തനിക്കും കുടുംബത്തിനുമെതിരെ സംഘടിതമായി നടക്കുന്ന സൈബർ ആക്രമണത്തിൽ വികാരഭരിതനായി നടൻ ശിവകാർത്തികേയൻ. വിജയ് നായകനായ 'ജനനായകനു'മായി ക്ലാഷ് റിലീസിനൊരുങ്ങുന്ന 'പരാശക്തി'യുടെ ഓഡിയോ ലോഞ്ചിലാണ് ശിവകാർത്തികേയൻ ആരോപണം ഉന്നയിച്ചത്.
''സോഷ്യൽ മീഡിയയിൽ പണം നൽകിയുള്ള സൈബർ ആക്രമണങ്ങൾ ഞാൻ നേരിട്ടിട്ടുണ്ട്. അവർക്ക് സാധാരണയായി ഒരു അജണ്ട ഉണ്ടായിരിക്കും, അവർ എന്തെങ്കിലും നെഗറ്റീവ് കാര്യങ്ങൾ പ്രചരിപ്പിക്കാൻ ആഗ്രഹിക്കുന്നു. എന്നാൽ ഇത്തവണ അവർ കുറച്ചുകൂടി മുന്നോട്ട് പോയി. എന്റെ കുടുംബത്തെയും അതിൽ വലിച്ചിഴച്ചു''- ശിവകാർത്തികേയൻ പറഞ്ഞു.
'ഇതുകണ്ട അമ്മ, എന്നെ പിന്തുണയ്ക്കാൻ ആരുണ്ടെന്ന് ചോദിച്ചു. എന്നാൽ, ഇപ്പോൾ എനിക്ക് അമ്മയോട് പറയാനുള്ളത് എനിക്കൊപ്പം ലക്ഷക്കണക്കിന് ആളുകളുണ്ടെന്നാണ്', നടന്റെ വാക്കുകൾ കേട്ട് ആരാധകർ ആർത്തുവിളിച്ചപ്പോൾ അമ്മ രാജി പുഞ്ചിരിക്കാൻ ശ്രമിച്ചു. പരിപാടിക്കെത്തിയ വിജയ് ഫാൻസ് പല തവണ തമിഴക വെട്രി കഴകം (ടിവികെ) മുദ്രാവാക്യങ്ങൾ മുഴക്കി. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വൈറലാണ്. 'പരാശക്തി', 'ജനനായകനു'മായി ക്ലാഷ് റിലീസ് വെക്കുന്നതിനുമുമ്പ് വിജയ്‌യോട് സംസാരിച്ചിരുന്നുവെന്നും പരിപാടിയിൽ ശിവകാർത്തികേയൻ പറഞ്ഞു.
സുധ കൊങ്ങര സംവിധാനം ചെയ്ത പരാശക്തിയിൽ ശിവകാർത്തികേയൻ, ശ്രീലീല, രവി മോഹൻ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. 1960-കളിലെ മദ്രാസിൽ ഹിന്ദി അടിച്ചേൽപ്പിക്കലിനെതിരെ തമിഴ്‌നാടിന്റെ ചെറുത്തുനിൽപ്പ് ചിത്രീകരിക്കുന്ന ചിത്രമാണിത്. ജനുവരി 10-ന് റിലീസ് ചെയ്യും. അതേസമയം, വിജയ്, മമിത ബൈജു, പൂജ ഹെഗ്‌ഡെ, ബോബി ഡിയോൾ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന എച്ച് വിനോദിന്റെ ജന നായകൻ ജനുവരി 9-ന് തിയേറ്ററുകളിലെത്തും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
