ബെംഗളൂരു: ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ടോക്സികിലെ ഇന്റിമേറ്റ് രംഗങ്ങളെക്കുറിച്ചും ഭാര്യയും നടിയുമായ രാധിക പണ്ഡിറ്റിന്റെ പ്രതികരണത്തെക്കുറിച്ചും തുറന്നുപറഞ്ഞ് കന്നഡ സൂപ്പർതാരം യഷ്. ഇത്തരം രംഗങ്ങൾ കാണുമ്പോൾ പങ്കാളിക്ക് അസ്വസ്ഥത തോന്നുന്നത് സ്വാഭാവികമാണെന്നും എന്നാൽ അഭിനേതാവിനെയും കഥാപാത്രത്തെയും വേർതിരിച്ച് കാണാനുള്ള പക്വത രാധികയ്ക്കുണ്ടെന്നും യഷ് പറഞ്ഞു. ‘ആപ് കി അദാലത്ത്’ എന്ന അഭിമുഖ പരിപാടിയിലായിരുന്നു പ്രതികരണം.
സിനിമയിലെ ഇത്തരം രംഗങ്ങൾ കാണുമ്പോൾ ഏതൊരു പങ്കാളിക്കും അസ്വസ്ഥത തോന്നാമെന്ന് യഷ് സമ്മതിച്ചു. രാധികയ്ക്കും അതിൽ പൂർണമായി സന്തോഷമുണ്ടാകില്ല. എന്നാൽ സിനിമയുടെ കഥ ആവശ്യപ്പെടുന്ന രംഗങ്ങളാണെങ്കിൽ അവയെ കലയുടെ ഭാഗമായി കാണേണ്ടതുണ്ടെന്നും യഷ് വ്യക്തമാക്കി.
ഒരു അഭിനേതാവ് എന്ന നിലയിൽ താനും ഇത്തരം രംഗങ്ങളിലൂടെ തന്റെ സുരക്ഷിതമായ പരിധിക്ക് പുറത്തേക്ക് കടന്നാണ് അഭിനയിച്ചതെന്ന് യഷ് പറഞ്ഞു. രാധികയും അഭിനേത്രിയായതിനാൽ ക്യാമറയ്ക്ക് മുന്നിൽ കാണുന്നത് തന്റെ ഭർത്താവിനെയല്ല, ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടനെയാണെന്ന് മനസ്സിലാക്കാൻ അവർക്ക് കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇരുവരും തമ്മിലുള്ള പരസ്പര വിശ്വാസവും ഇതിന് പ്രധാനമാണെന്നും യഷ് വ്യക്തമാക്കി.
ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ‘ടോക്സിക്’ യഷിനെ കേന്ദ്രകഥാപാത്രമാക്കിയുള്ള ആക്ഷൻ ചിത്രമാണ്. ചിത്രത്തിൽ യഷ് ഇരട്ട വേഷത്തിലെത്തുമെന്നാണ് റിപ്പോർട്ടുകൾ. കിയാര അദ്വാനി, നയൻതാര, ഹുമ ഖുറേഷി, രുക്മിണി വസന്ത്, താര സുതാര്യ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
യഷും ഗീതു മോഹൻദാസും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. കന്നഡയ്ക്കും ഇംഗ്ലീഷിനും പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം തുടങ്ങിയ ഭാഷകളിലേക്കും ചിത്രം എത്തും. ആഗോള പ്രേക്ഷകരെ ലക്ഷ്യമിട്ടാണ് സിനിമ ഒരുക്കിയിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
