൂടെ ഒരു ഗോൾ മടക്കി കളിയിലേക്ക് തിരിച്ചെത്തി (2-1).രണ്ടാം പകുതിയിൽ കളി കൂടുതൽ നാടകീയമായി.
54-ാം മിനിറ്റിൽ ഇംഗ്ലീഷ് ഡിഫൻഡർ ജാരെൽ ക്വാൻസ ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ ഇംഗ്ലണ്ട് 10 പേരായി ചുരുങ്ങി. ഈ പ്രതിസന്ധിക്കിടയിലും 60-ാം മിനിറ്റിൽ ഇംഗ്ലണ്ടിന് അനുകൂലമായി ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് നായകൻ ഹാരി കെയ്ൻ ടീമിന് മൂന്നാം ഗോൾ സമ്മാനിച്ചു (3-1). ഗോൾഡൻ ബൂട്ട് റേസിലുള്ള കെയ്നിന്റെ ടൂർണമെന്റിലെ ആറാം ഗോളായിരുന്നു ഇത്.
എന്നാൽ വിട്ടുകൊടുക്കാൻ മെക്സിക്കോയും തയ്യാറായിരുന്നില്ല. 69-ാം മിനിറ്റിൽ അവർക്ക് അനുകൂലമായി ലഭിച്ച പെനാൽറ്റി സൂപ്പർ താരം റൗൾ ഹിമെനെസ് വലയിലെത്തിച്ചതോടെ സ്കോർ 3-2 ആയി മാറി. അവസാന മിനിറ്റുകളിൽ സമനില ഗോളിനായി മെക്സിക്കോ ഇംഗ്ലീഷ് ഗോൾമുഖത്തേക്ക് ഇരച്ചുകയറിയെങ്കിലും, ഗോൾകീപ്പർ ജോർദാൻ പിക്ക്ഫോർഡിന്റെ മിന്നും സേവുകളും ഇംഗ്ലണ്ടിന്റെ അച്ചടക്കമുള്ള പ്രതിരോധവും മെക്സിക്കോയ്ക്ക് കൂടുതൽ ഗോളുകൾ വഴങ്ങിയില്ല. ഫൈനൽ വിസിൽ മുഴങ്ങിയപ്പോൾ ഇംഗ്ലണ്ടിന് ആവേശവിജയം.
ക്വാർട്ടർ ഫൈനലിൽ ശക്തരായ ബ്രസീലിനെ അട്ടിമറിച്ചെത്തുന്ന എർലിങ് ഹാലൻഡിന്റെ നോർവേയാണ് ഇംഗ്ലണ്ടിന്റെ എതിരാളികൾ. ടൂർണമെന്റിലെ രണ്ട് വമ്പൻ സ്ട്രൈക്കർമാരായ ഹാരി കെയ്നും എർലിങ് ഹാലൻഡും നേർക്കുനേർ വരുന്ന ക്വാർട്ടർ പോരാട്ടത്തിനായി കാത്തിരിക്കുകയാണ് ഫുട്ബോൾ ലോകം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
