ജീവന്‍ രക്ഷിച്ചത് റിസ്‌ക് അസസ്മെന്റ് സ്‌കോര്‍: കാന്‍സര്‍ പോരാട്ടത്തെക്കുറിച്ചും ആരോഗ്യസ്ഥിതിയെക്കുറിച്ചും മനസ്സ് തുറന്ന് നടി ഒലിവിയ മണ്‍

AUGUST 14, 2026, 10:18 AM

താന്‍ നേരിട്ട സ്തനാര്‍ബുദ പോരാട്ടത്തെക്കുറിച്ചും നിലവിലെ ആരോഗ്യസ്ഥിതിയെക്കുറിച്ചും ഇന്‍സ്റ്റാഗ്രാമിലൂടെ തുറന്ന് പറഞ്ഞ് ഹോളിവുഡ് നടി ഒലിവിയ മണ്‍. ചികിത്സകള്‍ക്ക് ശേഷം താന്നിപ്പോള്‍ ആരോഗ്യം വീണ്ടെടുത്തു വരികയാണെന്ന് ഒലിവിയ പറഞ്ഞു. കാന്‍സറിനെതിരെയുള്ള ഈ പോരാട്ടത്തില്‍ ചില ദിവസങ്ങള്‍ വളരെ മികച്ചതായി തോന്നുമ്പോള്‍ മറ്റു ചിലപ്പോള്‍ കാര്യങ്ങള്‍ ഏറെ കഠിനമായി മാറാറുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. രോഗം ആദ്യഘട്ടത്തില്‍ തന്നെ തിരിച്ചറിയാനും കൃത്യസമയത്ത് ചികിത്സ നേടാനും കഴിഞ്ഞതാണ് തനിക്ക് തുണയായത്.

2023 ലാണ് ഒലിവിയക്ക് സ്തനാര്‍ബുദം സ്ഥിരീകരിക്കുന്നത്. ജനറ്റിക് പരിശോധനകളില്‍ 90-ഓളം കാന്‍സര്‍ ജീനുകള്‍ക്കും, പ്രശസ്തമായ BRCAജീനിനും നെഗറ്റീവ് ഫലമാണ് ലഭിച്ചിരുന്നത്. എന്നാല്‍ ഡോ. തായിസ് അലിയാബാദിയുടെ നിര്‍ദ്ദേശപ്രകാരം ബ്രെസ്റ്റ് കാന്‍സര്‍ റിസ്‌ക് അസസ്മെന്റ് സ്‌കോര്‍ പരിശോധിച്ചതാണ് തന്റെ ജീവന്‍ രക്ഷിച്ചതെന്ന് ഒലിവിയ പറയുന്നു. പ്രായം, കുടുംബത്തിലെ കാന്‍സര്‍ ചരിത്രം, ആദ്യ പ്രസവം നടന്ന പ്രായം എന്നിവ കണക്കാക്കിയുള്ള പരിശോധനയില്‍ ഒലിവിയക്ക് 37 ശതമാനം രോഗസാധ്യതയുണ്ടെന്ന് വ്യക്തമായി. തുടര്‍ന്ന് നടത്തിയ എം.ആര്‍.ഐ, അള്‍ട്രാസൗണ്ട് സ്‌കാനിങ്, ബയോപ്‌സി എന്നിവയിലൂടെ ഇരുസ്തനങ്ങളിലും വേഗത്തില്‍ പടരുന്ന ലൂമിനല്‍ ബി കാന്‍സറാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.

ബയോപ്‌സി കഴിഞ്ഞ് മുപ്പത് ദിവസത്തിനുള്ളില്‍ ഇരുസ്തനങ്ങളും നീക്കം ചെയ്തു. മുപ്പത് വയസ്സ് കഴിഞ്ഞ എല്ലാ സ്ത്രീകളും ഡോക്ടറെ കണ്ട് ഈ റിസ്‌ക് അസസ്മെന്റ് പരിശോധന നടത്തണമെന്നും, രോഗസാധ്യത ഇരുപത് ശതമാനത്തില്‍ കൂടുതലാണെങ്കില്‍ വര്‍ഷത്തിലൊരിക്കല്‍ മാമോഗ്രാമും എം.ആര്‍.ഐയും ചെയ്യണമെന്നും നടി ഓര്‍മ്മിപ്പിക്കുന്നു.

സ്ത്രീകളില്‍ സ്തനാര്‍ബുദ സാധ്യത എത്രത്തോളമുണ്ടെന്ന് വിലയിരുത്തുന്ന സംവിധാനമാണ് ബ്രെസ്റ്റ് കാന്‍സര്‍ റിസ്‌ക് അസസ്മെന്റ് ടെസ്റ്റ്. നാഷണല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചോദ്യാവലി അടിസ്ഥാനമാക്കി പ്രായം, ആര്‍ത്തവ പ്രായം, കുടുംബ ചരിത്രം, പ്രത്യുത്പാദന വിവരങ്ങള്‍, മുന്‍കാല ബയോപ്‌സി ഫലങ്ങള്‍, മദ്യപാനശീലം, ശാരീരിക അധ്വാനം തുടങ്ങിയ വിവരങ്ങള്‍ പരിശോധിച്ചാണ് ഈ സ്‌കോര്‍ നിശ്ചയിക്കുന്നത്. ഒരു നിശ്ചിത കാലയളവിനുള്ളില്‍ രോഗം വരാനുള്ള സാധ്യത വ്യക്തമാക്കാന്‍ ഇതിലൂടെ സാധിക്കും.

സ്തനാര്‍ബുദം ആരംഭദശയില്‍ തന്നെ സ്വയം പരിശോധനയിലൂടെ കണ്ടുപിടിക്കാന്‍ സാധിക്കുമെന്നത് ഈ രോഗത്തെ മറ്റുള്ളവയില്‍ നിന്ന് വ്യത്യസ്തമാക്കുന്നു. കൃത്യമായ മാസമുറയുള്ളവര്‍ അത് കഴിഞ്ഞ ഉടനെയും, അല്ലാത്തവര്‍ മാസംതോറുമുള്ള നിശ്ചിത ഇടവേളകളിലും സ്വയം പരിശോധന നടത്തണം. കണ്ണാടിയുടെ മുന്നില്‍ നിന്ന് മാറിടങ്ങളുടെ വലിപ്പ വ്യത്യാസം, മുലക്കണ്ണുകളിലെ മാറ്റങ്ങള്‍, കക്ഷങ്ങളിലെയും മാറിടങ്ങളിലെയും പ്രകടമായ മുഴകള്‍, നിറവ്യത്യാസങ്ങള്‍ എന്നിവ നിരീക്ഷിക്കേണ്ടതുണ്ട്. കൈയുടെ പ്രതലം ഉപയോഗിച്ച് പരിശോധിക്കുമ്പോള്‍ വളരെ ചെറിയ മുഴകളും സ്രവങ്ങളും കണ്ടുപിടിക്കാന്‍ സാധിക്കും. ആദ്യ രണ്ട് ഘട്ടങ്ങളില്‍ തന്നെ കണ്ടുപിടിച്ചാല്‍ സ്തനാര്‍ബുദം പൂര്‍ണ്ണമായും ഭേദമാക്കാന്‍ കഴിയും. ഇത് വഴി സ്തനം മുഴുവനായി നീക്കം ചെയ്യുന്ന ശസ്ത്രക്രിയ ഒഴിവാക്കാനും കീമോതെറാപ്പി, റേഡിയേഷന്‍ എന്നിവയുടെ ആവശ്യകതയും അളവും കുറയ്ക്കാനും സാധിക്കും.

മാറിടങ്ങളില്‍ കാണുന്ന എണ്‍പത് ശതമാനം മുഴകളും കാന്‍സര്‍ ആകണമെന്നില്ലെങ്കിലും, ഒരു സര്‍ജനെ കണ്ട് അത് കാന്‍സര്‍ അല്ലെന്ന് ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണ്. വേദനയില്ലാത്ത മുഴകളെ നിസ്സാരമായി കാണുന്ന പ്രവണത രോഗം സങ്കീര്‍ണ്ണമാക്കും. രോഗനിര്‍ണ്ണയത്തിനായി ക്ലിനിക്കല്‍ എക്‌സാമിനേഷന്‍, മാമോഗ്രാം, അള്‍ട്രാസൗണ്ട്, എം.ആര്‍.ഐ, സി.ടി സ്‌കാന്‍ എന്നിവയും ടിഷ്യൂ പരിശോധനയ്ക്കായി എഫ്.എന്‍.എ.സി, കോര്‍ ബയോപ്‌സി തുടങ്ങിയ മാര്‍ഗ്ഗങ്ങളും ലഭ്യമാണ്.

ജനറല്‍ സര്‍ജന്‍, ഓങ്കോളജിസ്റ്റ്, പാത്തോളജിസ്റ്റ്, റേഡിയോളജിസ്റ്റ്, മാനസിക സമ്മര്‍ദ്ദങ്ങള്‍ കുറയ്ക്കാന്‍ സൈക്യാട്രിസ്റ്റ് എന്നിവരടങ്ങുന്ന ഒരു കൂട്ടായ്മയിലൂടെയാണ് സ്തനാര്‍ബുദ ചികിത്സ വിജയകരമായി പൂര്‍ത്തിയാക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam