യുവേഫ ചാംപ്യൻസ് ലീഗ് ഫുട്ബോളിൽ ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡിനെ തകർത്ത് അത്ലറ്റിക്കോ മാഡ്രിഡിന് തകർപ്പൻ ജയം. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് അത്ലറ്റിക്കോ മാഡ്രിഡ് മാഞ്ചസ്റ്റർ യുണൈറ്റഡിനെ പരാജയപ്പെടുത്തിയത്. പാബ്ലോ ബാരിയോസ്, അഡെമോള ലുക്ക്മാൻ എന്നിവരാണ് അത്ലറ്റിക്കോ മാഡ്രിഡിനായി വലകുലുക്കിയത്.
മൽസരം തുടങ്ങി ആദ്യ മിനിറ്റിൽ തന്നെ അത്ലറ്റിക്കോ മാഡ്രിഡ് ലീഡെടുത്തു. ജിയുലിയാനോ സിമിയോണി നൽകിയ മികച്ചൊരു ലോങ് ബോൾ സ്വീകരിച്ച് പാബ്ലോ ബാരിയോസ് അനായാസം ലക്ഷ്യം കാണുകയായിരുന്നു. ഗോൾ മടക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് കിണഞ്ഞുശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ബ്രയാൻ എംബ്യൂമോയുടെ ഒരു ഷോട്ട് പോസ്റ്റിന് പുറത്തേക്ക് പോയി. ലിസാൻഡ്രോ മാർട്ടിനെസ് പ്രതിരോധ നിരയിൽ നിന്ന് നൽകിയ മികച്ചൊരു പാസ് മാർക്കസ് റാഷ്ഫോർഡിന് ലക്ഷ്യത്തിലെത്തിക്കാൻ സാധിച്ചില്ല.
ഇതിനിടെ അത്ലറ്റിക്കോ മാഡ്രിഡിന്റെ ജോണി കാർഡോസോ പെനാൽറ്റി ബോക്സിന് പുറത്തുനിന്ന് തൊടുത്ത ഷോട്ട് വലയിലെത്തിയെങ്കിലും വാർ പരിശോധനയിൽ ഗോൾ നിഷേധിച്ചു. മാർക്കോസ് യോറന്റെ പന്ത് കൈകൊണ്ട് തൊട്ടതായി വാർ പരിശോധനയിൽ വ്യക്തമാവുകയായിരുന്നു. രണ്ടാം പകുതിയുടെ തുടക്കത്തിൽ ജൂലിയൻ അൽവാരസിന്റെ ഒരു ഷോട്ട് പോസ്റ്റിലിടിച്ച് മടങ്ങിയതും അത്ലറ്റിക്കോയ്ക്ക് നിർഭാഗ്യമായി.
മൽസരത്തിന്റെ എഴുപത്തിനാലാം മിനിറ്റിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ലെനി യോറോ ചുവപ്പുകാർഡ് കണ്ട് പുറത്തായത് ടീമിന് കനത്ത പ്രഹരമായി. പത്തുപേരായി ചുരുങ്ങിയ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ അത്ലറ്റിക്കോ മാഡ്രിഡ് ആക്രമണം കടുപ്പിച്ചു. അഞ്ച് മിനിറ്റുകൾക്ക് ശേഷം അഡെമോള ലുക്ക്മാൻ അത്ലറ്റിക്കോയുടെ രണ്ടാം ഗോളും നേടി ലീഡ് ഉയർത്തി. ജോനാഥൻ ഡേവിഡ് തൊടുത്ത ആദ്യ ഷോട്ട് മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോൾകീപ്പർ സെന്നെ ലാമൻസ് തടഞ്ഞിട്ടെങ്കിലും, റീബൗണ്ട് ചെയ്ത് വന്ന പന്ത് ലുക്ക്മാൻ അനായാസം വലയിലാക്കുകയായിരുന്നു. ഇതോടെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സമനില പ്രതീക്ഷകൾ പൂർണമായും അസ്തമിച്ചു.
മറ്റൊരു ആവേശകരമായ മൽസരത്തിൽ ഇറ്റാലിയൻ ക്ലബ്ബായ നാപ്പോളിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് വിയ്യാറയൽ പരാജയപ്പെടുത്തി. മൽസരത്തിൽ ആദ്യം ലീഡെടുത്തത്
നാപ്പോളിയായിരുന്നു. എട്ടാം മിനിറ്റിൽ അമീർ റഹ്മാനിയാണ് നാപ്പോളിക്കായി വലകുലുക്കിയത്. എന്നാൽ വിയ്യാറയൽ ശക്തമായി തിരിച്ചടിച്ചു. ഇരുപത്തിമൂന്നാം മിനിറ്റിൽ ജോർജസ് മികൗട്ടാഡ്സെയിലൂടെ വിയ്യാറയൽ സമനില പിടിച്ചു. മൂന്ന് മിനിറ്റുകൾക്ക് ശേഷം സാന്റിയാഗോ മൗറീഞ്ഞോയിലൂടെ അവർ ലീഡെടുത്തു. പെനാൽറ്റി ബോക്സിന് പുറത്തുനിന്ന് ലഭിച്ച പന്ത് ശക്തമായൊരു ഷോട്ടിലൂടെ മൗറീഞ്ഞോ വലയിലെത്തിക്കുകയായിരുന്നു. എൺപത്തിയാറാം മിനിറ്റിൽ ടാനി ഒലുവസേയി വിയ്യാറയലിന്റെ മൂന്നാം ഗോളും നേടി വിജയം ഉറപ്പിച്ചു. 2022 ഏപ്രിലിൽ ബയേൺ മ്യൂണിക്കിനെതിരായ ക്വാർട്ടർ ഫൈനൽ വിജയത്തിന് ശേഷം ചാമ്പ്യൻസ് ലീഗിൽ വിയ്യാറയൽ നേടുന്ന ആദ്യ വിജയമാണിത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
