ഗർഭിണിയാണെന്ന വാർത്ത വ്യാജമാണെന്ന് ആരോപിച്ച് പരിഹസിച്ചവർക്കെതിരെ ശക്തമായ മറുപടിയുമായി നടി ആൻ ഹാതവേ. ‘ദി എൻഡ് ഓഫ് ഓക്ക് സ്ട്രീറ്റ്’ എന്ന ചിത്രത്തിന്റെ പ്രദർശനച്ചടങ്ങിൽ അതീവ സുന്ദരിയായി ചുവന്ന പരവതാനിയിൽ എത്തിയ താരത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. എന്നാൽ ഇതിന് പിന്നാലെ ഒരു വിഭാഗം ആളുകൾ ആൻ ഹാതവേയുടെ ഗർഭധാരണത്തെ ചോദ്യം ചെയ്യുകയായിരുന്നു.
ആൻ ഹാതവേയുടെ വയറിന്റെ ദൃശ്യങ്ങൾ പങ്കുവെച്ച ഒരു ഉപയോക്താവ് ഗർഭം വ്യാജമാണെന്ന് തോന്നുന്നതായി പരിഹസിച്ചു. ഇതിന് സമാനമായ പ്രതികരണവുമായി മറ്റൊരാളും രംഗത്തെത്തി. വിമർശനങ്ങൾ ശക്തമായതോടെ അധികം വൈകാതെ തന്നെ ആൻ ഹാതവേ കൃത്യമായ മറുപടി നൽകുകയായിരുന്നു.
വസ്ത്രധാരണത്തിന് പിന്നിലെ ഒരുക്കങ്ങളുടെ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ പങ്കുവെച്ചുകൊണ്ടാണ് താരം പരിഹസിച്ചവർക്ക് മറുപടി നൽകിയത്. “മുടി വ്യാജം, വയറ്റിലെ കുഞ്ഞ് യാഥാർഥ്യം” എന്നായിരുന്നു ആൻ ഹാതവേയുടെ കുറിപ്പ്. ചടങ്ങിനിടയിലെ ചൂടും തിരക്കുമെല്ലാം ഉൾപ്പെടുന്ന രസകരമായ ദൃശ്യങ്ങളും താരം പങ്കുവെച്ചിരുന്നു.
ഭർത്താവ് ആദം ഷുൽമാനുമൊത്ത് മൂന്നാമത്തെ കുഞ്ഞിനെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് ആൻ ഹാതവേ. ഇവർക്ക് ജോനാഥൻ എന്ന പത്തുവയസ്സുകാരനും ജാക്ക് എന്ന ആറുവയസ്സുകാരനും രണ്ട് ആൺമക്കളുണ്ട്. 2012ലായിരുന്നു ആൻ ഹാതവേയും ആദം ഷുൽമാനും വിവാഹിതരായത്. 2016ൽ ആദ്യ മകൻ ജോനാഥനും 2019ൽ രണ്ടാമത്തെ മകൻ ജാക്കും ജനിച്ചു.
മക്കൾക്കൊപ്പമുള്ള ഇപ്പോഴത്തെ ജീവിതഘട്ടം ഏറെ സന്തോഷകരമാണെന്നും എല്ലാവരും ഒരുമിച്ച് സമയം ചെലവഴിക്കുന്നത് വളരെയധികം ആസ്വദിക്കുന്നുണ്ടെന്നും താരം പറഞ്ഞു.മക്കളോടുള്ള സ്നേഹം എന്നും നിലനിൽക്കുമെങ്കിലും, വളരുന്നതിനനുസരിച്ച് മാതാപിതാക്കളോടുള്ള അവരുടെ സമീപനത്തിൽ മാറ്റങ്ങൾ ഉണ്ടായേക്കാമെന്നും ആൻ ഹാതവേ അഭിപ്രായപ്പെട്ടു. ഭർത്താവിനൊപ്പം മക്കളോടൊപ്പമുള്ള ഈ കാലഘട്ടം പൂർണമായി ആസ്വദിക്കുകയാണെന്നും, താൻ ഏറെ സ്വപ്നം കണ്ട നഗരത്തിൽ കുടുംബത്തോടൊപ്പം സന്തോഷകരമായ ജീവിതം നയിക്കുകയാണെന്നും താരം വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
