മലയാള സിനിമയിൽ ഒരുപാട് പരീക്ഷണങ്ങൾ കൊണ്ടുവന്ന സംവിധായകനാണ് വിനയൻ. തൊണ്ണൂറുകളിലെ കുട്ടികൾ വളരെ അതിശത്തോടും ആകാംക്ഷയോടുംകൂടിയാണ് അന്ന് ആ സിനിമകൾ കണ്ടുകൊണ്ടിരുന്നത്. ഇന്നത്തെ ജെൻ-സി കിഡ്ഡുകൾക്ക് ആ സിനിമകൾ അത്ര ദഹിക്കണമെന്നില്ല.
‘അകാശഗംഗ’യിലെ മോർഫിങ് സീനിന് ഒരു സെക്കൻഡിന് 12,000 രൂപ മുടക്കേണ്ടിവന്നു എന്നാണ് വിനയൻ പറയുന്നത്. മലയാളത്തിലെ ആദ്യ നിര്‍മിതബുദ്ധി അധിഷ്ഠിത ചിത്രം ‘മണികണ്ഠന്‍: ദ് ലാസ്റ്റ് അവതാര്‍’ എന്ന ചിത്രത്തിന്റെ ടീസര്‍ ലോഞ്ച് ചടങ്ങിലാണ് വിനയൻ ഇക്കാര്യം പറഞ്ഞത്.
‘എഐയുടെ ദൃശ്യസാധ്യതകൾ നമ്മളുദ്ദേശിക്കുന്നതിന് അപ്പുറമാണ്. ഞാനും ഒരു സിനിമ പദ്ധതിയിടുന്നുണ്ട്. 1999-ല്‍, 26 വര്‍ഷം മുൻപാണ് ഞാൻ ‘ആകാശഗംഗ’ ചെയ്യുന്നത്. അതിൽ മയൂരി എന്ന യക്ഷിയുടെ മുഖം മോര്‍ഫ് ചെയ്ത് പൂച്ചയുടേതുപോലെയാക്കുന്ന ഒരു ഷോട്ടുണ്ട്. ആ മോര്‍ഫിങ് ഒരു സെക്കന്‍ഡ് ചെയ്യുന്നതിന് അന്ന് 12,000 രൂപ കൊടുക്കണം. ‘അത്ഭുതദ്വീപ്’ സിനിമ ചെയ്യുന്ന സമയത്ത്, അമ്പിളി ചേട്ടനെ (ജഗതി ശ്രീകുമാര്‍) കുഞ്ഞനാക്കി ഡാന്‍സ് ചെയ്യിക്കണം. എന്തു കഷ്ടപ്പാടായിരുന്നു അന്ന് അത് ചെയ്യാൻ. ഇന്നാണെങ്കില്‍ ഒരു കുഞ്ഞന്റെ ഫോട്ടോയും അമ്പിളി ചേട്ടന്റെ ഫോട്ടോയും കൊടുത്താല്‍ എന്ത് ഡാന്‍സ് വേണമെങ്കിലും നമുക്ക് ജഗതി ശ്രീകുമാറിനെക്കൊണ്ട് കളിപ്പിക്കാം. സാധ്യതകള്‍ നമ്മൾ ഉദ്ദേശിക്കുന്നതിനേക്കാള്‍ അപ്പുറത്താണ്.
ഇത്തരം ഡ്രീമുമായി സിനിമയിലേക്ക് വന്നയാളാണ് ഞാൻ. ‘അതിശയൻ’ എന്നൊരു സിനിമ ഞാൻ മലയാളത്തിൽ കൊണ്ടുവന്നു. ‘ഹള്‍ക്ക്’ പോലെ കൊച്ചുകുട്ടി വലുതാകുന്ന കണ്‍സെപ്റ്റ് ആയിരുന്നു ‘അതിശയന്റേ’ത്. ആറു മാസം കൊണ്ട് സിനിമ റിലീസ് ചെയ്യണമെന്ന് നിർമാതാവ് എന്നോട് പറഞ്ഞു. അന്നൊക്കെ ഒരു ഹോളിവുഡ് പടം എത്രയോ വര്‍ഷം എടുത്താണ് ചെയ്യുന്നത്. നമ്മുടെ നാട്ടില്‍ ചെറിയ ബജറ്റിങ്ങും റിലീസ് ടൈമുമൊക്കെയുണ്ടല്ലോ. അതുകൊണ്ട് ഞാന്‍ ഉദ്ദേശിച്ച തരത്തിലുള്ള ഗ്രാഫിക്‌സ് ആ സിനിമയിൽ വന്നില്ല.
ബോയ്ഫ്രണ്ട്’ എന്ന ചിത്രത്തില്‍ മമ്മൂട്ടിയേയും മോഹന്‍ലാലിനേയും സിജിഐയില്‍ കൂടി അവതരിപ്പിച്ചു. അന്ന് വലിയ പ്രശ്‌നമായി. എന്നെ ഒന്നോ രണ്ടോ വര്‍ഷം അവര്‍ വിലക്കിവച്ചു. ഇന്ന് ആര്‍ക്കും ആരെയും ഉണ്ടാക്കാം എന്ന സ്ഥിതിയിലെത്തി. ഇന്ന് മമ്മൂക്കയ്ക്കും മോഹന്‍ലാലിനുമൊക്കെ ഒരു വര്‍ഷം 100 പടത്തിനൊക്കെ ഡേറ്റ് കൊടുക്കാം. ചിത്രങ്ങൾ കൊടുത്താല്‍ മതി. അവര്‍ ഇതുവരെ ചെയ്തതിനേക്കാള്‍ വലിയ എക്‌സ്പ്രഷന്‍സോടെ അഭിനയിക്കും, ആക്ഷന്‍ ചെയ്യും. ഇത്തരം സിനിമകൾക്കായിരിക്കും ഇനി സാധ്യതയുണ്ടാവുക. എഐയുടെ കാലമാണ്. നമുക്ക് മികച്ച അഭിനേതാക്കളുണ്ട്. പക്ഷെ, അവര്‍ ചെയ്തിട്ടുള്ള അഭിനയത്തിന് മുകളിലുള്ള എക്‌സ്പ്രഷന്‍സ് കണ്ടാല്‍ നമുക്ക് ഞെട്ടിയല്ലേ പറ്റത്തുള്ളൂ. ആ ഒരു കാലമാണ് വരുന്നത്. അതുകൊണ്ട് വലിയ ജാഡകള്‍ ഒന്നും ആര്‍ക്കും കാണിക്കാന്‍ പറ്റില്ല. അതിനുമുകളില്‍ കാണിക്കുന്ന, വിരല്‍ത്തുമ്പില്‍ ഇതൊക്കെ എടുക്കാന്‍ പറ്റുന്ന ടെക്‌നീഷ്യന്‍സിന്റെ നാളുകളാണ് സിനിമയിലും ടെക്‌നോളജിയിലും വരാൻപോകുന്നതെന്നും അദ്ദേഹം പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
