ഇന്ത്യൻ വനിതാ ക്രിക്കറ്റിന്റെ പുതിയ അധ്യായമായ വിമൻസ് പ്രീമിയർ ലീഗിന് (ഡബ്ല്യുപിഎൽ) ഇനി മലയാളി നേതൃത്വം.കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) പ്രസിഡന്റ് ജയേഷ് ജോർജിനെ വിമൻസ് പ്രീമിയർ ലീഗിന്റെ പുതിയ ചെയർമാനായി തിരഞ്ഞെടുത്തു. ഇന്ന് മുംബൈയിൽ ചേർന്ന ബിസിസിഐ വാർഷിക പൊതുയോഗം ഐകകണ്ഠേനയാണ് ജയേഷ് ജോർജിനെ തിരഞ്ഞെടുത്തത്. ഡബ്ല്യുപിഎല്ലിന്റെ പ്രഥമ ചെയർമാൻ എന്ന ചരിത്രനേട്ടം കൂടിയാണ് ഈ നിയമനത്തിലൂടെ ജയേഷ് ജോർജ് സ്വന്തമാക്കുന്നത്.
എറണാകുളം ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി സ്ഥാനത്തുനിന്നാണ് ജയേഷ് ജോർജ് ക്രിക്കറ്റ് ഭരണരംഗത്ത് സജീവമാകുന്നത്. പിന്നീട് കെസിഎയുടെ ജോയിന്റ് സെക്രട്ടറി, ട്രഷറർ, സെക്രട്ടറി, പ്രസിഡന്റ് എന്നീ പദവികൾ വഹിച്ച് കേരള ക്രിക്കറ്റിന്റെ വളർച്ചയ്ക്ക് നിർണായക സംഭാവനകൾ നൽകി.
മികച്ച സംഘാടകൻ എന്ന നിലയിൽ ശ്രദ്ധേയനാണ് ജയേഷ് ജോർജ്. കേരളത്തിൽ വലിയ ആവേശമായി മാറിയ കേരള ക്രിക്കറ്റ് ലീഗ് (കെസിഎൽ) ആരംഭിക്കുന്നതിന് മുൻകൈ എടുത്തവരിൽ പ്രമുഖനാണ് അദ്ദേഹം. ലീഗിന്റെ വിജയകരമായ രണ്ട് സീസണുകൾക്ക് പിന്നിലും അദ്ദേഹത്തിന്റെ സംഘാടക മികവ് നിർണായകമായിരുന്നു.
"രാജ്യം സ്ത്രീശക്തിയുടെ ആഘോഷമായ നവരാത്രി കൊണ്ടാടുമ്പോൾ ലഭിച്ച ഈ സ്ഥാനലബ്ധിയിൽ അതിയായ സന്തോഷമുണ്ട്. തന്നിൽ വിശ്വാസമർപ്പിച്ച ബിസിസിഐയ്ക്കും പിന്തുണ നൽകിയ കേരള ക്രിക്കറ്റ് അസോസിയേഷനും നന്ദി. വിമൻസ് പ്രീമിയർ ലീഗിനെ കൂടുതൽ മികച്ചതാക്കാനും വനിതാ ക്രിക്കറ്റർമാർക്ക് പുതിയ അവസരങ്ങൾ നൽകാനും പ്രയത്നിക്കും” – ജയേഷ് ജോർജ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്