ഇംഗ്ലണ്ടിനെതിരായ മൂന്നാം ടി20 മത്സരത്തിൽ 125 റൺസിന്റെ നാണംകെട്ട തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റിൽ സെലക്ഷൻ വിവാദം കത്തുന്നു. ടി20 ചരിത്രത്തിൽ റൺസ് അടിസ്ഥാനത്തിൽ ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ തോൽവിയാണിത്. മത്സരത്തിൽ ഇംഗ്ലണ്ട് ഉയർത്തിയ 202 റൺസ് പിൻതുടർന്ന ഇന്ത്യ വെറും 76 റൺസിന് തകർന്നടിയുകയായിരുന്നു.
ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഹാരി ബ്രൂക്കിന്റെ ഇംഗ്ലണ്ട് 2-0 ന് മുന്നിലെത്തി. ശ്രേയസ് അയ്യരുടെ ക്യാപ്റ്റൻസിക്ക് കീഴിൽ കളിച്ച അഞ്ച് മത്സരങ്ങളിൽ നാലിലും തോറ്റ ഇന്ത്യ, പരിശീലകൻ ഗൗതം ഗംഭീറിന് കീഴിൽ കടുത്ത പ്രതിസന്ധിയിലാണ്.
എന്നാൽ ഈ കളിയിലെ തോൽവിയേക്കാൾ വലിയ ചർച്ചയാകുന്നത് മലയാളി താരം സഞ്ജു സാംസണെ പ്ലേയിങ് ഇലവനിൽ നിന്ന് തുടർച്ചയായി ഒഴുവാക്കുന്നതാണ്. ഇന്ത്യ ടി20 ലോകകപ്പ് കിരീടം നിലനിർത്തിയപ്പോൾ ടൂർണമെന്റിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടത് സഞ്ജു ആയിരുന്നു. എന്നിട്ടും ഗംഭീർ-ശ്രേയസ് സഖ്യം സഞ്ജുവിന് എന്തുകൊണ്ട് അവസരം നൽകുന്നില്ല എന്ന ചോദ്യം ആരാധകരും മുൻ താരങ്ങളും ഉന്നയിച്ചു കഴിഞ്ഞു.
പവർപ്ലേയിലെ തകർച്ചയ്ക്കിടെ ഹർഷിത് റാണയെ ബാറ്റിങ്ങിന് ഇറക്കിയ മാനേജ്‌മെന്റ് തീരുമാനത്തിനെതിരെ മുൻ താരം ദിനേഷ് കാർത്തിക് അടക്കമുള്ളവർ പരസ്യമായി രംഗത്തുവന്നിരുന്നു. മത്സരശേഷമുള്ള വാർത്താസമ്മേളനത്തിൽ സഞ്ജു സാംസണെ പ്ലേയിങ് ഇലവനിൽ നിന്ന് ഒഴിവാക്കിയതിനെക്കുറിച്ച് കോച്ച് ഗൗതം ഗംഭീർ മറുപടി നൽകി. സഞ്ജുവിനെ ടീമിന്റെ പ്ലാനുകളിൽ നിന്ന് പൂർണ്ണമായി ഒഴിവാക്കിയിട്ടില്ലെന്ന് ഗംഭീർ വ്യക്തമാക്കി.
"സഞ്ജു സാംസണ് ടീമിലെ തന്റെ സ്ഥാനത്തെക്കുറിച്ച് ആവശ്യമായിരുന്ന വ്യക്തത എന്റെ ഭാഗത്തുനിന്ന് നൽകിയിട്ടുണ്ട്. അത് കോച്ചും കളിക്കാരനും തമ്മിൽ മാത്രം നടക്കേണ്ട സ്വകാര്യ സംഭാഷണമാണ്, അത് പുറത്തുപറയാൻ കഴിയില്ല. സഞ്ജു ഇന്ത്യയ്ക്ക് വേണ്ടി ചെയ്ത കാര്യങ്ങൾ അസാധാരണമാണ്. അതിൽ ആർക്കും തർക്കമില്ല. എന്നാൽ ചില സമയങ്ങളിൽ നമ്മൾ കളിക്കാരുടെ നിലവിലെ ഫോം കൂടി പരിഗണിക്കേണ്ടി വരും. ഈ പരമ്പരയിൽ സഞ്ജുവിന് ഇനി തിരിച്ചുവരാൻ കഴിയില്ല എന്ന് ഒരിടത്തും എഴുതിവെച്ചിട്ടില്ല." ടീം സെലക്ഷനിലെ തന്റെ കടുത്ത നിലപാട് ആവർത്തിച്ചുകൊണ്ട് ഗംഭീർ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
