യുവേഫ ചാമ്പ്യൻസ് ലീഗിൽ മെസിയുടെ റെക്കോർഡ് തകർത്ത് കിലിയൻ എംബാപെ. ചാമ്പ്യൻസ് ലീഗിൽ നൂറ് മത്സരങ്ങൾ പൂർത്തിയാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റെക്കോർഡാണ് റയൽ മാഡ്രിഡ് താരം സ്വന്തം പേരിലാക്കിയത്.
എ.എസ്. റോമയ്ക്കെതിരെയുള്ള മത്സരത്തിൽ കളത്തിലിറങ്ങിയതോടെയാണ് ഫ്രഞ്ച് സ്ട്രൈക്കർ ചരിത്ര നേട്ടം കൈവരിച്ചത്. 27 ദിവസവും 298 ദിവസവും പ്രായമുള്ളപ്പോഴാണ് എംബാപെ നൂറാം ചാമ്പ്യൻസ് ലീഗ് മത്സരം കളിച്ചത്. മെസി നൂറാം ചാമ്പ്യൻസ് ലീഗ് മത്സരം കളിച്ചത് 28 വയസുള്ളപ്പോഴാണ്. 2015 ഡിസംബറിൽ എ എസ് റോമക്കെതിരെ ആയിരുന്നു ബാഴ്സ താരമായിരുന്ന മെസിയുടെയും നൂറാം ചാമ്പ്യൻസ് ലീഗ് മത്സരം എന്നത് യാദൃച്ഛികതയായി.
നൂറാം മത്സരം അവിസ്മരണീയമാക്കാൻ എംബാപെക്ക് സാധിച്ചു. തോൽവി മുന്നിൽ കണ്ട ശേഷം റയൽ മാഡ്രിഡ് ഗംഭീര തിരിച്ചുവരവ് നടത്തി 4-3ന് മത്സരം ജയിച്ചപ്പോൾ എംബാപെ ഒരു ഗോൾ നേടി. മെസിക്ക് നൂറാം ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ സമനിലയായിരുന്നു (1-1). എംബാപെ ചാമ്പ്യൻസ് ലീഗിൽ മൂന്ന് ക്ലബ്ബുകൾക്കായി കളിച്ചിട്ടുണ്ട്. ഫ്രഞ്ച് ക്ലബ്ബായ മൊണാക്കോയ്ക്ക് വേണ്ടി ഒമ്പത് മത്സരം കളിച്ച എംബാപെ പി.എസ്. ജിയ്ക്കായി 64 മത്സരം കളിച്ചു. റയലിനായി 27-ാം മത്സരമാണ് എംബാപെ കളിച്ചത്. ഈ മത്സരത്തോടെ ചാമ്പ്യൻസ് ലീഗിൽ എംബാപെയുടെ ആകെ ഗോൾ നേട്ടം 72 ആയി. ഇതോടെ, 71 ഗോളുകൾ നേടിയ റയൽ മാഡ്രിഡിന്റെ ഇതിഹാസ താരം റൗൾ ഗോൺസാലസിനെ മറികടന്ന്, ചാമ്പ്യൻസ് ലീഗ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന അഞ്ചാമത്തെ താരമായി എംബാപെ മാറി.
2016 സെപ്തംബറിൽ പതിനേഴാം വയസിലാണ് എംബാപെ ചാമ്പ്യൻസ് ലീഗിൽ അരങ്ങേറുന്നത്. കഴിഞ്ഞ സീസണിൽ പതിനഞ്ച് ഗോളുകൾ നേടിയ എംബാപെ ചാമ്പ്യൻസ് ലീഗിലെ ടോപ് സ്കോററായിരുന്നു. ടൂർണമെന്റ് ചരിത്രത്തിലെ രണ്ടാമത്തെ വേഗമേറിയ ഹാട്രിക്കും എംബാപെ കഴിഞ്ഞ സീസണിൽ നേടിയിരുന്നു. ഒളിമ്പ്യാകോസിനെതിരെ ആറ് മിനുട്ട് 42 സെക്കൻഡ്സിലായിരുന്നു എംബാപെ ഹാട്രിക്ക് പൂർത്തിയാക്കിയത്. ചാമ്പ്യൻസ് ലീഗിൽ മെസിയുടെ പേരിലുണ്ടായിരുന്ന മറ്റൊരു റെക്കോർഡ് എർലിംഗ് ഹാലൻഡ് തകർത്തിട്ടുണ്ട്.
ചാമ്പ്യൻസ് ലീഗിൽ 60 ഗോളുകൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന മെസിയുടെ റെക്കോർഡാണ് മാഞ്ചസ്റ്റർ സിറ്റി താരം തിരുത്തിയത്. പി.എസ്.ജി ക്കെതിരെ ഇരട്ട ഗോളുകൾ നേടിയതോടെയാണ് ഹാലൻഡ് മെസിയുടെ ഗോൾ സ്കോറിംഗ് റെക്കോർഡ് മറികടന്നത്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
