റായ്പുർ : ഇന്ത്യൻ വനിതാക്രിക്കറ്റിന്റെ നായികയായി സ്മൃതി മാന്ഥനയ്ക്ക് ഇന്ന് അരങ്ങേറ്റം. സിംബാബ്വേയ്ക്ക് എതിരെയുള്ള മൂന്ന് ട്വന്റി20കളുടെ പരമ്പരയിലാണ് സ്മൃതി നായികയായി അരങ്ങേറുന്നത്. മൂന്ന് ട്വന്റി20കളും റായ്പുരിലാണ് നടക്കുന്നത്. ആദ്യമായാണ് റായ്പുർ അന്താരാഷ്ട്ര വനിതാ ക്രിക്കറ്റ് മത്സരത്തിന് വേദിയാകുന്നത്. ട്വന്റി20കൾക്ക് ശേഷം വഡോദരയിൽ ഇരുടീമുകളും തമ്മിൽ മൂന്ന് ഏകദിനങ്ങളുടെ പരമ്പരയും നടക്കും.
ജപ്പാനിൽ നടന്ന ഏഷ്യൻ ഗെയിംസിന് ശേഷം ഹർമൻപ്രീത് കൗർ മൂന്ന് ഫോർമാറ്റുകളിലെയും ക്യാപ്ടൻസി ഒഴിഞ്ഞതിനെത്തുടർന്നാണ് സ്മൃതിയിലേക്ക് സ്ഥിരം നായികയുടെ റോൾ എത്തിയത്. ക്യാപ്ടൻസി ഒഴിഞ്ഞെങ്കിലും ഹർമൻപ്രീത് ടീമിലുണ്ട്. ഏതെങ്കിലും ഒരു ഫോർമാറ്റിൽ ക്യാപ്ടൻസിയിൽ തുടരാൻ ബി.സി.സി.ഐ ആവശ്യപ്പെട്ടിരുന്നെങ്കിലും ഹർമൻ തന്റെ തീരുമാനത്തിൽ ഉറച്ചുനിൽക്കുകയായിരുന്നു.
ദീർഘനാൾ വൈസ് ക്യാപ്ടനായിരുന്ന സ്മൃതി 179 ട്വന്റി20കളുടെ അനുഭവപരിചയവുമായാണ് സ്ഥിരം ക്യാപ്ടൻസി ഏറ്റെടുക്കുന്നത്. ഹർമ്മൻപ്രീതിന്റെ അഭാവത്തിൽ പലതവണയായി 18 ട്വന്റി20 മത്സരങ്ങളിൽ സ്മൃതി ഇതിനുമുമ്പ് ഇന്ത്യയെ നയിച്ചിട്ടുണ്ട്. ട്വന്റി20യിൽ രണ്ട് സെഞ്ച്വറികളും 37 അർദ്ധസെഞ്ച്വറികളുമടക്കം 4867 റൺസ് നേടിയിട്ടുള്ള സ്മൃതി മൂന്ന് ഫോർമാറ്റുകളിലും സെഞ്ച്വറി നേടിയിട്ടുള്ള വനിതാ ക്രിക്കറ്ററാണ്. വനിതാ പ്രിമിയർ ലീഗിൽ രണ്ട് തവണ റോയൽ ചലഞ്ചേഴ്സ് ബാംഗ്ളൂരിനെ കിരീടം ചൂടിച്ച ക്യാപ്ടൻകൂടിയാണ് സ്മൃതി.
ഷെഫാലി വെർമ്മയാണ് സ്മൃതിയ്ക്കൊപ്പം വൈസ് ക്യാപ്ടനായുള്ളത്. പരിക്കിന്റെ പിടിയിൽ നിന്ന് മോചിതയാകാത്ത ജെമീമ റോഡ്രിഗസിന്റെ അഭാവത്തിൽ ജി.കമാലിനി, അനുഷ്ക ശർമ്മ,നിക്കി പ്രസാദ് എന്നിവരിൽ ഒരാളെ ഫസ്റ്റ് ഡൗൺ ബാറ്ററായി പരീക്ഷച്ചേക്കും. വിക്കറ്റ് കീപ്പറായി റിച്ച ഘോഷും സ്പിൻ ആൾറൗണ്ടറായി ദീപ്തി ശർമ്മയുമുണ്ട്. ക്രാന്തി ഗൗഡ്, നന്ദനി ശർമ്മ എന്നിവരാണ് ബൗളിംഗിലെ കുന്തമുനകൾ.
ഇന്ത്യ സിംബാബ്വേയ്ക്ക് എതിരെ ആദ്യമായാണ് വനിതാ ക്രിക്കറ്റിൽ ഉഭയക്ഷി പരമ്പര കളിക്കുന്നത്. ഈ വർഷം ഇതുവരെ ട്വന്റി20 ഫോർമാറ്റിൽ ഒരു വിജയം പോലും നേടാൻ കഴിയാത്ത ടീമാണ് സിംബാബ്വേ. ഈ വർഷം ജൂണിൽ ഓസ്ട്രേലിയയോട് തോറ്റതിന് ശേഷം ഇന്ത്യ കളിച്ച എട്ട് ട്വന്റി20കളിലും ജയിച്ചു.
രണ്ട് വർഷത്തോളം ട്വന്റി20 ടീമിൽ നിന്ന് പുറത്തായിരുന്ന മലയാളിതാരം മിന്നുമണി ഈ പരമ്പരയിലൂടെ തിരിച്ചെത്തിയിട്ടുണ്ട്. 2023ലെ ഹ്വാംഗ്ചോ ഏഷ്യൻ ഗെയിംസിന്റെ ഫൈനലിൽ ജയിച്ച ടീമിലാണ് അവസാനമായി മിന്നുമണി ട്വന്റി20 കളിച്ചത്. 2025 ജനുവരിക്ക് ശേഷം ഏകദിനത്തിലും കളിച്ചിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
