സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായ അഖില്‍ എന്‍.ആര്‍.ഡിയില്‍ നിന്ന് മുന്‍പ് തനിക്കുണ്ടായ കടുത്ത മാനസിക വിഷമങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് മുന്‍ ബിഗ് ബോസ് താരം ഏയ്ഞ്ചലിന്‍ മരിയ. അഖിലിന്റെ ദാമ്പത്യ ജീവിതവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പുകയുന്നതിനിടയിലാണ് താരം സ്വന്തം അനുഭവം പങ്കുവെച്ച് രംഗത്തെത്തിയത്.
അഖിലിന്റെ യൂട്യൂബ് ചാനലിലെ സ്ഥിരം സബ്‌സ്‌ക്രൈബറും ഫോളോവറുമായിരുന്നു താനെന്ന് ഏയ്ഞ്ചലിന്‍ പറയുന്നു. എന്നാല്‍ തന്റെ മാനസികാരോഗ്യ അവസ്ഥയെ അഖില്‍ പരസ്യമായി പരിഹസിക്കുകയായിരുന്നു. ഒബ്‌സസീവ് കമ്പള്‍സീവ് ഡിസോര്‍ഡര്‍, അണുക്കളോടും അഴുക്കിനോടുമുള്ള അമിത ഭയമായ മൈസോഫോബിയ എന്നീ അവസ്ഥകള്‍ കാരണം 2019 മുതല്‍ താന്‍ ചികിത്സയിലാണ്. തന്റെ ഈ രോഗാവസ്ഥയെ അപഹസിച്ചുകൊണ്ട് അഖില്‍ ചെയ്ത വീഡിയോ കണ്ടത് തനിക്ക് താങ്ങാനാവുന്നതിലും വലിയ ആഘാതമായിരുന്നെന്നും, അന്ന് ഉറങ്ങാന്‍ പോലും കഴിയാതെ കരഞ്ഞിട്ടുണ്ടെന്നും ഏയ്ഞ്ചലിന്‍ വെളിപ്പെടുത്തി.
താന്‍ മുന്‍പ് അനുഭവിച്ച അതേ മാനസിക വിഷമത്തിലൂടെയാണ് അഖില്‍ ഇപ്പോള്‍ കടന്നുപോകുന്നതെന്നും, 'ഇതാണ് കര്‍മ' എന്നും ഏയ്ഞ്ചലിന്‍ കൂട്ടിച്ചേര്‍ത്തു.
ഏയ്ഞ്ചലിന്‍ മരിയ പങ്കുവച്ച കുറിപ്പുകള്‍:
''നിരവധി കണ്ടന്റ് ക്രിയേറ്റര്‍മാര്‍ പല രീതിയില്‍ എന്നെ ട്രോളിയിട്ടുണ്ട്, അത് കാണുന്നത് ഞാന്‍ ആസ്വദിക്കാറുമുണ്ട്. എന്നാല്‍ നിങ്ങള്‍ ചെയ്തത് കടുത്ത ക്രൂരതയാണ്. ഞാന്‍ മാത്രമല്ല, ഒസിഡി മൂലം പ്രയാസപ്പെടുന്ന നിരവധിയാളുകള്‍ ഉണ്ട്. മരുന്നുകളും കുത്തിവെപ്പുകളുമായി സ്വന്തം ജീവിതത്തോട് പൊരുതി മുന്നേറാന്‍ അവര്‍ ഏറെ ശ്രമിക്കുന്നുണ്ട്...
ഒരാളുടെ ആരോഗ്യ അവസ്ഥയെ (മാനസികവും ശാരീരികവുമായ) വിറ്റ് കാശാക്കുമ്പോള്‍ ഓര്‍ക്കുക, നാളെ നിന്റെ മോശം അവസ്ഥയെ വെച്ച് മറ്റുള്ളവര്‍ കാശാക്കും... ജീവിതത്തില്‍ കുറച്ചെങ്കിലും തിരിച്ചറിവുണ്ടാകൂ ബ്രോ...
ഞാന്‍ യൂട്യൂബില്‍ കണ്ടന്റ് ക്രിയേറ്ററായ അഖില്‍ എന്‍ആര്‍ഡിയുടെ ഒരു സബ്‌സ്‌ക്രൈബറും ഇന്‍സ്റ്റാഗ്രാം ഫോളോവറുമായിരുന്നു; എന്നെക്കുറിച്ച് അദ്ദേഹം യൂട്യൂബില്‍ പങ്കുവച്ച വിഡിയോ കാണുന്നത് വരെ. ആ വിഡിയോയിലെ ഒരൊറ്റ കാര്യമൊഴികെ ബാക്കിയെല്ലാം ഞാന്‍ ആസ്വദിച്ചിരുന്നു, ഒബ്‌സസീവ് കമ്പള്‍സീവ് ഡിസോര്‍ഡര്‍ , ഇതിനെക്കുറിച്ച് ഗൂഗിളില്‍ തിരഞ്ഞു നോക്കൂ... 2019 മുതല്‍ ഞാന്‍ ഇതിനായി ചികിത്സയിലാണ്. എന്നെപ്പോലെ തന്നെ സമാനമായ ലക്ഷണങ്ങളുള്ള, പ്രത്യേകിച്ച് മൈസോഫോബിയ അഴുക്കിനോടും അണുക്കളോടുമുള്ള അമിത ഭയം, നിരവധി ഒസിഡി രോഗികളുണ്ട്.
ഒരു കണ്ടന്റ് ഉണ്ടാക്കുന്നത് ശരിയാണ്, എന്നാല്‍ ഒരാളുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് കണ്ടന്റ് ഉണ്ടാക്കുന്നത് നല്ല കാര്യവുമല്ല, അത് ക്രൂരതയാണ്. ആ വിഡിയോ കണ്ടതിന് ശേഷം ഞാന്‍ ഒരുപാട് കരഞ്ഞു, ഉറങ്ങാന്‍ പോലും പ്രയാസപ്പെട്ടു... നിങ്ങള്‍ കാരണം ഞാന്‍ വൈകാരികമായി കടുത്ത വേദനയിലൂടെയാണ് കടന്നുപോയത്. ആ ഘട്ടത്തില്‍ ഞാന്‍ കര്‍മയില്‍ വിശ്വസിച്ചു. അതേ, എന്നെങ്കിലും നിങ്ങള്‍ എന്നെപ്പോലെ ഇതേ ഘട്ടത്തിലൂടെ കടന്നുപോകണമെന്ന് ഞാന്‍ ആഗ്രഹിച്ചു. സാഹചര്യം എന്തായാലും, ഈ അടുത്ത ദിവസങ്ങളില്‍ നിങ്ങള്‍ വൈകാരികമായി തകര്‍ന്നിരിക്കുകയാണെന്ന് ഞാന്‍ അറിഞ്ഞു. നിങ്ങള്‍ കാരണം ഞാന്‍ അനുഭവിച്ചത് തന്നെയാണ് ഇത്, ഇതാണ് കര്‍മ.
കടലിലേക്ക് ഒരു കല്ലെറിയുമ്പോള്‍ ആ കല്ല് എത്ര ആഴത്തിലേക്കാണ് താഴേക്ക് പതിക്കുന്നതെന്ന് നിങ്ങള്‍ക്കറിയില്ല... ഇത്തരം കണ്ടന്റുകള്‍ ഉണ്ടാക്കുന്നതിന് മുന്‍പ് ദയവായി ചിന്തിക്കൂ. ഞാന്‍ അഖിലിന്റെ എക്‌സോ വൈയോ അല്ല. എന്റെ സ്റ്റോറി കൃത്യമായി വായിച്ചു നോക്കൂ. ഞാനയാള്‍ക്കെതിരെ ഒരു മോശവും ചെയ്തിട്ടില്ല. അയാളുടെ കര്‍മയാണ് ഇത് ചെയ്തത്.'' ഏയ്ഞ്ചലിന്‍ മരിയ കുറിച്ചു.
ഈ പോസ്റ്റിന് പിന്നാലെ തനിക്ക് വന്ന സൈബര്‍ അധിക്ഷേപത്തിന്റെ സ്‌ക്രീന്‍ഷോട്ടും എയ്ഞ്ചല്‍ പങ്കുവെച്ചു. 'ഉളുപ്പില്ലേ നിങ്ങള്‍ക്ക്..' എന്ന് ചോദിച്ച ഫേക്ക് അക്കൗണ്ടിന് കടുത്ത ഭാഷയിലാണ് താരം മറുപടി നല്‍കിയത്.
''ബ്രോ, ആദ്യം പുള്ളിയോട് പോയി പറയ്, ലേശം ഉളുപ്പുണ്ടെങ്കില്‍ ആ വിഡിയോയിലൂടെ കിട്ടിയ വരുമാനം പാവങ്ങള്‍ക്ക് കൊടുക്കാന്‍, എന്നിട്ട് അത് റിമൂവ് ചെയ്യാന്‍. മനസ്സിലായോ... ഫേക്ക് അക്കൗണ്ട്.''.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
